നേഹ ബോറയെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു; അഭിജീത് ദീപ്കെയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ നീക്കം
ന്യൂഡല്ഹി: വെള്ളിയാഴ്ച ഡല്ഹിയില് നടന്ന തിരംഗ മാര്ച്ചിനിടെ പൊലീസ് അറസ്റ്റ് ചെയ്ത ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ ഡല്ഹി പൊലീസ് വിട്ടയച്ചു. 14 മണിക്കൂറിന് ശേഷമാണ് നേഹയെ വിട്ടയക്കുന്നത്. നേഹ ബോറ ആര് കെ പുരം സ്റ്റേഷനിലായിരുന്നു എന്നാണ് പൊലീസ് നല്കുന്ന വിവരം. കനത്ത പ്രതിഷേധത്തിനൊടുവിലാണ് മോചനം. അതേസമയം അഭിജീത് ദീപ്കെയെ ജുഡീഷ്യല് കസ്റ്റഡിയില് വിടാനുള്ള നീക്കത്തിലാണ് പൊലീസ്. ദീപ്കെയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. എന്നാല് ഇപ്പോഴും അഭീജീത് ദീപ്കെ എവിടെയാണ് എന്നതില് വ്യക്തതയില്ല. മുമ്പ് അറസ്റ്റിലായ ഘട്ടത്തില് ക്രമസമാധാനം തകര്ക്കുന്ന നടപടി ഉണ്ടാകരുത് എന്ന ഉപാധിയിന്മേലായിരുന്നു വിട്ടയച്ചിരുന്നത്. അഭിജീത് ദീപ്കെ ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന് കാട്ടി കോടതിയെ സമീപിക്കാനാണ് ഡല്ഹി പൊലീസ് ഒരുങ്ങുന്നത്.
കോണാട്ട് പ്ലേസില് തിരംഗ മാർച്ചിന് എത്തിച്ചേരാൻ കോക്രോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്തിരിക്കെയായിരുന്നു അഭിജീത് ദീപ്കെയുടെ വസതിക്ക് വെളിയിൽ നിന്ന് ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി മണ്ഡി ഹൗസിലേയ്ക്ക് എത്തിയ നേഹ ബോറയെയും ഡൽഹി പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തിരുന്നു. തിരംഗ മാര്ച്ച് നടത്താന് പാടില്ലെന്നും അത് നിയമ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി നേരത്തെ പൊലീസ് നോട്ടീസ് നൽകിയിരുന്നു. ദേശീയ പാതാകയുമായി പൗരന്മാര്ക്ക് രാജ്യത്ത് റാലി നടത്താന് കഴിയാത്ത സാഹചര്യമാണ് ഇപ്പോള് ഉള്ളതെന്ന് ദീപ്കെ അറസ്റ്റിന് മുമ്പ് പ്രതികരിച്ചിരുന്നു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കേരളത്തിലും പ്രതിഷേധം തുടരുകയാണ്. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 24 മണിക്കൂർ ജന്തർ മന്തർ സമരം ഇന്ന് ആരംഭിക്കും. വൈകീട്ട് 4 മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമരം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. 18ന് നടക്കുന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
