ഡാൽ തടാകത്തിൽ മോട്ടോർ ബോട്ടുകൾക്കും ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ജെറ്റ് സ്കീകൾക്കും ജമ്മു കശ്മീർ ഹൈക്കോടതിയുടെ നിരോധനം

ജമ്മു

മാലിന്യനിയന്ത്രണവും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി പ്രശസ്തമായ ഡാൽ തടാകത്തിൽ മോട്ടോർ ബോട്ടുകളുടെയും ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ജെറ്റ് സ്കീകളുടെയും ഉപയോഗത്തിന് ജമ്മു കശ്മീർ ലഡാക് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തി. അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെ ഡാൽ തടാകത്തിൽ ഇത്തരം യാനങ്ങളുടെ പ്രവർത്തനം കർശനമായി നിരോധിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ഡോ. പുഷ്പേന്ദ്ര സിംഗ് ഭട്ടി, ജസ്റ്റിസ് രാജേഷ് ശേഖരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.

​തടാകത്തിലെ ആവാസവ്യവസ്ഥ തകരുന്നതിനെതിരെയും വർദ്ധിച്ചുവരുന്ന മലിനീകരണത്തെയും കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ ഇടക്കാല ഉത്തരവ്. മോട്ടോർ ബോട്ടുകളും ജെറ്റ് സ്കീകളും തടാകത്തിൻ്റെ ആവാസവ്യവസ്ഥയ്ക്ക് വലിയ തോതിൽ ദോഷം ചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു.

​ഈ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ ലേക്ക് കൺസർവേഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി (LCMA), ടൂറിസം വകുപ്പ്, പോലീസ് എന്നിവർക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, വിനോദസഞ്ചാര മേഖലയ്ക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമായ ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു. 

Tags

Share this story