സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Hevy Rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. അഞ്ച് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്.

അതേസമയം, നാളെ എട്ട് ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരാനാണ് സാധ്യത.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്തും ഇന്ന് രാത്രി 11.30 വരെ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കാനാണ് നിർദേശം.

പ്രധാന ജാഗ്രതാ നിർദേശങ്ങൾ

​ഇടിമിന്നൽ ജാഗ്രത: ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ പൊതുജനങ്ങൾ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറണം.  

​ഉയർന്ന തിരമാലയും കള്ളക്കടൽ ജാഗ്രതയും: തീരദേശ മേഖലകളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.  

​മലയോര മേഖലകൾ: കനത്ത മഴ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും കാരണമായേക്കാമെന്നതിനാൽ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകൾ ഒഴിവാക്കുക.

Tags

Share this story