നന്ദകുമാറിന്‍റെ വിദ്വേഷ പ്രസംഗത്തെ പിന്തുണച്ച് പിണറായി; തെറ്റായി വ്യാഖ്യാനിച്ചെന്ന് വാദം: കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്

പിണറായി വിജയൻ

മലപ്പുറം: മുതിർന്ന നേതാവും പൊന്നാനി മുൻ എംഎൽഎയുമായ പി. നന്ദകുമാറിന്‍റെ മലപ്പുറം വിദ്വേഷ പ്രസംഗത്തെ തള്ളാതെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നന്ദകുമാർ ജാഗ്രത നിർദേശം നൽകുകയാണ് ചെയ്തതെന്നും അതിനെ രാഷ്ട്രീയ എതിരാളികൾ വക്രീകരിച്ച് പ്രചരിപ്പിക്കുകയാണ് എന്നുമാണ് പിണറായി പറഞ്ഞത്. മലപ്പുറത്ത് സംഘടിപ്പിച്ച സിപിഎം വിശാല ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി.

വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാൻ കഴിയാത്തതും അതിശക്തമായ മതസൗഹാർദ്ദം നിലനിൽക്കുന്നതുമായ പ്രദേശമാണ് മലപ്പും. ഈ അന്തരീക്ഷം തകർക്കാൻ മതമൗലികവാദികളും വർഗീയ ശക്തികളും ശ്രമിക്കുന്നുണ്ടെന്നും, അതിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് നന്ദകുമാർ ഉദ്ദേശിച്ചത് എന്നായിരുന്നു പിണറായിയുടെ വിശദീകരണം.

അതിനിടെ പരിപാടിക്ക് എത്തിയ പിണറായി വിജയനെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു. നന്ദകുമാർ വർഗീയ പരാമർശം നടത്തിയിട്ടും അതിനെ തിരുത്തിക്കാൻ തയാറാകാതെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ്‌ പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.വി. സുജീർ, കെഎസ്‌യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്‌ റാഷിദ്‌ പുതുപൊന്നാനി എന്നിവരുടെ നേതൃത്വത്തിൽ പിണറായി വിജയനെ കരിങ്കൊടി കാണിച്ചത്.

Tags

Share this story