പത്മനാഭസ്വാമി ക്ഷേത്ര ആറാട്ട്: ചൊവ്വാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ അഞ്ച് മണിക്കൂർ സർവീസ് നിർത്തി വെയ്ക്കും

ആറാട്ട്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ആറാട്ടുത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ അഞ്ച് മണിക്കൂർ നിർത്തിവയ്ക്കും. ചൊവ്വാഴ്ച വൈകിട്ട് നാല് മുതൽ 9 വരെയുള്ള വിമാനസർവീസുകളാണ് താൽക്കാലികമായി നിർത്തിവയ്ക്കുക. തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ വിമാന സമയങ്ങളിൽ മാറ്റമുണ്ടോ എന്ന് പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് വിഗ്രഹം എഴുന്നള്ളിച്ച് ശംഖുമുഖം കടപ്പുറത്തേക്ക് കൊണ്ടുപോകുന്നത് വിമാനത്താവളത്തിന്‍റെ റൺവേയിലൂടെയാണ്. തിരുവിതാംകൂർ രാജകുടുംബകാലം മുതൽ തുടർന്നുപോരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരത്തിന്‍റെ ഭാഗമായാണ് നടപടി. വിമാനത്താവളം സ്ഥാപിതമായതിനുശേഷം മാനേജ്മെന്‍റ് മാറിയെങ്കിലും ഈ പാരമ്പര്യം മുടങ്ങാതെ തുടരുന്നുണ്ട്.

Tags

Share this story