പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി; വെള്ളിയാഴ്ച കൊണാട്ട് പ്ലേസില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കാന്‍ ആഹ്വാനം

അഭിജിത്ത്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മറ്റന്നാൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനതാ പാര്‍ട്ടി. കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുമെന്ന് സിജെപി കൺവീനർ അഭിജിത് ദീപ്‌കെ. അതേസമയം ജന്തർമന്തറിലെ മിന്നൽ പ്രതിഷേധത്തിൽ അറസ്റ്റിലായ സിജെപി നേതാക്കൾ തിഹാർ ജയിലിൽ. അഞ്ച് ദിവസം റിമാൻഡിലായ സിജെപി സഹകൺവീനർമാരായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയുമാണ് തിഹാർ ജയിലിലേക്ക് മാറ്റിയത്.

പ്രതിഷേധം വിലക്കിയ ഡൽഹിയിലെ ജന്തർ മന്തറിൽ ഇന്നലെ ആയിരുന്നു സിജെപി സഹകൺവീനർമാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക,അജിങ്ക്യ ഷിൻഡെ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധം. കസ്റ്റഡിയിലെടുത്ത 14 പേരിൽ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെയാണ് അഞ്ച് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തത്. അന്യായമായി അതിക്രമിച്ചു കയറൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സിജെപി നേതാക്കൾക്ക് പിന്തുണയുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. യുവാക്കളെ തടവിലാക്കുന്നത് ഭീരുത്വമെന്നാണ് രാഹുലിന്റെ വിമർശനം.

അറസ്റ്റ് നടപടിയെ അപലപിച്ച് ഡിഎംകെയും എഎപിയും ഉൾപ്പെടെ രംഗത്തെത്തി. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരുടെ പിന്തുണയ്ക്ക് സിജെപി ദേശീയ കൺവീനർ അഭിജീത് ദീപ്കെ നന്ദി പറഞ്ഞു. ഇന്ത്യാ സഖ്യവുമായി ഭിന്നതയെന്ന റിപ്പോർട്ടുകൾ അഭിജീത് ദീപ്കെ തള്ളി. തുടർപ്രതിഷേധങ്ങൾക്കായി അഭിജീത് ദീപ്കെ മഹാരാഷ്ട്രയിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചു.

Tags

Share this story