ജന്തർ മന്തർ 2.0; ധ്രുവ് റാഠിയും സിപിഐഎം നേതാക്കൾ കസ്റ്റഡിയിൽ; സമരം അടിച്ചമർത്താൻ പെലീസ്

ഡൽഹി പോലീസ്

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി വ്യാപക അറസ്റ്റുമായി ഡൽഹി പൊലീസ്. യൂട്യൂബർ ധ്രുവ് റാഠിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ സെക്ടർ 56-ലുള്ള വസതിയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തതായി സിജെപി ഔദ്യോഗിക എക്സ് പേജിലൂടെ സ്ഥിരീകരിച്ചിരുന്നു. 'തെറ്റുകൾ ചോദ്യം ചെയ്യുന്ന, നിശബ്ദരാകാൻ തയ്യാറാകാത്ത യുവതയെ ഏകാധിപതി ഭയക്കുന്നു' എന്നാണ് ഔദ്യോഗിക എക്സ് പേജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സിജെപി വിമർശിച്ചു. ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി ആഹ്വാനം ചെയ്ത സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർ മന്തറിലേയ്ക്ക് തിരിച്ച സിപിഐഎം നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു. സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ള നേതാക്കളെയാണ് ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇതിനിടെ സിജെപി നേതാക്കളായ അഭിജീത് ദീപ്കെയും സൗരവ് ദാസും അശുതോഷ് റാങ്കെയും ഡൽഹിയിലേയ്ക്ക് തിരിച്ചു. AI 2428 എയർ ഇന്ത്യ വിമാനത്തിലാണ് അഭിജീത് ദീപ്കെയും സംഘവും ഡൽഹിയിൽ എത്തുക. 10.35-ന് വിമാനം ലാൻഡ് ചെയ്യുമെന്നാണ് അറിയിപ്പ്. രാവിലെ പത്ത് മണിക്ക് ജന്തര്‍ മന്തറിലേക്ക് എത്തിച്ചേരാനാണ് സിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ പ്രക്ഷോഭത്തെ നേരിടാന്‍ സമാനതകളില്ലാത്ത വിധം സന്നാഹങ്ങളാണ് ഡല്‍ഹി പൊലീസും സര്‍ക്കാരും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

2020ലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് ശേഷം, തലസ്ഥാനത്ത് ഒരു പ്രതിഷേധത്തിനിടെ ക്രമസമാധാന പാലനത്തിനായി കേന്ദ്രസേനയെ വിന്യസിക്കുന്നതിലെ ഏറ്റവും വലിയ നടപടികളിലൊന്നാണിതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഒരാഴ്ചയ്ക്കിടെയുള്ള സന്ദര്‍ശനങ്ങള്‍ റദ്ദാക്കി അമിത് ഷാ ഡല്‍ഹിയില്‍ തുടരുകയാണ്. എന്നാല്‍ ഈച്ചയെ കൊല്ലാന്‍ ചുറ്റികയെടുക്കരുതെന്നായിരുന്നു കഴിഞ്ഞ ദിവസം സുപ്രീംകോടതി നിരീക്ഷിച്ചത്. ട്രെയിനും മെട്രോയും അടച്ചുള്ള നിയന്ത്രണങ്ങളെ അടിയന്തരാവസ്ഥയെന്നാണ് സിജെപി വിശേഷിപ്പിച്ചത്. കേക്രോച്ച് ജനതാപാര്‍ട്ടിയും എസ്എഫ്ഐയും എഐഎസ്എഫും ഐസയും എഎസ്എപിയും അടക്കം ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായി പ്രതിഷേധത്തില്‍ അണിനിരക്കും.

കേന്ദ്ര സായുധ പൊലീസ് വിഭാഗത്തിലെ 23,000 പേരെയാണ് ഡല്‍ഹിയിലേക്ക് കേന്ദ്രം വിന്യസിച്ചിരിക്കുന്നത്. സിജെപി പ്രതിഷേധത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. നിലവില്‍ ജന്തര്‍ മന്തറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജന്തര്‍ മന്തറിന്റെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 9ന് രാത്രി 10 മണി മുതല്‍ ഒക്ടോബര്‍ 10 ന് രാത്രി 10 മണി വരെയാണ് നിയന്ത്രണം. വിവിധ തലങ്ങളിലായുള്ള ബാരിക്കേഡുകള്‍, സിസിടിവി നിരീക്ഷണം, ഫേഷ്യല്‍ റക്ഗനഷന്‍ സിസ്റ്റം അടക്കം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags

Share this story