ഗ്യാനേഷിന്റെ രാജിക്കായുള്ള പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുപ്രീംകോടതിയിലേക്ക് 'ഇൻഡ്യ' മാർച്ച് ആരംഭിച്ചു

ചലോ മാർച്ച്

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി. ഇന്‍ഡ്യ സഖ്യത്തിന്റെ ഡല്‍ഹി ചലോ മാര്‍ച്ച് ആരംഭിച്ചു. കൊണാട്ട് പ്ലേസില്‍ നിന്ന് സുപ്രീംകോടതിയിലേക്കാണ് മാര്‍ച്ച്.. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തുന്നത്.

രാഹുല്‍ ഗാന്ധിയും ഖര്‍ഗെയും സംയുക്ത നിവേദനം നല്‍കുന്നതിനായി ചീഫ് ജസ്റ്റിസിനോട് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ഹര്‍ജി നല്‍കാനാണ് നിര്‍ദേശം.

അതേസമയം സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നിലനില്‍ക്കേ വീണ്ടും മെട്രോ സ്റ്റേഷനുകള്‍ അടച്ചിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ആറ് സ്റ്റേഷനുകള്‍ അടച്ചിടുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു. സുപ്രീംകോടതി പരിസരത്തും ജന്തര്‍ മന്തറിലേക്കുള്ള വഴികളിലുമായി 35,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തില്‍ 37 പ്രധാന കേന്ദ്രങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഗതാഗതവും ജനക്കൂട്ടവും നിയന്ത്രിക്കുകയാണ് പൊലീസ്.

ഇന്‍ഡ്യ ബ്ലോക്ക് സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് തീരുമാനിക്കുമ്പോള്‍ എന്തിനാണ് ഇത്രയും സുരക്ഷ ഒരുക്കിയതെന്നാണ് ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുല്‍ ഗാന്ധി ചോദിച്ചത്. മോദിക്കും ഷായ്ക്കും ഗ്യാനേഷ് കുമാറിനുമെതിരായ പൊതുജനങ്ങളുടെ വികാരമാണ് ഇപ്പോള്‍ ഉയര്‍ന്നത്. എന്തിനാണ് 30,000 സുരക്ഷാ ഉദ്യോഗസ്ഥരെ റോഡില്‍ നിര്‍ത്തിയിരിക്കുന്നത്. നഗരത്തിലുടനീളം വിന്യസിച്ചിരിക്കുന്ന ഡസന്‍ കണക്കിന് ബസുകള്‍, കലാപ വിരുദ്ധ വാഹനങ്ങള്‍, ജലപീരങ്കികള്‍ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ ചോദ്യം. എന്തിനാണ് ഡല്‍ഹിയെ ജയിലില്‍ അടച്ചതെന്നും ബസും ട്രെയിനും തടഞ്ഞ് നഗരത്തിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും ജനങ്ങളെ വിലക്കി ഡല്‍ഹിയെ ഒരു കോട്ട പോലെയാക്കിയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു

Tags

Share this story