ഡല്‍ഹി ഇന്നും പ്രക്ഷുബ്ദമാകും; 'ഇന്‍ഡ്യ' സഖ്യത്തിൻ്റെ സുപ്രീംകോടതി മാര്‍ച്ച് ഇന്ന്
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി. ഇന്‍ഡ്യ സഖ്യത്തിന്റെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് നടക്കും. കൊണാട്ട് പ്ലേസില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാകും മാര്‍ച്ച് നടത്തുക. മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, എം എ ബേബി തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയും ഖര്‍ഗെയും സംയുക്ത നിവേദനം നല്‍കുന്നതിനായി ചീഫ് ജസ്റ്റിസിനോട് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയെങ്കിലും അനുമതി ലഭിച്ചിട്ടില്ല. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ഹര്‍ജി നല്‍കാനാണ് നിര്‍ദേശം. സിജെപിയും പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകളും രാജ്യതലസ്ഥാനത്ത് നടത്തുന്ന പ്രതിഷേധം ഇന്നും തുടരും.
അതേസമയം സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നിലനില്‍ക്കേ വീണ്ടും മെട്രോ സ്റ്റേഷനുകള്‍ അടച്ചിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ആറ് സ്റ്റേഷനുകള്‍ അടച്ചിടുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു. സുപ്രീംകോടതി പരിസരത്തും ജന്തര്‍ മന്തറിലേക്കുള്ള വഴികളിലുമായി 35,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തില്‍ 37 പ്രധാന കേന്ദ്രങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഗതാഗതവും ജനക്കൂട്ടവും നിയന്ത്രിക്കുകയാണ് പൊലീസ്.
ഡൽഹിയിൽ പ്രതിഷേധവുമായി രംഗത്ത് വരുന്നവർക്കെതിരെ ഡൽഹി പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും വ്യാപക ആക്രമണം അഴിച്ച് വിടുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. പ്രതിഷേധിച്ച ഇടതുപക്ഷ സംഘടനാ പ്രവർത്തകരെയും വിദ്യാർത്ഥി നേതാക്കളെയും വലിച്ചിഴയ്ക്കുകയും വാഹനത്തിൽ കയറ്റി ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഞായറാഴ്ച നടന്ന പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരുന്ന രാജ്യസഭാ എം പി ജോൺ ബ്രിട്ടാസിനെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. പിന്നീട് വാഹനത്തിൽ വെച്ച് പൊലീസ് മർദ്ദിച്ചുവെന്നാണ് ജോൺ ബ്രിട്ടാസ് എം പി പറഞ്ഞത്. അവശനായ ജോൺ ബ്രിട്ടാസിനെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.പിന്നീട് ജോൺ ബ്രിട്ടാസിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി തോമസിനെ വലിച്ചിഴച്ച് പൊലീസ് വാഹനത്തിൽ കയറ്റുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു. പൊലീസ് വാഹനത്തിൽ വെച്ച് ജെയ്ക്ക് സി തോമസും മർദ്ദനത്തിന് ഇരയായി. പൊലീസ് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് ആർശ് എം സജിയുടെ തലയടിച്ച് പൊട്ടിക്കുകയും ചെയ്തു.
കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത് ദീപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ മജിസ്ട്രേറ്റ് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഞായറാഴ്ച രാവിലെ കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയ നേതാക്കളെ മോചിപ്പിക്കുന്നതിനായി തൊട്ടുപിന്നാലെ തന്നെ ഡല്‍ഹി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു.
