മിനിമം ചാർജ് 20 രൂപയാക്കണം: സംസ്ഥാനത്ത് നവംബർ 3 മുതൽ സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക്

പ്രൈവറ്റ് ബസ്

കൊച്ചി: സംസ്ഥാനത്ത് നവംബർ മൂന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. മിനിമം ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കേരള ബസ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫീസില്‍ ചേര്‍ന്ന സംഘടനകളുടെ സംയുക്ത യോഗമാണ് പണിമുടക്ക് തീരുമാനിച്ചത്. എട്ടു സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സൗജന്യ ബസ് സര്‍വീസുകള്‍ സ്വകാര്യ ബസ് മേഖലയ്ക്ക് കനത്ത തിരിച്ചടിയായെന്ന് സ്വകാര്യ ബസുടമകള്‍ വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ സർക്കാരുമായി പല തവണ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇതേ തുടർന്നാണ് സ്വകാര്യ ബസുടമകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയും സര്‍വീസുമായി മുന്നോട്ടു പോകാനാകില്ലെന്ന നിലപാടിലാണ് സ്വകാര്യ ബസുടമകള്‍.

പ്രധാന ആവശ്യങ്ങൾ:

​യാത്രാനിരക്ക് വർദ്ധന: മിനിമം ബസ് ചാർജ് 20 രൂപയായി ഉയർത്തണം.

​വിദ്യാർത്ഥികളുടെ കൺസെഷൻ: വിദ്യാർത്ഥികളുടെ മിനിമം കൺസെഷൻ നിരക്ക് 10 രൂപയാക്കണം.

സാമ്പത്തിക ആശ്വാസം: പ്രിയദർശിനി പദ്ധതി ഉൾപ്പെടെയുള്ള മാറ്റങ്ങൾ മൂലമുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ ബസുടമകൾക്ക് സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണം.

​2022-ൽ നിശ്ചയിച്ച ബസ് നിരക്കിലാണ് നിലവിൽ സർവീസ് നടത്തുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കാകട്ടെ 2011-ന് ശേഷം പരിഷ്കരിച്ചിട്ടില്ലെന്നും വർദ്ധിച്ചുവരുന്ന ഡീസൽ വിലയും അറ്റകുറ്റപ്പണി ചെലവുകളും കാരണം സർവീസ് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യമാണെന്നും ബസുടമകൾ വ്യക്തമാക്കുന്നു.

​സംസ്ഥാനത്തെ എട്ടോളം ബസുടമ സംഘടനകൾ ഉൾപ്പെടുന്ന സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം പണിമുടക്ക് ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ ജനജീവിതവും യാത്രക്കാരും കടുത്ത ദുരിതത്തിലാകാൻ സാധ്യതയുണ്ട്.

Tags

Share this story