മാസപ്പടിക്കേസ്; പിണറായി വിജയൻ ഒന്നാം പ്രതി: വിജിലൻസ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തേക്കും
തിരുവനന്തപുരം: മാസപ്പടി ഇടപാടിൽ ഇഡി സമർപ്പിച്ച റിപ്പോർട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ വിജിലൻസിന് ഉടൻ കൈമാറും. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിനാവും റിപ്പോർട്ട് കൈമാറുക. ഇന്ന് തന്നെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് സാധ്യത. വിജിലൻസ് തിരുവനന്തപുരം സ്പെഷൽ യൂണിറ്റാണ് അന്വേഷണം നടത്തുക. പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാകും എഫ്ഐആർ.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ , മുഹമ്മദ് റിയാസ് എന്നിവരെ പ്രതികളാക്കും. അഴിമതി നിരോധന നിയമപ്രകാരമാകും കേസെടുക്കുക. പ്രാഥമിക അന്വേഷണത്തിനുശേഷം കേസെടുക്കാനായിരുന്നു പൊലീസിന്റെ തീരുമാനം. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവിട്ടത്. കേസെടുക്കാത്തതിനെതിരെ പൊതുപ്രവർത്തകനായ കെ എം ഷാജഹാനാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
കേസെടുക്കാൻ പര്യാപ്തമായ തെളിവുകൾ ഇഡി കൈമാറിയ കത്തിലുണ്ടെന്നും അതിനാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നും ഇഡി നിലപാടെടുത്തിരുന്നു. എന്നാൽ പ്രാഥമിക പരിശോധന നടത്താതെ കേസെടുക്കാനാവില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. എന്തുകൊണ്ട് എജി എഫ്ഐആർ ഇടുന്നില്ലെന്നായിരുന്നു കേസ് പരിഗണിക്കുന്ന ഘട്ടം മുതൽ തന്നെ കോടതി ചോദിച്ചത്. തുടർന്ന് സർക്കാരിന്റെ നിലപാട് തള്ളിക്കൊണ്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
