ഇന്ത്യ ഇനി ജനാധിപത്യ രാജ്യമല്ല; മോദിയും അമിത് ഷായും ചേർന്ന് ഭരിക്കുന്ന ഏകാധിപത്യ രാജ്യം: പ്രിയങ്ക ​ഗാന്ധി

പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യ ഇനി ജനാധിപത്യ രാജ്യമല്ലെന്നും  പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് ഭരിക്കുന്ന ഏകാധിപത്യ രാജ്യമാണെന്നും കോണ്‍ഗ്രസ് നേതാവ്‌  പ്രിയങ്ക ഗാന്ധി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രതിഷേധം ശക്തമായിരിക്കുന്ന ഘട്ടത്തിലാണ് പ്രതികരണവുമായി പ്രിയങ്ക  രം​ഗത്തെത്തിയിരിക്കുന്നത്. മൂന്ന് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ നിരവധി പേരെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.

254 എംപിമാരെ കൈയേറ്റം ചെയ്യുകയും അവരുടെ അടിസ്ഥാന ഭരണഘടനാ അവകാശങ്ങൾ ലംഘിച്ചുകൊണ്ട്  നിയമവിരുദ്ധമായി പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിപക്ഷ പാർട്ടികളിലെ പ്രതിഷേധക്കാരോടും ഇതേ രീതിയിലാണ് പോലീസ് പെരുമാറിയത്. പിന്നാലെ ദേശീയ തലസ്ഥാനത്തെ ഉപരോധിക്കുകയും എല്ലാ ഭാഗത്തുനിന്നും അടച്ചു പൂട്ടുകയും ചെയ്യുന്നു.

ട്രെയിനുകളും മെട്രോ സർവീസുകളും തടസ്സപ്പെടുത്തി. ഇന്റർനെറ്റ് വിച്ഛേദിച്ചു. എല്ലായിടത്തും ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിച്ച യുവാക്കളെയും യുവതികളെയും മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്നും പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.

Tags

Share this story