എങ്ങോട്ടാണ് അമിത് ഷായും മോദിയും രാജ്യത്തെ കൊണ്ടുപോകുന്നത്; ഗ്യാനേഷ് കുമാർ ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവെച്ചു: പിണറായി വിജയൻ
തിരുവനന്തപുരം: ജനാധിപത്യ രാജ്യത്ത് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണ് ഡൽഹിയിൽ നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിൽ പങ്കെടുത്ത് കേരളത്തിൽ തിരിച്ചെത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതിയുടെ വാക്കുകൾക്ക് വില കൽപ്പിക്കാൻ മോദി സർക്കാർ സന്നദ്ധമായില്ല. പൊലീസ് സ്റ്റേറ്റ് ആയി ഇന്ത്യ മാറി. സഞ്ചരിക്കാൻ പോലും ഡൽഹിയിൽ സ്വാതന്ത്ര്യം ഇല്ല. രാജ്യത്തെ എല്ലാ അർധസൈനിക വിഭാഗങ്ങളും ഡൽഹിയിൽ അണിനിരന്നുവെന്നും പിണറായിവിജയൻ പ്രതികരിച്ചു.
വല്ലാത്തൊരു രീതിയാണ് ഇന്നലെ ഡൽഹിയിൽ പൊലീസ് നടത്തിയത്.ഓരോരുത്തരെയും റാഞ്ചി എടുക്കുകയായിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബിയെ പോലും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. കൊടും ക്രിമിനലുകളെ കൊണ്ടുപോകുന്നത് പോലെയാണ് പാർട്ടി ജനറൽ സെക്രട്ടറിയെ അടക്കം കൊണ്ടുപോയത്. താൻ അടക്കമുള്ളവരെ ജീപ്പിൽ കയറ്റി മണിക്കൂറുകളോളം യാത്ര ചെയ്തു.ഭക്ഷണം പോലും നൽകാതെയായിരുന്നു യാത്ര. പൊലീസുകാർക്ക് ഉണ്ടാക്കിയ ചപ്പാത്തിയോ മറ്റോ ആണ് ഒടുവിൽ എത്തിച്ചു നൽകിയത്. ഇത്തരത്തിൽ പെരുമാറാൻ പൊലീസിന് എങ്ങനെ കഴിയുന്നു? ഇന്നും ഇതേ സമാന രീതി തന്നെയാണ് ഡൽഹിയിൽ ഉണ്ടായത്. വിദ്യാർഥികളെ അടക്കം ഭീകരമായി മർദിക്കുന്നു ഭയപ്പെടുത്താനാണ് ഉദ്ദേശം. തല്ലി അകറ്റിനിർത്തി ചെറുപ്പക്കാരെ ഭയപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. അത് കേവലം വ്യാമോഹം മാത്രമാണ്. എങ്ങോട്ടാണ് അമിത് ഷായും മോദിയും രാജ്യത്തെ കൊണ്ടുപോകുന്നത്. ഗ്യാനേഷ് കുമാർ ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തി വെച്ചു. അങ്ങനെ ഒരു മനുഷ്യന് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല. ഗ്യാനേഷ് കുമാർ പുറത്ത് പോവുക തന്നെ വേണമെന്ന് പിണറായി വിജയൻ പറഞ്ഞു.
