ജ്ഞാനേഷ് കുമാറിനെതിരേ എഫ്ഐആർ ഇടാൻ വിജിലൻസ്; പ്രാഥമിക പരിശോധന തുടങ്ങി
തിരുവനന്തപുരം: മലേഷ്യൻ കമ്പനിയിലെ എൻജിനീയർ ലീ സീ ബിനിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യും. പരാതിയിൽ വിജിലൻസ് പ്രാഥമിക പരിശോധന ആരംഭിച്ചു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം. 20 വർഷം മുൻപ് ജ്ഞാനേഷ് കുമാർ കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കേയാണ് എൻജിനീയറുടെ ആത്മഹത്യ. എംസി റോഡ് നിർമാണത്തിന് കരാർ ഏറ്റെടുത്തതായിരുന്നു മലേഷ്യൻ കമ്പനി. പൊതുമരാമത്ത് വകുപ്പിന്‍റെ സെക്രട്ടറിയായിരിക്കേ ഇതുമായി ബന്ധപ്പെട്ട് ജ്ഞാനേഷ് കുമാറിനെതിരേ അഴിമതി ആരോപണം ഉയർന്നിരുന്നു.
എന്നാൽ നടപടിയൊന്നുമുണ്ടായില്ല. പിന്നീട് ജ്ഞാനേഷ് കുമാർ കേന്ദ്ര സർക്കാരിൽ ഡെപ്യൂട്ടേഷനിൽ പോകുകയും ചെയ്തു. നിലവിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ജ്ഞാനേഷ് കുമാറിനെതിരേ വിവാദം ഉയർന്ന സാഹചര്യത്തിലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ജ്ഞാനേഷ് കുമാർ സെക്രട്ടറിയായിരിക്കേ റോഡ് പദ്ധതികളുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് പൊലീസ് വിവരശേഖരണം ആരംഭിച്ചുവെന്നാണ് വിവരം. അതേസമയം വിജിലൻസ് അന്വേഷണത്തിന്‍റെ വിഷയത്തിൽ ജ്ഞാനേഷ് കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭരണഘടനാ പദവിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടേത്. അതിനാൽ ഈ പദവിയിലിരിക്കുന്നതിനാൽ തനിക്കെതിരേ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണത്തിന്‍റെ കാര്യത്തിൽ അദ്ദേഹം നിയമപരമായ നടപടികൾ സ്വീകരിച്ചേക്കുമെന്നാണ് സൂചന.
