ഡൽഹിയിൽ പ്രതിപക്ഷ പ്രതിഷേധം; മാധ്യമങ്ങളോട് പ്രതികരിക്കവേ ആനി രാജയും ജോൺ ബ്രിട്ടാസും കസ്റ്റഡിയിൽ
ന്യൂഡല്‍ഹി: വിമാനത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കൾ അഭിജീത് ദീപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. ഇന്ന് രാവിലെ കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയ നേതാക്കളെ ഡല്‍ഹി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയാണ് മോചിപ്പിക്കാൻ ഉത്തരവിട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നേതാക്കൾ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. സിജെപിയുടെ അടുത്ത നീക്കമെന്തെന്ന് നേതാക്കൾ അറിയിക്കുമെന്നാണ് വിവരം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം ശക്തമാക്കുമെന്ന് സിജെപി അറിയിച്ചിരുന്നു. എസ്എഫ്ഐയും ഐസയുമടക്കമുള്ള ഇടതുസംഘടനകളും ഇന്ന് ജന്തർ മന്തറിലേക്ക് സമരം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം സമരം ചെയ്തതിന് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ രാജ്യത്തിൻ്റെ ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യമായ ഇടപെടലാണെന്ന് പറഞ്ഞ് കേന്ദ്രം യുഎന്നിൻ്റെ ആവശ്യം തള്ളി.
ഒക്ടോബര്‍ പത്തിന് സമരമെന്ന സിജെപിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ ജന്തര്‍ മന്തറിലേക്ക് നിരവധി പേരാണ് ഒഴുകിയെത്തിയത്. സമരത്തിന് മുമ്പ് തന്നെ ഡൽഹിയിലേക്കുള്ള ട്രെയിനുകളും നഗരത്തിലെ മെട്രോകളും അടച്ചിരുന്നു. ഇൻ്റർനെറ്റിനും നിരോധനമുണ്ടായിരുന്നു. ഇന്നലെ ഏറെ വൈകിയാണ് ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചത്. 7,000ൽ അധികം പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുത്തതായാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ 15000ത്തിനടുത്ത് ആളുകളെ കസ്റ്റഡിയിലെടുത്തെന്നാണ് സിജെപി ആരോപിക്കുന്നത്.
സിജെപി നേതാക്കൾക്ക് പുറമേ യൂട്യൂബർ ധ്രുവ് റാഠി, മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, മമത ബാനർജി, അരവിന്ദ് കെജ്രിവാൾ, മണിക് സർക്കാർ എന്നിവരും വിവിധ പാർട്ടികളിലെ മുതിർന്ന നേതാക്കളും, നേഹ ബോറ, ഐഷി ഘോഷ് തുടങ്ങിയ വിദ്യാർത്ഥി നേതാക്കളും അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തവരിൽ ഉൾപ്പെടുന്നു.
2020ലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് ശേഷം, തലസ്ഥാനത്ത് ഒരു പ്രതിഷേധത്തിനിടെ ക്രമസമാധാന പാലനത്തിനായി കേന്ദ്രസേനയെ വിന്യസിക്കുന്നതിലെ ഏറ്റവും വലിയ നടപടികളിലൊന്നാണിതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരാഴ്ചയ്ക്കിടെയുള്ള സന്ദര്‍ശനങ്ങള്‍ റദ്ദാക്കി അമിത് ഷാ ഡല്‍ഹിയില്‍ തുടരുകയാണ്. എന്നാല്‍ ഈച്ചയെ കൊല്ലാന്‍ ചുറ്റികയെടുക്കരുതെന്നായിരുന്നു കഴിഞ്ഞ ദിവസം സുപ്രീംകോടതി നിരീക്ഷിച്ചത്. ട്രെയിനും മെട്രോയും അടച്ചുള്ള നിയന്ത്രണങ്ങളെ അടിയന്തരാവസ്ഥയെന്നാണ് സിജെപി വിശേഷിപ്പിച്ചത്.
