പ്രധാനമന്ത്രിക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ 'കമാൻഡർ ഇൻ തീഫ്' (Commander-in-Thief), 'കള്ളന്മാരുടെ സർദാർ' എന്നീ പരാമർശങ്ങളുടെ പേരിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള ക്രിമിനൽ അപകീർത്തി കേസ് വിചാരണ നടപടികൾ സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.
കേസ് റദ്ദാക്കാൻ വിസമ്മതിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിലാണ് ഈ ആശ്വാസ നടപടി.
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അപാരേഷ് കുമാർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിഷയം വിശദമായി പരിശോധിക്കുന്നതിനായി മഹാരാഷ്ട്ര സർക്കാരിനും പരാതിക്കാരനും കോടതി നോട്ടീസ് അയച്ചു. മറുപടി നൽകാൻ നാലാഴ്ചത്തെ സമയം അനുവദിച്ച കോടതി, അതുവരെ വിചാരണക്കോടതിയിലെ തുടർനടപടികൾ സ്റ്റേ ചെയ്യുന്നതായി വ്യക്തമാക്കുകയായിരുന്നു.
2018-ൽ റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചാരണത്തിനിടയിലാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം നടത്തിയത്. ഇതിനെ തുടർന്ന് ബി.ജെ.പി പ്രവർത്തകൻ നൽകിയ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയോട് ഹാജരാകാൻ മുംബൈ മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചിരുന്നു. ഇതാണ് സുപ്രീം കോടതി ഇപ്പോൾ താൽക്കാലികമായി സ്റ്റേ ചെയ്തിരിക്കുന്നത്.
