ടോമിന്‍ ജെ തച്ചങ്കരി പുറത്തേക്ക്; തടവ് ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

തച്ചങ്കരി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് ആശ്വാസം. നാല് വര്‍ഷത്തെ തടവ് ശിക്ഷ മരവിപ്പിച്ചു. കേസിലെ അപ്പീല്‍ തീര്‍പ്പാകുന്നതുവരെ കോട്ടയം വിജിലന്‍സ് കോടതിയുടെ ശിക്ഷ മരവിപ്പിക്കണം എന്ന ഇടക്കാല ആവശ്യത്തിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ടോമിന്‍ ജെ തച്ചങ്കരിയുടെ വാദം പരിഗണിച്ച് ശിക്ഷ മരവിപ്പിച്ചതിനാല്‍ ടോമിന്‍ ജെ തച്ചങ്കരിക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകും.

2003 മുതല്‍ 2007 വരെയുള്ള കാലത്ത് ഔദ്യോഗിക പദവിയിലിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് കോട്ടയം വിജിലന്‍സ് കോടതി ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചത്. നാല് വര്‍ഷം തടവും 30.84 ലക്ഷം രൂപ പിഴയും ആയിരുന്നു ശിക്ഷ. സ്വത്ത് മാതാവ് വഴി ലഭിച്ചതാണെന്നും ഇക്കാര്യം വിജിലന്‍സ് കോടതി പരിഗണിച്ചില്ല എന്നുമാണ് ടോമിന്‍ ജെ തച്ചങ്കരിയുടെ വാദം. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിര്‍ണായക വിധി പുറത്ത് വന്നത്.

വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 64.70 ലക്ഷം രൂപയുടെ ചെലവ് കണ്ടെത്തിയെങ്കിലും അതിന്റെ വരവ് ബോധ്യപ്പെടുത്താന്‍ തച്ചങ്കരിക്ക് കഴിഞ്ഞിരുന്നില്ല. ആഭ്യന്തരവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറിയെ അടക്കം കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളാക്കിയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി മുന്‍ അഡീഷണല്‍ ഡിജിപി ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പ്രതിഭാഗം സാക്ഷികളാക്കിയും വിസ്തരിച്ചിരുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസ് പിന്നീട് കോട്ടയത്തേക്ക് മാറ്റുകയായിരുന്നു.

Tags

Share this story