നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈലിന്‍റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി നാളെ

സുഹൈൽ

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. അങ്കമാലി മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും.

പ്രതികൾക്കെതിരെ ഗൂഢാലോചന നടന്നെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മൊഴി നൽകിയ പ്രിയാദ് എങ്ങനെ സീനിലേക്ക് വന്നെന്നും പ്രാഥമിക മൊഴി നൽകാൻ എങ്ങനെ കഴിയുമെന്നും മൊഴി നൽകാൻ അയാൾ സംഭവം കണ്ടതായി തെളിവുണ്ടോയെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. അപകടം നടന്നതായി ദൃക്സാക്ഷി മൊഴികൾ ഇല്ലെന്നും എന്താണ് കേസിൻ്റെ പിന്നിലെന്ന് ആർക്കും അറിയില്ലെന്നും പ്രിയാദിൻ്റെ മൊഴിയിൽ സംശയമുണ്ടെന്നും പ്രതികൾക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നുമായിരുന്നു വാദം. നരഹത്യ ചുമത്താൻ എന്തു കുറ്റമാണ് ഉണ്ടായതെന്നും അമിതവേഗത്തിലായിരുന്നെന്നതിന് തെളിവുകളില്ലെന്നും കഴിഞ്ഞ ഒരാഴ്ചയായി വലിയ ചർച്ചയായ വാർത്തയെ ഒതുക്കാനാണ് ഈ അപകടം വലിയ വാർത്തയാക്കിയതെന്നും അതിനാൽ ഇതിൽ ഗൂഢാലോചനയുണ്ടെന്നും പ്രതിഭാ​ഗം വാദിച്ചു. മൂന്നുപേർ സഞ്ചരിച്ചത് കൊണ്ടാണ് അപകടം വിളിച്ചു വരുത്തിയതെന്നും പ്രതിഭാ​ഗം വാദിച്ചു. എന്നാൽ അതുകൊണ്ടാണോ വാഹനം ഇടിച്ചതെന്ന് കോടതി തിരിച്ചു ചോദിച്ചു. നിയമലംഘനം നടത്തിയെന്ന് പ്രതിഭാ​ഗം ഉന്നയിച്ചതോടെ അവർ മരിച്ചുപോയില്ലേ, ഇനി നടപടി എടുക്കാൻ പറ്റുമോയെന്ന് കോടതി തിരിച്ചു ചോദിച്ചു.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി എയർപോർട്ട് വിഐപി റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാറിടിച്ച് ഇയാസ്, ദേവിക, ഗോപിക എന്നീ മൂന്ന് കൗമാരക്കാരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

Tags

Share this story