തമിഴ്നാട്ടിൽ ബിജെപിയെ ശക്തിപ്പെടുത്തണം; കേന്ദ്ര മന്ത്രി സ്ഥാനവും രാജ‍്യസഭാംഗത്വവും രാജിവച്ച് എൽ. മുരുകൻ
ന‍്യൂഡൽഹി: കേന്ദ്ര മന്ത്രി സ്ഥാനവും രാജ‍്യസഭാ അംഗത്വവും രാജിവച്ച് എൽ. മുരുകൻ. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സഹമന്ത്രിയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഭാരതമാതാവിനെയും തമിഴ്നാടിനെയും സേവിക്കാൻ കഴിഞ്ഞത് തന്‍റെ ജീവിതത്തിലെ വലിയ ബഹുമതിയാണെന്ന് മുരുകൻ എക്സിൽ കുറിച്ചു.
Minister of State for Information and Broadcasting and Parliamentary Affairs, L. Murugan, resigns from both his ministry and membership of the Rajya Sabha pic.twitter.com/ZjXyP21udQ
— ANI (@ANI) October 13, 2026
കൂലിപ്പണിക്കാരന്‍റെ മകനായി തുടങ്ങി ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയിൽ സേവനം അനുഷ്ഠിക്കാൻ സാധിച്ചത് തന്‍റെ ജീവിതത്തിലെ വലിയ ഭാഗ‍്യമാണെന്നും ഇനി 2029 ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി തമിഴ്നാട്ടിലെ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി താഴെതട്ടിലേക്ക് മടങ്ങാനും പാർട്ടി പ്രവർത്തകർക്കൊപ്പം പ്രവർത്തിക്കാനും താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ കൂട്ടിച്ചേർത്തു. ചുമതലകളിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ‍്യപ്പെട്ട് പ്രധാനമന്ത്രിക്ക് അദ്ദേഹം കത്തയച്ചിട്ടുണ്ട്.
ചെന്നൈ മെട്രൊ, തൂത്തുകുടി തുറമുഖത്തിന്‍റെയും ദേശീയപാതയുടെയും വികസനം, അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിലുള്ള 26 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം എന്നീ പദ്ധതികൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ തമിഴ്നാടിനായുള്ള പിന്തുണയെയും മുരുകൻ പ്രശംസിച്ചു.
2021ലാണ് എൽ. മുരുകൻ ആദ‍്യമായി രാജ‍്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2024ൽ വീണ്ടും രാജ‍്യസഭയിലെത്തി. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ നീലഗിരി മണ്ഡലത്തിൽ ഡിഎംകെയുടെ എ രാജയാണ് 240,585 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ എൽ. മുരുകനെ പരാജയപ്പെടുത്തിയത്.
