മാസപ്പടി കേസ്; പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ചോദ്യം ചെയ്യാൻ ഇഡി: സമന്സ് അയക്കും
കൊച്ചി: സിഎംആര്എല്- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും പി എ മുഹമ്മദ് റിയാസ് എംഎല്എയെയും ചോദ്യം ചെയ്യാന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഉടന് സമന്സ് നല്കാനാണ് നീക്കം. ഇരുവരുടെയും സാമ്പത്തിക ഇടപാടുകളിലും വിശദമായ പരിശോധന നടക്കും. വിജിലന്സ് കേസിന്റെ തുടര്ച്ചയായി കഴിഞ്ഞ ദിവസമായിരുന്നു ഇ ഡി രണ്ട് ഇസിഐആറുകള് രജിസ്റ്റര് ചെയ്തത്.
പുതിയ ഇസിഐആറുകള് രജിസ്റ്റര് ചെയ്ത സാഹചര്യത്തില് വീണ ടി യെ വീണ്ടും ചോദ്യം ചെയ്താന് വിളിപ്പിച്ചേക്കുമെന്നാണ് വിവരം. മാത്രമല്ല റിയാസിന്റെ സുഹൃത്തുക്കളുടെ ചോദ്യം ചെയ്യലിലേക്ക് കടക്കാമെന്നും ഇ ഡി വിലയിരുത്തുന്നു. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല യോഗത്തിന് പിന്നാലെയായിരുന്നു പിണറായിക്കും റിയാസിനും എതിരെ ഇസിഐആര് രജിസ്റ്റര് ചെയ്തത്. വിജിലന്സ് കേസ് എടുത്തതിന് പിന്നാലെ എഫ്ഐആറിലെ വിവരങ്ങള് തേടി ഇഡി വിജിലന്സിനെ സമീപിച്ചിരുന്നു. പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
എസ്എഫ്ഐഒ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ഇസിഐആര് രജിസ്റ്റര് ചെയ്തായിരുന്നു ആദ്യം സിഎംആര്എല്- എക്സാലോജിക് കേസില് ഇ ഡി അന്വേഷണം ആരംഭിച്ചത്. ഈ കേസില് പിണറായിയോ റിയാസോ പ്രതികളായിരുന്നില്ല. ഈ കേസിലെ അന്വേഷണത്തിന് പിന്നാലെയാണ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ എഫ്ഐആര് ഇടണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സംസ്ഥാന ഡിജിപിക്ക് കത്ത് നല്കിയത്. എന്നാല് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പ്രാഥമിക അന്വേഷണം നടത്താനായിരുന്നു സംസ്ഥാന സര്ക്കാരിന്റെ തീരുമാനം. എന്നാല് ഇതിനെതിരെ പൊതുപ്രവര്ത്തകനായ കെ എം ഷാജഹാന് ഹൈക്കോടതിയില് നല്കിയ ഹര്ജിയുടെ അടിസ്ഥാനത്തില് ഇ ഡി കത്തിന്റെ അടിസ്ഥാനത്തില് എഫ്ഐആര് രജിസ്റ്റര് ചെയ്യാന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച സര്ക്കാര് ഉത്തരവും ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന വിജിലന്സ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ എഫ്ഐആര് രജിസ്റ്റര് ചെയതത്. രണ്ട് കേസുകളാണ് വിജിലന്സ് രജിസ്റ്റര് ചെയ്തത്. സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ച ആദ്യകേസില് പിണറായി വിജയനും വീണ ടിയുമാണ് പ്രതികള്. റിയാസ് മന്ത്രിയായിരിക്കെ പണം വിദേശത്തേക്ക് കടത്തിയെന്നാണ് രണ്ടാമത്തെ കേസ്. ഇതില് റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. റിയാസിന്റെ സുഹൃത്തുക്കളും ഈ കേസില് പ്രതികളാണ്.
അന്വേഷണത്തിന് ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘത്തെ വിജിലന്സ് രൂപീകരിച്ചത്. രണ്ട് കേസുകളും രണ്ട് എസ്ഐടി സംഘങ്ങളാണ് അന്വേഷിക്കുന്നത്. പിണറായി വിജയന് പ്രതിയായ കേസ് എസ്പി ഇ എല് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുക. പി എ മുഹമ്മദ് റിയാസ് പ്രതിയായ കേസിന്റെ അന്വേഷണം എസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലാകും നടക്കുക. വിജിലന്സിന്റെ പ്രത്യേക വിഭാഗമാണ് ആദ്യത്തെ കേസ് അന്വേഷിക്കുന്നത്. രണ്ടാമത്തെ കേസ് അന്വേഷിക്കുന്നത് കോഴിക്കോട് പ്രത്യേക വിജിലന്സ് സെല്ലുമാകും. വിജിലന്സ് ഐജിയുടെ മേല്നോട്ടത്തിലാകും അന്വേഷണം നടത്തുക. സിഎംആര്എല്-എക്സാലോജിക് ഇടപാടില് പിണറായി വിജയന് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്സ് എഫ്ഐആറില് പറയുന്നത്. പിണറായി വിജയന്, വീണ, ശശിധരന് കര്ത്ത എന്നിവര് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിലെ പരാമര്ശം.
സെപ്റ്റംബര് എട്ടാം തീയതിയായിരുന്നു സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാടില് ഡിജിപിക്ക് ഇ ഡി കത്ത് നല്കിയത്. കത്തില് പിണറായി വിജയന്, വീണ ടി, മുന് മന്ത്രിയും എംഎല്എയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്ക്കെതിരെ ഗുരുതര പരാമര്ശമായിരുന്നു ഉണ്ടായിരുന്നത്. വീണ വഴി പിണറായി വിജയന് 3.28 കോടി രൂപ സിഎംആര്എല്ലില് നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കത്തില് പറഞ്ഞിരുന്നത്. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകള് വഴിയും ദുബായിലേക്ക് അയച്ചുവെന്നും കത്തില് പറഞ്ഞിരുന്നു. കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ പിതാവ് പിണറായി വിജയനെയും ഭര്ത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തിലുണ്ടായിരുന്നു.
ഇടപാടുകള്ക്കായി എക്സാലോജിക് സൊല്യൂഷന്സ് വാഹനം ഉപയോഗിച്ചു, സിഎംആര്എല് എം ഡി കൈക്കൂലി പണം നല്കി, സിഎംആര്എല് മുന് ചീഫ് ഫിനാന്ഷ്യല് ഓഫീസര് പി സുരേഷ് കുമാര് കൈക്കൂലി ഇടപാടുകള് നടത്തുന്നതിന് സഹായിച്ചു തുടങ്ങിയ കാര്യങ്ങളും കത്തില് പരാമര്ശിച്ചിരുന്നു. കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജല്, പി നിഖില്, ഹസ്സന് വാരിഷ്, ഫൈസാജ് വി പി, നന്ദുലാല് എം എന്നിവര് സഹായിച്ചതായും കത്തില് ആരോപിച്ചിരുന്നു.
