'പ്രിയദർശിനി' കാരണം ദുരിതത്തിലായി; സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയേറ്റ് മാർച്ച് 14ന്
Oct 7, 2026, 00:27 IST
തൃശൂർ: സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയേറ്റ് മാർച്ച് ഒക്റ്റോബർ 14 ന്. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി പദ്ധതി കാരണം ദുരിതമനുഭവിക്കുന്ന ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തുന്നത്.
വിദ്യാർഥികളുടെ കൺസെഷൻ നിരക്കുകൾ ഉൾപ്പെടെയുള്ള ബസ് ചാർജ് വർധിപ്പിക്കുക എന്നതാണ് പ്രധാന ആവശ്യം. മാർച്ച് ഫലം കണ്ടില്ലെങ്കിൽ സമരത്തിന്‍റെ രണ്ടാം ഘട്ടമായി ഈ മാസം അവസാനം സെക്രട്ടേറിയേറ്റിന് മുന്നിൽ നിരാഹാരം കിടക്കുമെന്ന് കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു.
നിരാഹാര സമരത്തിന് ശേഷവും നടപടിയുണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സംസ്ഥാന വ്യാപകമായി സർവീസുകൾ പൂർണമായി നിർത്തിവച്ച് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചിട്ടുണ്ട്.
