സി.ജെ.പി സമരം: ചെറുകിട വ്യാപാരികളുടെ ഉപജീവനത്തെക്കുറിച്ച് സുപ്രീം കോടതി; പ്രക്ഷോഭവുമായി മുന്നോട്ടെന്ന് ദീപ്കെ
ന്യൂഡൽഹി: കോക്കറോച്ച് ജനതാ പാർട്ടി (CJP) ഡൽഹിയിൽ നടത്തുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ നിർണായക നിരീക്ഷണങ്ങളുമായി സുപ്രീം കോടതി. പ്രതിഷേധങ്ങൾ കാരണം ചെറുകിട കച്ചവടക്കാരുടെയും സാധാരണക്കാരുടെയും ജീവിതം തസ്സപ്പെടുന്നതിലെ ആശങ്ക കോടതി വ്യക്തമാക്കി.
ഒരാൾക്ക് പ്രതിഷേധിക്കണം, മറ്റൊരാൾക്ക് കപ്പലണ്ടി വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം പാലിക്കണം. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു," എന്ന് കേസ് പരിഗണിച്ച ബെഞ്ചിലെ ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു.
ജനങ്ങളുടെ ഉപജീവനമാർഗ്ഗത്തെയും വ്യാപാരങ്ങളെയും ബാധിക്കുന്ന തരത്തിൽ സ്ഥിതിഗതികൾ മാറിയാൽ ഭരണഘടനാപരമായ അധികാരങ്ങൾ ഉപയോഗിച്ച് കോടതി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരും വിവേകത്തോടെ പെരുമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.
അതേസമയം, പ്രക്ഷോഭ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്ന് വ്യക്തമാക്കി സി.ജെ.പി നേതാവ് അഭിജിത് ദീപ്കെ പ്രക്ഷോഭങ്ങളെ ന്യായീകരിച്ചു രംഗത്തെത്തി. ജനകീയ ആവശ്യങ്ങൾ മുൻനിർത്തിയുള്ള പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സംഘടനയുടെ നിലപാട്.
സുപ്രീം കോടതി ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിക്കുകയും കൂടുതൽ വാദങ്ങൾക്കായി മാറ്റിവെക്കുകയും ചെയ്തു. ഡൽഹിയിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
