സഭയില്‍ പൊട്ടിയ ലാത്തി ഉയര്‍ത്തി വി ജോയ്; പിണറായിക്കാലത്തെ പൊലീസ് തന്നെയെന്ന് മന്ത്രി രമേശ് ചെന്നിത്തല

v Jo

തിരുവനന്തപുരം: തലസ്ഥാനത്തെ എസ്എഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തിലും തുടര്‍ന്നുള്ള പൊലീസ് നടപടിയിലും സഭയില്‍ വാക്‌പോര്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വിഷയം അവതരിപ്പിച്ച വി ജോയ് എംഎല്‍എയും തമ്മില്‍ വാക്‌പോരും വെല്ലുവിളിയും ഉണ്ടായി. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ചിലേക്ക് മെന്‍സ് ഹോസ്റ്റലിനകത്ത് നിന്നും കൂക്കിവിളി ഉയരുകയും കല്ലും ബിയര്‍കുപ്പിയും എറിഞ്ഞതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വിദ്യാര്‍ത്ഥികളെ പൊലീസ് അടിച്ച പൊട്ടിയ ലാത്തി ജോയ് സഭയില്‍ ഉയര്‍ത്തി.

കേരളചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം സര്‍ക്കാരും പൊലീസും ചേര്‍ന്ന് സര്‍വ്വകലാശാല ഹോസ്റ്റലിനെ യുദ്ധകളമാക്കിയെന്നും ആഭ്യന്തര മന്ത്രി വിഷയത്തെ സമീപിച്ചത് ലാഘവത്തോടെയാണെന്നും വി ജോയ് ആരോപിച്ചു. പന്തം കൊളുത്തി പ്രകടനം ആരംഭിച്ചപ്പോള്‍ തന്നെ ഇന്ദിരാ കട്ട് വന്നു. കുട്ടികളാവുമ്പോള്‍ കൂവും. അത് സ്വാഭാവികമാണ്. എന്നാല്‍ ബിയര്‍കുപ്പി എറിഞ്ഞത് ആരെന്ന് പൊലീസ് അന്വേഷിച്ചാല്‍ മനസ്സിലാകുമെന്നും വി ജോയ് മറുപടി നൽകി. മുഴുവന്‍ പന്തവും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലേക്ക് എറിഞ്ഞതോടെ അവിടം തീഗോളമാവുകയായിരുന്നു. സമയോജിതമായി ഫയര്‍ഫോഴ്‌സ് എത്തിയതിനാലാണ് തീ അണച്ചത്. അല്ലെങ്കില്‍ കുട്ടികള്‍ വെന്ത് മരിക്കുമായിരുന്നു. ഒരു ഭാഗത്ത് യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളും മറുഭാഗത്ത് സായുധ പൊലീസുമായിരുന്നു. കുട്ടികളെ മൃഗീയമായി മര്‍ദ്ദിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ പൊലീസ് വിളിച്ചുവരുത്തി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെയും പൊലീസ് മൃഗീയമായി മര്‍ദ്ദിച്ചുവെന്നും ജോയ് ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസും പൊലീസും സംയുക്തമായാണ് ആക്രമണം നടത്തിയത്. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് നരനായാട്ട് ആണ് തലസ്ഥാനത്ത് അരങ്ങേറിയത്. കായിക വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തിയത്. രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കേണ്ട സമരം മെന്‍സ് ഹോസ്റ്റല്‍ പരിസരത്തേക്ക് ബോധപൂര്‍വ്വം മാറ്റി. ഒ ജെ ജനീഷ് രാവിലെ മന്ത്രിയും വൈകുന്നേരം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമാണെന്നും ജോയ് വിമര്‍ശിച്ചു.

അമിത് ഷായ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധ വീഡിയോ ജനീഷിന്റെ സോഷ്യല്‍മീഡിയ പേജില്‍ നിന്നും അപ്രത്യക്ഷമായത് എങ്ങനെയാണെന്ന് ചോദിച്ച ജോയ് മുഖ്യമന്ത്രി ഇടപെട്ടോയെന്നും മെറ്റയോട് പറഞ്ഞാല്‍ മാറ്റുമായിരുന്നല്ലോയെന്നും പരിഹസിച്ചു. പിന്നാലെയാണ് പൊട്ടിയ ലാത്തി വി ജോയ് നിയമസഭയില്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് ലാത്തി മോഷ്ടിച്ചതാണെന്ന് ഭരണപക്ഷം ഉയര്‍ത്തി.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ബഹുഭൂരിപക്ഷവും താമസിക്കുന്നത് അവിടെ പഠിക്കുന്ന കുട്ടികളല്ലെന്നും ആരാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കട്ടെയെന്നും രമേശ് ചെന്നിത്തല പിന്നാലെ ചൂണ്ടിക്കാട്ടി. ഗ്യാനേഷ് കുമാറിനെതിരായ സമരത്തെ നിങ്ങള്‍ എന്തിനാണ് എതിര്‍ക്കുന്നത്. ആ എതിര്‍പ്പാണ് പ്രശ്‌നം ഉണ്ടാക്കിയത്. പ്രതിഷേധം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ആരംഭിക്കണോ ആസാദ് സ്‌ക്വയറില്‍ നിന്ന് ആരംഭിക്കണോ മ്യൂസിയം ജംഗ്ഷനില്‍ നിന്ന് ആരംഭിക്കണോ എന്ന്‌ സംഘാടകരാണ് തീരുമാനിക്കുന്നത്. എസ്എഫ്‌ഐക്കാര്‍ സമരം നടത്തിയിട്ടില്ലേയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

'ഈ സമരത്തോട് അനുഭാവം പ്രകടിപ്പിക്കാന്‍ ബാധ്യസ്ഥരായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അവരുടെ നേതാക്കളുടെ നേതൃത്വത്തില്‍ പ്രകടനത്തിന് നേരെ കല്ലെറിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായ ഒ ജെ ജനീഷ് മന്ത്രി കൂടിയാണ്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ഞാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും മന്ത്രിയുമായിരുന്നു. ജനീഷ് എന്തോ അബദ്ധം ചെയ്തുവെന്ന മട്ടിലാണ് സംസാരം. ജോയി തന്നെ അടിയന്തര പ്രമേയം അവതരിപ്പിച്ചത് നന്നായി. എനിക്ക് ഇഷ്ടമുള്ളയാളാണ് ജോയ്. പൊലീസുകാരെ വധിക്കുമെന്ന പറഞ്ഞയാളാണ് ജോയ്. വൈകുന്നേരം വീട്ടില്‍ പോകുമ്പോള്‍ നിങ്ങളൊന്നും മക്കളെ കാണില്ലെന്ന് ജോയ് പൊലീസിനെ വെല്ലുവിളിച്ചു. പത്ത് വര്‍ഷം പിണറായി ഭരിച്ചപ്പോഴുണ്ടായ പൊലീസ് തന്നെയാണ് ഇപ്പോഴും. ഞാന്‍ തമിഴ് നാട്ടില്‍ നിന്ന് പൊലീസിനെ കൊണ്ടുവന്നിട്ടില്ല. പ്രത്യേക നിര്‍ദേശമോ ട്രെയിനിംഗോ നല്‍കിയിട്ടില്ല', എന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ തെറ്റ് ചെയ്‌തെങ്കില്‍ തിരുത്താം. വധിക്കും എന്ന് പറഞ്ഞത് ശരിയായില്ല. വി ജോയ് സഭയില്‍ മാപ്പ് പറയണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

തുടര്‍ന്ന് വാസ്തവ വിരുദ്ധവും സത്യസന്ധമല്ലാത്തതുമായ ആരോപണമാണ് മന്ത്രിയുടേതെന്ന് വി ജോയ് മറുപടി നൽകി. പാെലീസുകാരന്റെ പേരെടുത്ത് പറഞ്ഞ് കൊല്ലുമെന്ന് പറഞ്ഞെന്ന് തെളിയിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറാണെന്നും ഇല്ലെങ്കില്‍ അങ്ങ് രാജിക്ക് തയ്യാറാണോയെന്നും എംഎൽഎ മന്ത്രിയോട് ചോദിച്ചു. താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. ഇങ്ങനെ പൊലീസ് ഉദ്യോഗസ്ഥര്‍ ലാത്തിവെച്ച് തലയ്ക്കടിച്ചാല്‍ കുട്ടികള്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. അല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ അതില്‍ ഉറച്ച് നില്‍ക്കും എന്നായിരുന്നു വി ജോയിയുടെ മറുപടി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

Tags

Share this story