തലകീഴായി കെട്ടിത്തൂക്കി, ഷോക്കടിപ്പിച്ചു; ബിജെപി എംഎൽഎയുടെ വീട്ടിൽ യുവാക്കൾക്ക് ക്രൂരമർദ്ദനം
ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ സുശാന്ത് സിങ്ങിന്റെ വസതിയിൽ മൂന്ന് യുവാക്കളെ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിക്കുകയും ഇലക്ട്രിക് ഷോക്ക് ഏൽപ്പിക്കുകയും ചെയ്തതായി ഗുരുതര പരാതി. സംഭവത്തിൽ ഒരാളുടെ നില തികച്ചും ഗുരുതരമായി തുടരുകയാണ്. ബിജ്നോർ ജില്ലയിലെ ബർഹാപൂർ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ് സുശാന്ത് സിങ്.
എംഎൽഎയുടെ വീട്ടിലെ ജീവനക്കാരായ രാമു കശ്യപ്, അതുൽ കശ്യപ്, ഇവരുടെ സുഹൃത്തായ ലവിഷ് കശ്യപ് എന്നിവരാണ് പീഡനത്തിനിരയായത്. ഇവർക്ക് നേരെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിക്കുകയും, ശരീരത്തിലെ മുറിവുകളിൽ ഉപ്പ് തിരുമ്മുകയും, വൈദ്യുതാഘാതമേൽപ്പിക്കുകയും ചെയ്തതായി ബന്ധുക്കൾ ആരോപിക്കുന്നു.
കഴിഞ്ഞ ഒക്ടോബർ 6-ന് എംഎൽഎയുടെ വസതിയിൽ നിന്ന് ഒരു സ്വർണ്ണവള കാണാതായിരുന്നു. ഇതേത്തുടർന്ന് മോഷണം ആരോപിച്ച് എംഎൽഎയുടെ സഹായികൾ യുവാക്കളെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ രാമു കശ്യപും അതുൽ കശ്യപും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ മർദ്ദനമേറ്റ രാമുവിന്റെ അമ്മ താക്കൂർദ്വാര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മൊറാദാബാദ് പോലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചു.
