മിന്നൽ പ്രതിഷേധവുമായി സിജെപി, ജന്തർമന്തറിലേക്ക് കടന്ന് പ്രവർത്തകർ

ജന്തർ മന്തർ

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധാഗ്‌നിയില്‍ ഡല്‍ഹി. മിന്നൽ പ്രതിഷേധവുമായെത്തിയ സിജെപി പ്രവർത്തകർ ജന്തർ മന്തറിൽ പ്രവേശിച്ചു. സൗരവ് ദാസ്, അജിങ്ക്യ ഷിന്‍ഡെ, അശുതോഷ് റാങ്ക എന്നിവരടങ്ങിയ സംഘമാണ് പ്രതിഷേധിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജെഡിയു ഓഫീസ് ഗേറ്റ് വഴിയാണ് സംഘം ജന്തർ മന്തറിൽ എത്തിയത്. സമരത്തിനുള്ള അനുമതി ഇന്ന് രാവിലെ പത്ത് മണിക്ക് നല്‍കിയില്ലെങ്കില്‍ കടുത്ത പ്രതിഷേധം കാണേണ്ടി വരുമെന്ന് സിജെപി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. കൂടാതെ ജന്തര്‍ മന്തറിനെ സമരകേന്ദ്രമല്ലാതാക്കിയ നടപടിയ്‌ക്കെതിരെയും സിജെപി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. അതേസമയം സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ഇന്ന് ഡല്‍ഹിയിൽ എത്തും.

അതേസമയം ഇന്‍ഡ്യ മുന്നണി വീണ്ടും സമരം കടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ന് രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലേക്ക് നേതാക്കളെ ചായ സല്‍ക്കാരത്തിന് ക്ഷണിച്ചിട്ടുണ്ട്. ഇന്‍ഡ്യ സഖ്യ എംപിമാര്‍, ഇന്‍ഡ്യ സഖ്യ നേതാക്കള്‍, നേഹ ബോറ, ഐഷി ഘോഷ് അടക്കമുള്ള യുവജന വിദ്യാര്‍ത്ഥി നോതാക്കള്‍ എന്നിവരെയാണ് രാഹുല്‍ ഗാന്ധി ക്ഷണിച്ചിരിക്കുന്നത്. ഇന്ന് ഇന്‍ഡ്യ സഖ്യത്തിന്റെ സംയുക്ത വാര്‍ത്താ സമ്മേളനം ഉണ്ടാകുമെന്നും വിവരമുണ്ട്. ചായ സല്‍ക്കാരത്തിന് പിന്നാലെ ഇന്‍ഡ്യ സഖ്യം വീണ്ടും മാര്‍ച്ച് നടത്താനും നീക്കം നടത്തുന്നെന്നാണ് വിവരം.

ഇന്നലെ നടന്ന ഇന്‍ഡ്യ സഖ്യത്തിന്റെ ഡല്‍ഹി ചലോ മാര്‍ച്ച് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. കൊണാട്ട് പ്ലേസില്‍ നിന്ന് സുപ്രീംകോടതിയിലേക്കായിരുന്നു മാര്‍ച്ച്. സുപ്രീം കോടതിയുടെ സമീപത്ത് ബാരിക്കോഡ് ഉയര്‍ത്തി പ്രതിഷേധ മാര്‍ച്ച് തടഞ്ഞിരുന്നു. സമരം നടക്കുമ്പോള്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീം കോടതിയില്‍ ഇൻഡ്യ സഖ്യത്തിന് വേണ്ടി ഹര്‍ജി നല്‍കി. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, സൗഗത റോയി, അഖിലേഷ് യാദവ്, ത്വേജസ്വി പ്രസാദ് യാദവ്, സഞ്ജയ് റാവത്ത്, എം എ ബേബി, ഡി രാജ, മഹുവ മാജി, സുപ്രിയ സുലെ, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.

Tags

Share this story