ബാരിക്കേഡുകൾക്ക് ഇലക്ഷൻ കമ്മീഷന്റെ വിശ്വാസ്യതയെ വീണ്ടെടുക്കാനാകില്ല: ശശി തരൂർ
ന്യൂഡല്‍ഹി: ഡല്‍ഹി ഇപ്പോള്‍ നേരിടുന്നതുപോലൊരു സാഹചര്യം അപൂര്‍വ്വമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമാണ് താന്‍ തലസ്ഥാനത്ത് തിരിച്ചെത്തിയത്. ഓരോ നൂറുമീറ്ററുകള്‍ക്കുമിടയില്‍ ചെക്ക്പോസ്റ്റുകള്‍, റോഡുകളില്‍ കോണ്‍ക്രീറ്റ് തടസ്സങ്ങളും ടയര്‍ തകര്‍ക്കുന്ന സ്‌പൈക്ക് സ്ട്രിപ്പുകളും, നഗരത്തിലുടനീളം 22,000 പോലീസുകാരെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചുകൊണ്ടുള്ള യുദ്ധസമാനമായ അന്തരീക്ഷം ഇതെല്ലാമാണ് ഡല്‍ഹിയില്‍ കാണാനായത്. പ്രതിഷേധക്കാരെ പേടിച്ച് 250 ട്രെയിനുകളാണ് റദ്ദാക്കിയത്, 45 മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. ഇതൊന്നും പോരാതെ ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമുള്ള വീടുകളില്‍ നിന്നും തെരുവുകളില്‍ നിന്നും യുവാക്കളെ കസ്റ്റഡിയിലെടുക്കുന്ന വാര്‍ത്തകളാണ് വരുന്നത്.
രാജ്യത്തെ പൗരന്മാര്‍ക്ക് തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയെക്കുറിച്ച് സമാധാനപരമായി ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് തടയാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയതാണ് ഇതില്‍ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട നടപടിയെന്നു ശശി തരൂര്‍ തന്റെ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പൂര്‍ണ്ണമായും തടയപ്പെട്ടിരിക്കുകയാണ്. ഡല്‍ഹിയുടെ മധ്യഭാഗത്ത് പൗരന്മാര്‍ക്ക് സമരം നടത്തുന്നതിനായി പ്രത്യേകം അനുവദിച്ചിട്ടുള്ള സ്ഥലമാണ് ജന്തര്‍ മന്തര്‍. എന്നാല്‍ ഇന്ന് അവിടേക്കുള്ള റോഡുകള്‍ പോലും നിരോധിത മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്നു. നമ്മുടെ തലസ്ഥാനത്ത് സ്ത്രീകള്‍ക്ക് സംരക്ഷണം ആവശ്യമുള്ളപ്പോള്‍ എവിടെയാണ് ഇത്രയധികം സേനാവിന്യാസവും അടിയന്തര നടപടികളും അപ്രത്യക്ഷമാകുന്നതെന്നും സ്ത്രീകള്‍ അത് ചോദ്യം ചെയ്യണമെന്നും ശശി തരൂര്‍ പറഞ്ഞു. കസ്റ്റഡിയിലുള്ളവരെ വിട്ടയക്കണം. ഇനി തിങ്കളാഴ്ച പ്രതിഷേധക്കാര്‍ തിരിച്ചെത്തിയാല്‍, അധികൃതര്‍ വീണ്ടും തലസ്ഥാന നഗരിയെ അടച്ചിടുമോ? അപ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാള്‍ മികച്ചതൊന്ന് ലഭിക്കാന്‍ നമ്മുടെ ജെന്‍-സി അര്‍ഹരാണ്.
തെരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയില്‍ ആത്മവിശ്വാസമുള്ള ഒരു സര്‍ക്കാര്‍ അതിനെക്കുറിച്ചുള്ള ചോദ്യങ്ങളെ സ്വാഗതം ചെയ്യും. എന്നാല്‍ ചോദ്യങ്ങളെ ഭയന്ന് തലസ്ഥാനത്തെ ഒരു കോട്ടയാക്കി മാറ്റുകയാണ് സര്‍ക്കാര്‍. ഇത സംശയങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ നല്‍കേണ്ടത് ഉത്തരങ്ങളാണ്, ലാത്തിയടിയല്ല. അഭിപ്രായപ്രകടനത്തിനുള്ള അവസരമാണ്, അടിച്ചമര്‍ത്തലല്ല.
തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസം വീണ്ടെടുക്കാന്‍ ബാരിക്കേഡുകള്‍ കൊണ്ട് സാധിക്കില്ല. പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് എത്രയും വേഗം മറുപടി നല്‍കുന്നുവോ, അത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കപ്പെടും. ജനാധിപത്യത്തിന്റെ പ്രവര്‍ത്തനരീതിയെ ചോദ്യം ചെയ്യുന്നവരോട് ഈ ഭരണകൂടം എങ്ങനെ പെരുമാറുന്നു എന്നതാണ് ആ ജനാധിപത്യത്തിന്റെ കരുത്ത്. അത്തരത്തില്‍ നോക്കിയാല്‍ ഇന്ന് നാം കണ്ട കാഴ്ച അങ്ങേയറ്റം ലജ്ജാകരവും ന്യായീകരിക്കാനാവാത്തതുമാണ്. ശശി തരൂര്‍ പറഞ്ഞു.
