ഗ്യാനേഷ് കുമാറിന്‍റെ രാജി; ഇന്ത്യാ സഖ്യത്തിന്‍റെ സുപ്രീം കോടതി മാർച്ച് തടഞ്ഞ് പൊലീസ്: സംഘർഷാവസ്ഥ

രാഹുൽ സമരം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്‍റെ സുപ്രീം കോടതി മാർച്ച് പുരോഗമിക്കുന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഐസ ദേശീയ പ്രസിഡന്‍റ് നേഹ ബോറ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ്, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, മന്ത്രി ഒ.ജെ. ജനീഷ് തുടങ്ങിയവർ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. മാർച്ച് പൊലീസ് തടഞ്ഞുവെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം.

റാഫി മാർഗിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. തുറന്ന വാഹനത്തിലാണ് മാർച്ച് നടക്കുന്നത്. ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരും കാൽനടയായി നേതാക്കൾക്കൊപ്പമുണ്ട്. മാർച്ചിന്‍റെ പശ്ചാത്തലത്തിൽ വൻതോതിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഡൽഹി പൊലീസ്, അർധസൈനികർ എന്നിവരെയാണ് വിന്യസിച്ചിരിക്കുന്നത്.

മാർച്ചിനിടെ രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. വൈകിട്ട് 4.32ന് ഓൺലൈനായി അദ്ദേഹത്തിന്‍റെ അഭിഭാഷകരാണ് ഹർജി ഫയൽ ചെയ്തത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്ത് നിന്ന് ജ്ഞാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. മല്ലികാർജുൻ ഖാർഗെ, ടിഎംസി നേതാവ് സൗഗതാ റോയി, അഖിലേഷ് യാദവ്, തേജസ്വി യാദവ് എന്നിവരും ഹർജി നൽകി.

അതേസമയം രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും സുപ്രീം കോടതിയിൽ പ്രവേശിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അനുമതി നൽകിയെന്നാണ് വിവരം.

രാഹുൽ ഗാന്ധിയുടെ അഭിഭാഷക സംഘവും മാർച്ച് എത്തുന്നതായി സുപ്രീം കോടതിയിൽ കാത്തുനിൽക്കുന്നുണ്ട്. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വിയും ഇവർക്കൊപ്പമുണ്ട്.

Tags

Share this story