നിങ്ങൾക്ക് മാത്രമല്ല ജീവിതമുള്ളത്; കണ്ണീരും കൂപ്പുകൈയുമായി വന്നുള്ള ഈ അഭിനയം വിലപ്പോകില്ല: സിദ്ധു പനയ്ക്കൽ

സുഹൈൽ അമ്മ

നെടുമ്പാശേരി മിനികൂപ്പർ അപകടത്തിൽ പ്രതിയായ സുഹൈൽ സജീവിന്‍റെ അമ്മയും സംരംഭകയുമായ നൂഹ സജീവ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവച്ചിരുന്നു. തങ്ങൾക്കും ജീവിതമുണ്ടെന്നും ഇതിൽ നിന്നും ഒഴിവാക്കിത്തരണം എന്നുമാണ് കൂപ്പുകൈയോടെ നൂഹ പറഞ്ഞത്. ഇപ്പോൾ നൂഹയുടെ വിഡിയോയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ.

ഏതു കാര്യത്തിനും പ്രതികരണം ഉണ്ടാകേണ്ടത് സംഭവം നടന്ന ഉടനെയാണ്. അല്ലാതെ എല്ലാ വഴികളും അടയുമ്പോൾ കണ്ണീരും കൂപ്പുകയ്യുമായി വന്നുള്ള ഈ അഭിനയമൊന്നും സമൂഹത്തിൽ വിലപ്പോവില്ല. എന്നാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ സിദ്ധു പറഞ്ഞത്.

സിദ്ധു പനയ്ക്കലിന്‍റെ കുറിപ്പ് വായിക്കാം

ഇന്നലെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ കണ്ടു. "ഞങ്ങൾക്ക് നാല് പേർക്കും ഇനിയൊരു ജീവിതമുണ്ട്. ഞങ്ങളെ ഇതിൽ നിന്നും ഒഴിവാക്കി തരണം എന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്." മൺമറഞ്ഞുപോയ ആ മൂന്ന് ചെറുപ്പക്കാർക്കും ഉണ്ടായിരുന്നു ജീവിതം. ഏതു കാര്യത്തിനും പ്രതികരണം ഉണ്ടാകേണ്ടത് സംഭവം നടന്ന ഉടനെയാണ്. അല്ലാതെ എല്ലാ വഴികളും അടയുമ്പോൾ കണ്ണീരും കൂപ്പുകയ്യുമായി വന്നുള്ള ഈ അഭിനയമൊന്നും സമൂഹത്തിൽ വിലപ്പോവില്ല.

മദ്യലഹരിയിൽ വരുത്തിവെച്ച വലിയൊരു അപകടം നടന്ന് മൂന്ന് ജീവനുകൾ പൊലിഞ്ഞ ഉടനെ ദൃക്സാക്ഷികൾ കേൾക്കുന്നത് ഒരു അശരീരിയാണ്. എല്ലാം എന്റെ വാപ്പ നോക്കിക്കോളും. എവിടുന്നാണ് ശബ്ദം എന്ന് നോക്കുമ്പോൾ കാറിൽ നിന്നിറങ്ങുന്നത് കാൽ നിലത്തുറയ്ക്കാത്ത ഒരു ചെറുപ്പക്കാരൻ.

മൂന്നു കുടുംബങ്ങൾ തകർന്ന ഹൃദയത്തോടെ, നഷ്ടപ്പെടലിന്റെ വിങ്ങലോടെ, നെഞ്ചിൽ ഒതുക്കാനാവാത്ത സങ്കടത്തോടെ അലറി കരയുമ്പോൾ മറുവശത്ത് പിറന്നാൾ സമ്മാനമായി വാങ്ങിക്കൊടുത്ത കാറിന്റെ വിശദാംശങ്ങളെപ്പറ്റി സന്തോഷത്തോടെയുള്ള മാതാവിന്റെ വിവരണങ്ങൾ സോഷ്യൽ മീഡിയയിലൂടെ അപകടം വരുത്തിവെച്ച കാറിനേക്കാൾ വേഗത്തിൽ ഓടുകയായിരുന്നു.

ഇതുരണ്ടും ഒരുമിച്ചു കാണാനടയായ സാധാരണക്കാരായ ജനങ്ങളുടെ പ്രതികരണങ്ങൾ ആ കുടുംബത്തോടുള്ള വെറുപ്പും വിദ്വേഷവുമായി രൂപം പ്രാപിച്ചു. ജനങ്ങളുടെ പ്രതികരണങ്ങൾ വളരെ വേഗത്തിൽ സോഷ്യൽ മീഡിയയിൽ ആളിപ്പടരുകയും ചെയ്തു. കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച ജനവികാരം തങ്ങളുടെ ബിസിനസിനെയും സൽ പേരിനെയും വല്ലാതെ ബാധിച്ചു തുടങ്ങുകയും, നിയമത്തിന്റെ പഴുതിലൂടെ മകനു ജാമ്യം കിട്ടുമെന്ന ഉറച്ച വിശ്വാസം തകരുകയും, പണത്തിനും പവറിനും മേലെ പറക്കാൻ നിയമത്തിന് കഴിയും എന്ന് ബോധ്യപ്പെടുകയും ചെയ്തപ്പോൾ സമസ്താപരാധവും പറഞ്ഞു വന്ന ഈ വീഡിയോ ജനങ്ങൾക്ക് ഈ കുടുംബത്തോടുള്ള വെറുപ്പും വിദ്വേഷവും വർദ്ധിപ്പിക്കുകയെ ഉള്ളൂ എന്നാണ് ആ വീഡിയോക്ക്‌ താഴെ വന്ന നൂറുകണക്കിന് കമന്റുകൾ വായിച്ചാൽ മനസ്സിലാവുക. ഈ വീഡിയോ വരേണ്ടിയിരുന്നത് ഒക്ടോബർ 12നായിരുന്നു. വൈകി വന്ന വിവേകം കൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നും ഉണ്ടാവാൻ സാധ്യതയില്ല.

പേരന്റിങ് എന്ന് കേട്ടിട്ടുണ്ടാകുമല്ലോ. കുട്ടികളുടെ ശാരീരികവും വൈകാരികവും സാമൂഹികവുമായ വളർച്ചയെ സഹായിക്കുന്ന പ്രക്രിയയാണ് പാരന്റിംഗ്. നാലുതരം പാരെന്റിംഗ് ഉണ്ട് എന്നാണ് പറയുന്നത്. അതോറിറ്റേറിയൻ പാരന്റിങ്, അതോറിറ്റേറ്റിവ് പാരന്റിംഗ്, പെർമിസീവ് പേരന്റിങ്, അൺ ഇൻവോൾവ്ഡ് പാരന്റിങ്.

ഇതിൽ, കുട്ടികൾക്ക് അനുവദനീയമായ എല്ലാ സ്വാതന്ത്ര്യവും കാര്യമായ നിയന്ത്രണം ഇല്ലാതെ നൽകുന്ന പാരന്റിങ് രീതിയാണ് പെർമിസീവ് പാരന്റിങ്. ഒരു രക്ഷിതാവ് എന്നതിനപ്പുറം ഒരു സുഹൃത്തിനെപ്പോലെ കുട്ടികളോട് പെരുമാറുന്ന പാരന്റിംഗ് രീതിയാണിത്. തങ്ങളുടെ കുട്ടി തെറ്റൊന്നും ചെയ്യില്ല എന്ന അമിത ആത്മവിശ്വാസമുള്ള രക്ഷിതാക്കൾ ഈ പാരന്റിങ് ഇനത്തിൽ പെടും. കുട്ടികൾ തെറ്റ് ചെയ്താൽ തിരുത്തുക പോലും ഈ രക്ഷിതാക്കൾ ചെയ്യാറില്ല. ഇത് കുട്ടികൾ മുതലാക്കുകയും കൂടുതൽ തെറ്റുകളിലേക്ക് കടക്കാൻ അവർക്ക് പ്രേരണയാവുകയും ചെയ്യും . ഇങ്ങനെ വളരുന്ന കുട്ടികൾ പലപ്പോഴും ലഹരി ഉപയോഗത്തിലേക്കും മറ്റു അസാന്മാർഗിക പ്രവർത്തികളിലേക്കും വഴിമാറി സഞ്ചരിക്കും എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏത് പാരന്റിംഗ് രീതിയിലാണ് ഈ യുവാവ് വളർന്നിട്ടുണ്ടാവുക എന്ന് നമുക്ക് ഊഹി ക്കാവുന്നതേയുള്ളൂ

നഷ്ടപരിഹാരങ്ങൾക്കൊന്നും ആ മൂന്നു കുടുംബങ്ങളുടെ നഷ്ടം നികത്താൻ ആവില്ലെങ്കിലും ആ മൂന്ന് കുടുംബങ്ങൾക്കും ആശ്രയമാകേണ്ടിയിരുന്നവരുടെ വിയോഗത്തിന് തക്കതായ പരിഹാരം ആ കുടുംബങ്ങൾക്ക് ലഭിക്കേണ്ടതുണ്ട്. ഒപ്പം നിയമാനുസൃതമായ ശിക്ഷ ആ വിയോഗങ്ങൾക്ക് കാരണമായവർക്കും ലഭിക്കണം.

Tags

Share this story