സിജെപി പ്രതിഷേധം; സുപ്രീം കോടതി ഉത്തരവ് ലംഘിച്ചെന്ന് ആരോപണം: അധികൃതർക്കെതിരേ കോടതിയലക്ഷ്യ നടപടിക്ക് ഹർജി

ഡൽഹി പോലീസ്

ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ഒക്റ്റോബർ 10ന് ഡൽഹിയിൽ മെട്രൊ, ഇന്ത്യൻ റെയ്ൽവേ ട്രെയ്ൻ സർവീസുകൾ പൂർണമായി തടയരുതെന്ന സുപ്രീം കോടതി നിർദേശം അധികൃതർ ലംഘിച്ചെന്ന് ആരോപിച്ച് കോടതിയലക്ഷ്യ നടപടിക്ക് ഹർജി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഡൽഹി പൊലീസ് കമ്മിഷണർ അനുരാഗ് കുമാർ, ഡൽഹി മെട്രൊ റെയ്ൽ കോർപറേഷൻ ചെയർപേഴ്സൺ ഡി. താര എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

പൗരന്മാരുടെ മൗലികാവകാശങ്ങൾക്കു നേരെയുള്ള കടന്നാക്രമണവും കോടതിയുടെ ഉത്തരവുകളോടുള്ള അവഗണനയുമാണ് അധികൃതരുടെ നടപടിയെന്ന് ഹർജിയിൽ ആരോപിച്ചു. ഡൽഹി മെട്രൊയും പൊലീസും കേന്ദ്ര സർക്കാരും മനഃപൂർവം ഉത്തരവ് മറികടക്കാൻ ശ്രമിച്ചെന്നും ഇത്തരം നടപടികൾക്കെതിരേ കർശന നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ഒക്റ്റോബർ 10ന് ഡൽഹിയിലേക്കുള്ള മെട്രൊ, ട്രെയ്ൻ ഗതാഗതം പൂർണമായി നിരോധിക്കരുതെന്ന് കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. എല്ലാം നിർത്തിവയ്ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന നീക്കങ്ങൾ നിയന്ത്രിക്കാൻ നിയമപാലകർക്ക് അധികാരമുണ്ടെങ്കിലും പൊതുജനങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.

എന്നാൽ, കോടതിയുടെ വ്യക്തമായ നിർദേശവും അധികൃതർ നൽകിയ ഉറപ്പും നിലനിൽക്കെ, ഗതാഗത ഇടനാഴികളിൽ വ്യാപകമായ നിയന്ത്രണങ്ങൾ തുടരുകയും അനാവശ്യമായി ട്രെയ്നുകൾ റദ്ദാക്കുകയും ചെയ്തതായി ഹർജിയിൽ ആരോപിച്ചു. ഗതാഗതവുമായി ബന്ധപ്പെട്ട വ്യക്തമായ അറിയിപ്പുകൾ പൊതുജനങ്ങൾക്ക് നൽകുന്നതിലും അധികൃതർ വീഴ്ച വരുത്തി. ഇത് തലസ്ഥാനത്തെ പൊതുജീവിതത്തെ സാരമായി ബാധിക്കുകയും അത്യാവശ്യ യാത്രക്കാർ ഉൾപ്പെടെയുള്ളവരെ പ്രതിസന്ധിയിലാക്കുകയും ചെയ്തെന്നും ഹർജിയിൽ പറയുന്നു.

കോടതിയുടെ ഒക്റ്റോബർ ഒമ്പതിലെ ഉത്തരവ് മനഃപൂർവം ലംഘിച്ചതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. മെട്രൊ, റെയ്ൽവേ സർവീസുകൾക്കെതിരായ പൊതുവായ നിരോധന ഉത്തരവുകൾ ഉടൻ പിൻവലിക്കാനും നിയന്ത്രണങ്ങളോടെയുള്ള സർവീസുകൾ പുനഃസ്ഥാപിക്കാനും പൊതുജനങ്ങളെ ഉടൻ അറിയിക്കാനും ഇടക്കാല നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. കോടതിയലക്ഷ്യം നടത്തിയതിന് ശിക്ഷിക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്ന് നിർദേശിച്ച് നോട്ടീസ് അയക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags

Share this story