വോട്ടവകാശത്തിനായി പോരാട്ടം; ഹൈദരാബാദിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധം
ഹൈദരാബാദ്: രാജ്യത്ത് വോട്ടവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദിലെ ബി.ആർ.കെ.ആർ ഭവനിൽ പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിൽ കൂറ്റൻ പ്രതിഷേധം. വോട്ടർ പട്ടികയിലെ വ്യാപകമായ ക്രമക്കേടുകൾക്കും വോട്ട് വെട്ടിമാറ്റലുകൾക്കുമെതിരെ വിവിധ രാഷ്‌ട്രീയ പാർട്ടികളും വിദ്യാർത്ഥി സർവകലാശാലാ കൂട്ടായ്മകളും സംയുക്തമായാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാർ കവാടത്തിൽ തടഞ്ഞുനിർത്തിയതിനെ തുടർന്ന് തെരുവിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. രാജ്യത്തെ പൗരന്മാരുടെ ഭരണഘടനാപരമായ വോട്ടവകാശം സംരക്ഷിക്കപ്പെടണമെന്നും, തടസ്സങ്ങളില്ലാതെ വോട്ട് ചെയ്യാനുള്ള അവകാശം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് പ്രദേശത്ത് കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയ സുതാര്യമാക്കണമെന്നും ആരുടെയും വോട്ടവകാശം അന്യായമായി നിഷേധിക്കരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
