അല്‍ബേനിയയില്‍ സുപ്രീം കോടതിക്ക് തീയിട്ട സംഭവം; ഇന്ത്യയും പാഠം പഠിക്കണമെന്ന് ദൃശ്യങ്ങള്‍ പങ്കുവെച്ച് സഞ്ജയ് റാവത്തും പവന്‍ ഖേരയും: വിമര്‍ശനവുമായി ബി.ജെ.പി
ന്യൂഡല്‍ഹി: അല്‍ബേനിയയില്‍ സുപ്രീം കോടതിക്ക് തീവച്ച ദൃശ്യങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍. ശിവ സേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞ്ചയ് റാവത്തും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയുമാണ് ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കുവച്ചത്. എല്ലാ രാജ്യങ്ങളും ഈ സംഭവത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം എന്നാണ് സഞ്ചയ് റാവത്ത് കുറിച്ചത്. വലതുപക്ഷം അല്‍ബേനിയയിലെ സമരത്തെ ഒരു ഉദാഹരണമായി കാണില്ല എന്നായിരുന്നു പവന്‍ ഖേരയുടെ പരിഹാസം.
'അല്‍ബേനിയയിലെ ജനങ്ങള്‍ സുപ്രീം കോടതിക്ക് തീയിട്ടു. അഴിമതിക്കാരായ പ്രധാനമന്ത്രിമാരെ സുപ്രീം കോടതി സഹായിക്കുന്നു എന്നതായിരുന്നു ജനങ്ങളുടെ രോഷത്തിന് കാരണം. പ്രതിഷേധിക്കുന്ന ജനക്കൂട്ടം പാര്‍ലമെന്റിനും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നേരെയും, മന്ത്രിമാരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം നടത്തി. ഈ സംഭവങ്ങളില്‍ നിന്ന് എല്ലാ രാജ്യങ്ങളും പാഠം ഉള്‍ക്കൊള്ളണം,' എന്ന് റാവത്ത് എഴുതി. ഒപ്പം ത്രിവര്‍ണ്ണ പതാകയുടെ ചിത്രവും അദ്ദേഹം ചേര്‍ത്തിരുന്നു.
അതേസമയം സംഭവത്തില്‍ വിമര്‍ശനവുമായി ബിജെപി രംഗത്ത് എത്തി. രാജ്യത്ത് അരാജകത്വം ആഗ്രഹിക്കുന്നവരാണ് പ്രതിപക്ഷം എന്ന് ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരി പ്രതികരിച്ചു. കോണ്‍ഗ്രസിനും അവരുടെ സഖ്യ കക്ഷികള്‍ക്കും രാജ്യത്ത് കലാപമാണ് ആവശ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യ വിരുദ്ധരായ ചില രഷ്ട്രീയക്കാര്‍ യുവാക്കള ഇളക്കിവിട്ട് രാജ്യത്ത് കലാപം സൃഷ്ടിക്കുകയാണെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവും വിമര്‍ശിച്ചു.
ഒക്ടോബര്‍ 13, 14 തീയതികളില്‍ അല്‍ബേനിയയുടെ തലസ്ഥാനമായ ടിരാനയില്‍ സര്‍ക്കാരിനെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. പ്രധാനമന്ത്രി എഡി രാമ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ വിദ്യാര്‍ത്ഥികളും പങ്കുചേര്‍ന്നു. പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ബാങ്കുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ ആക്രമിച്ചു. വിവിധ മന്ത്രാലയങ്ങളുടെ കെട്ടിടങ്ങളിലും മറ്റ് സ്ഥലങ്ങളിലും തീപിടുത്തവുമുണ്ടായി. പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിച്ചാണ് ഇതിനെ നേരിട്ടത്.
അഴിമതി ആരോപണങ്ങള്‍, വര്‍ധിച്ചുവരുന്ന വിദ്യാഭ്യാസച്ചെലവുകള്‍, സര്‍വകലാശാലകളിലെ മോശം സാഹചര്യങ്ങള്‍ എന്നിവയിലുള്ള രോഷമാണ് ഈ പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. കൂടാതെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നറുമായി ബന്ധപ്പെട്ട, വിവാദപരമായ ഒരു തീരദേശ വികസന പദ്ധതിക്കെതിരായ എതിര്‍പ്പും ഇതില്‍ ഉള്‍പ്പെടുന്നു. അല്‍ബേനിയന്‍ സര്‍ക്കാര്‍ ഈ അക്രമങ്ങളെ അപലപിച്ചു. സംയമനത്തോടെയും ആനുപാതികമായും നടപടിയെടുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു
