ജന്തർ മന്തറിലേക്ക് എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരുടെ മാർച്ച്, നടപടിയുമായി പൊലീസ്

Dyfi

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധം ആളിപ്പടരുന്നു. എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ ജന്തർ മന്തറിൽ പ്രതിഷേധിച്ചു. ബാരിക്കേഡുകൾ മറിച്ചിട്ട പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ചു. എം വി നികേഷ് കുമാർ, എ എ റഹീം ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടിച്ചമർത്താമെന്ന് കരുതരുതെന്നും സമരം രാജ്യമാകെ പടരുമെന്നും എം വി നികേഷ് കുമാർ പ്രതികരിച്ചു. ഒരു തരത്തിലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

അതിനിടെ കഴിഞ്ഞദിവസം ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. സഹ കണ്‍വീനര്‍മാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അജിങ്ക്യ ഷിന്‍ഡെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജെഡിയു ഓഫീസ് ഗേറ്റ് വഴിയായിരുന്നു ഇന്നലെ സംഘം ജന്തർ മന്തറിൽ എത്തിയത്. ജന്തര്‍ മന്തറിനെ സമരകേന്ദ്രമല്ലാതാക്കിയ നടപടിക്ക് പിന്നാലെയായിരുന്നു നേതാക്കൾ ജന്തർ മന്തറിലെത്തിയത്.

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം തുടരുമെന്ന് കഴിഞ്ഞദിവസം ഇന്‍ഡ്യാസഖ്യം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. സമരം വലിയ വിജയമാണെന്നും രാജ്യത്ത് ജനാധിപത്യം തകര്‍ന്നതായും അത് തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണിതെന്നുമായിരുന്നു നേതാക്കള്‍ പറഞ്ഞത്.

ജന്തർമന്തറിന് സമരകേന്ദ്രമെന്ന പദവി ലഭിക്കുംവരെ യുവജന വിദ്യാർത്ഥി സംഘടനകളെയടക്കം പങ്കെടുപ്പിച്ച് മിന്നൽ സമരത്തിനാണ് നീക്കം. നവംബർ ഒന്നിന് രാംലീല മൈതാനിയില്‍ ഇന്‍ഡ്യാ മുന്നണി നേതാക്കളെയും എംപിമാരെയും പോഷക സംഘടനാ നേതാക്കളെയും വിവിധ വിദ്യാര്‍ത്ഥി-യുവജന പ്രതിനിധികളെയും പങ്കെടുപ്പിച്ച് വന്‍ റാലിയുണ്ടാകും.

Tags

Share this story