സൽമാൻ ഖാനൊപ്പം പ്രവർത്തിച്ചാൽ അടുത്ത ഇര നിങ്ങൾ; സിനിമാമേഖലയ്ക്ക് ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ കടുത്ത ഭീഷണി
ബോളിവുഡ് താരം സൽമാൻ ഖാനെതിരെയുള്ള വധഭീഷണികൾക്ക് പിന്നാലെ, ബോളിവുഡ് സിനിമാലോകത്തിന് നേരെ മുന്നറിയിപ്പുമായി ലോറൻസ് ബിഷ്ണോയ് സംഘം. സൽമാൻ ഖാനൊപ്പം സിനിമകളിലോ മറ്റ് പരിപാടികളിലോ സഹകരിക്കുന്ന ഏതൊരു നടൻമാരും, നിർമ്മാതാക്കളും, അണിയറപ്രവർത്തകരും തങ്ങളുടെ അടുത്ത ലക്ഷ്യമായിരിക്കുമെന്നാണ് ബിഷ്ണോയ് സംഘം പുതിയ സന്ദേശത്തിലൂടെ വ്യക്തമാക്കിയത്.
കൃഷ്ണ മൃഗത്തെ വേട്ടയാടിയ സംഭവവുമായി ബന്ധപ്പെട്ട് സൽമാൻ ഖാനോട് വർഷങ്ങളായി നിലനിൽക്കുന്ന പകയാണ് ഈ ഭീഷണികൾക്ക് പിന്നിൽ. താരത്തിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടും മുംബൈ പൊലീസ് കൺട്രോൾ റൂമിലേക്കും മറ്റും സംഘം നിരന്തരം ഭീഷണി സന്ദേശങ്ങൾ അയക്കുന്നത് ബോളിവുഡിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സൽമാനുമായി ബന്ധം പുലർത്തുന്ന ആർക്കും സുരക്ഷ ഉണ്ടാകില്ലെന്നും, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നവർ വലിയ വില നൽകേണ്ടി വരുമെന്നുമാണ് സംഘത്തിന്റെ ഭീഷണി. ഈ സാഹചര്യത്തിൽ പ്രമുഖ താരങ്ങളും നിർമ്മാതാക്കളും ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ കടുത്ത അരക്ഷിതാവസ്ഥയിലാണ്. മുംബൈ പൊലീസും രഹസ്യാന്വേഷണ വിഭാഗവും സംഭവത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ബോളിവുഡ് താരം ടൈഗർ ഷ്രോഫിനെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിനു പിന്നാലെയാണ് ഭീഷണി. ടൈഗർ ഷ്രോഫിനെ വിളിച്ച് കാര്യങ്ങൾ മനസിലാക്കാൻ തങ്ങൾ ശ്രമിച്ചെന്നും എന്നാൽ താരം അത് കേട്ടില്ലെന്നും അതിനാൽ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചെന്നും ബിഷ്ണോയി സംഘം പറഞ്ഞു.
