ജന്തര്‍ മന്തറിലെ മിന്നല്‍ സമരം; സൗരവ് ദാസും അശുതോഷ് റാങ്കയും റിമാന്‍ഡില്‍: അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യം

സിജെപി

ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ മിന്നല്‍ സമരത്തെ തുടര്‍ന്ന് അറസ്റ്റിലായ സിജെപി നേതാക്കള്‍ സൗരവ് ദാസും അശുതോഷ് റാങ്കയും റിമാന്‍ഡില്‍. അഞ്ച് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനാണ് തീരുമാനം. അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. പോരാട്ടം തുടരുമെന്ന് അജിന്‍ക്യ ഷിന്‍ഡെ വ്യക്തമാക്കി. കേന്ദ്രത്തിന്റെ ഭരണം ബ്രിട്ടീഷ് ഭരണത്തിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേതാക്കളുടെ ജാമ്യത്തിനായി അപ്പീല്‍ നല്‍കുന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും.

സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ ഇന്ന് ഡല്‍ഹിയില്‍ എത്തും. ജന്തര്‍ മന്തര്‍ ഇനി മുതല്‍ സമര കേന്ദ്രം അല്ലെന്ന് കേന്ദ്രം ഉത്തരവിറക്കിയതിന് പിന്നാലെ വലിയ സുരക്ഷാ സന്നാഹങ്ങളായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ജന്തര്‍ മന്തര്‍ സമര കേന്ദ്രമായി തുടരണമെന്നും സമരത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ വലിയ പ്രതിഷേധം ഉണ്ടാകുമെന്നും സിജെപി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഡല്‍ഹി പൊലീസിന്റെയും അര്‍ദ്ധ സൈനിക വിഭാഗത്തിന്റെയും സകല സുരക്ഷാ സംവിധാനങ്ങളെയും ഭേദിച്ച് സിജെപി പ്രവര്‍ത്തകര്‍ ജന്തര്‍ മന്തറില്‍ എത്തിയത്.

അശുതോഷ് റാങ്കയുടെയും സൗരവ് ദാസിന്റെയും നേതൃത്വത്തിൽ മതില്‍ ചാടി കടന്നെത്തിയ പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം തുടരാന്‍ തന്നെയാണ് സിജെപിയുടെ തീരുമാനം. പുതിയെ നീക്കങ്ങള്‍ സംബന്ധിച്ച് ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. അറസ്റ്റിലായ നോതാക്കളെ തീഹാര്‍ ജയിലിലടച്ച് സമരത്തെ ഇല്ലാതാക്കാന്‍ ശ്രമം തടരുന്നതായി സിജെപി നേരത്തെ ആരോപിച്ചിരുന്നു.

Tags

Share this story