ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിലെ ശീതീകരണ അറയിൽ വിഷവാതകം ശ്വസിച്ചെന്ന് സംശയം; രണ്ടാമത്തെ തൊഴിലാളിയും മരിച്ചു

ബേപ്പൂർ

കോഴിക്കോട്: ബേപ്പൂർ തുറമുഖത്ത് മത്സ്യബന്ധന ബോട്ടിലെ ശീതീകരണ അറയിൽ വിഷവാതകം ശ്വസിച്ചതായി സംശയിക്കുന്ന സംഭവത്തിൽ രണ്ടാമത്തെ തൊഴിലാളിയും മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി സച്ചിൻ ദാസാണ് ഞായറാഴ്ച പുലർച്ചെ മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് ബേപ്പൂർ തുറമുഖത്ത് ടെസ്‌ല എന്ന മത്സ്യബന്ധന ബോട്ടിന്‍റെ ശീതീകരണ അറയിൽ ജോലി ചെയ്യുന്നതിനിടെ ബംഗാൾ സ്വദേശികളായ സച്ചിൻ ദാസും ദിലീപ് സൂറും കുഴഞ്ഞുവീണത്. അന്നേദിവസം വൈകിട്ട് 4.30ഓടെ ദിലീപ് സൂർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു.

മത്സ്യം കേടുകൂടാതെ സൂക്ഷിക്കാൻ ശീതീകരണ അറയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളിൽ നിന്ന് പുറത്തുവന്ന വാതകം ശ്വസിച്ചതാകാം ഇരുവരുടെയും മരണത്തിന് കാരണമെന്ന് സംശയിക്കുന്നതായി ദിലീപ് സൂറിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്റ്റർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. വളമായി ഉപയോഗിക്കാനുള്ള മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു. ശീതീകരണ അറയിലെ ഓക്‌സിജന്‍റെ അളവും കുറവായിരുന്നു.

മരണകാരണം വിഷവാതകം ശ്വസിച്ചതാണോയെന്ന് സ്ഥിരീകരിക്കാൻ സാമ്പിളുകൾ രാസപരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. അന്വേഷണത്തിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ബോട്ട് ഉടമയെ പ്രതി ചേർക്കുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Tags

Share this story