മാസപ്പടി കേസ്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് ഇഡി: പ്രത്യേകം ഇസിഐആർ തയ്യാറാക്കി
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും മുഹമ്മദ് റിയാസ് എംഎല്‍എയ്‌ക്കെതിരെയും പ്രത്യേകം ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം. വിജിലന്‍സ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് നടപടി. വിജിലന്‍സ് എഫ്‌ഐആറുകളുടെ പകര്‍പ്പ് ഇ ഡി ശേഖരിച്ചിട്ടുണ്ട്.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ച ആദ്യകേസില്‍ പിണറായി വിജയനും വീണ ടിയുമാണ് പ്രതികള്‍. റിയാസ് മന്ത്രിയായിരിക്കെ പണം വിദേശത്തേക്ക് കടത്തിയെന്നാണ് രണ്ടാമത്തെ കേസ്. ഇതില്‍ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്.
രണ്ട് കേസുകളും അന്വേഷിക്കാന്‍ രണ്ട് സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. കൈക്കൂലി കേസും കള്ളപ്പണ ഇടപാട് കേസും പ്രത്യേകം അന്വേഷിക്കാനാണ് തീരുമാനം. ഇഡിയോട് വിവരങ്ങള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കുമെന്നും വിവരമുണ്ട്. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്‍സ് എഫ്ഐആറില്‍ പറയുന്നത്. പിണറായി വിജയന്‍, വീണ, ശശിധരന്‍ കര്‍ത്ത എന്നിവര്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിലെ പരാമര്‍ശം. വ്യക്തിതാല്‍പര്യങ്ങള്‍ക്കായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്ഐആറിലുണ്ട്. വിജിലന്‍സ് എഫ്ഐആറിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു.
2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഒന്നാം പ്രതിയായ പിണറായി വിജയനും രണ്ടാം പ്രതിയായ ടി വീണയും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിലെ പരാമര്‍ശം. സേവനങ്ങള്‍ നല്‍കാതെ വീണ ടിയുടെ കമ്പനി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ഇതിനായി പിണറായി വിജയന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും ആരോപണമുണ്ട്. പിണറായി വിജയന്‍, വീണ ടി, എക്സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ശശിധരന്‍ കര്‍ത്ത, പി സുരേഷ് കുമാര്‍, സിഎംആര്‍എല്‍, എംപവേര്‍ഡ് ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍.
അതേസമയം സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ മുഹമ്മദ് റിയാസും വീണയും നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പിഴവുകള്‍ പരിഹരിക്കപ്പെട്ടാല്‍ പിണറായി വിജയന്‍ നല്‍കിയ അപ്പീലും ഇന്നുതന്നെ പരിഗണിക്കും.
