നേഹ ബോറ എവിടെ? പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില് പ്രതിഷേധവുമായി നേതാക്കള്; അഭിജീത് ദീപ്കെയെ കുറിച്ചും വിവരമില്ല
ന്യൂഡല്ഹി: തിരംഗ മാര്ച്ചിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ഐസ അധ്യക്ഷ നേഹ ബോറ എവിടെ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. നേഹ എവിടെ എന്ന ചോദ്യവുമായി സിപിഐ നേതാവ് ആനി രാജ ഉള്പ്പെടെയുള്ള നേതാക്കള് പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില് എത്തി. നേഹ ബോറയെ കസ്റ്റഡിയിലെടുത്ത വാഹനത്തില് യൂണിഫോം ധരിക്കാത്ത രണ്ട് പേരുണ്ടായിരുന്നുവെന്നും ഇത് ദുരൂഹത ഉയര്ത്തുന്നതാണെന്നും ഐസ ആരോപിച്ചു. സേനയ്ക്ക് പുറത്തുനിന്നുള്ളവരെയാണോ ദില്ലി പൊലീസ് പ്രതിഷേധക്കാരെ അടിച്ചമര്ത്താന് നിയോഗിച്ചിരിക്കുന്നതെന്ന ചോദ്യവും ഐസ ഉയര്ത്തിയിട്ടുണ്ട്.
രാജ്യതലസ്ഥാനത്ത് സിജെപിയുടെ തിരംഗാ മാര്ച്ചിനിടെയുണ്ടായ പൊലീസ് നടപടിയില് പ്രതികരണവുമായി വിവിധ നേതാക്കളും രംഗത്തെത്തി. അഭിജീത് ദീപ്കെയേയും നേഹ ബോറയേയും കസ്റ്റഡിയിലെടുത്തതിനെ നേതാക്കള് രൂക്ഷമായി വിമര്ശിച്ചു. തിരംഗ യാത്രയില് പങ്കെടുക്കുന്നതിനിടെ കസ്റ്റഡയിലെടുത്ത നേഹ ബോറയും അഭിജീത് ദീപ്കെയും എവിടെയെന്ന ചോദ്യവും ജോണ് ബ്രിട്ടാസ് ഉള്പ്പടെയുള്ള നേതാക്കള് ഉന്നയിക്കുന്നുണ്ട്.
പൊതുവീഥിയിലൂടെ ത്രിവര്ണ്ണ പതാകയുമായി നടക്കുന്നത് കുറ്റകരമല്ലെന്ന് ശശി തരൂര് എക്സില് കുറിച്ചു. ഡല്ഹി പൊലീസ് രാജ്യത്തോട് വിശദീകരണം നല്കാന് ബാധ്യസ്ഥരാണ് എന്നും അദ്ദേഹം കുറിച്ചു. ഡല്ഹി പൊലീസ് കസ്റ്റഡയിലെടുത്ത അഭിജീത് ദീപ്കെയെക്കുറിച്ചുള്ള വിവരങ്ങള് പൊലീസ് പുറത്തുവിടുന്നില്ലെന്ന് വ്യക്തമാക്കി കോക്രോച്ച് ജനത പാര്ട്ടി പങ്കുവച്ച പോസ്റ്റ് പങ്കുവച്ചാണ് തരൂരിന്റെ പ്രതികരണം.
ഒരു പൗരനെ കസ്റ്റഡിയിലെടുക്കാനും, അവര് എവിടെയാണെന്ന വിവരം രഹസ്യമായി സൂക്ഷിക്കാനും പൊലീസിന് ഏത് നിയമമാണ് അനുവാദം തരുന്നതെന്ന് ജോണ് ബ്രിട്ടാസ് ചോദിച്ചു. ഐസയില് നിന്നുള്ള അഞ്ജലി ഇപ്പോള് എന്നെ വിളിച്ചിരുന്നു. പ്രതിഷേധത്തില് പങ്കെടുക്കാന് പോകുന്നതിനിടെ, മണ്ഡി ഹൗസില് വച്ച് ഡല്ഹി പൊലീസ് നേഹ ബോറയെ കസ്റ്റഡിയിലെടുത്തു. ഫോണ് പോലും കൈവശമില്ലാതെ, ഒറ്റയ്ക്കാണ് അവരെ കൊണ്ടുപോയത്. എവിടെയാണെന്ന് ഇപ്പോള് അറിവില്ല. തടങ്കല് എന്നത് അപ്രത്യക്ഷമാക്കലായി മാറാന് പാടില്ല. നേഹ എവിടെയാണെന്ന് ഡല്ഹി പൊലീസ് വെളിപ്പെടുത്തണം. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവര്ത്തകരെയും കാണാനുള്ള അവസരം അവര്ക്ക് ഉറപ്പാക്കുകയും വേണം. അവരെ തടങ്കലില് വെച്ചതിനുള്ള കാരണങ്ങള് പൊലീസ് വ്യക്തമാക്കണം. ഡല്ഹി പൊലീസ്, നിങ്ങള് നിയമത്തിന് വിധേയരാണെന്നും, നിയമത്തിന് അതീതരല്ലെന്നും ഓര്ക്കുക – അദ്ദേഹം എക്സില് കുറിച്ചു.
സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമര്ത്തുന്നത് കേന്ദ്ര സര്ക്കാര് അവസാനിപ്പിക്കണമെന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിനും ആവശ്യപ്പെട്ടു. നേഹാ ബോറയും അഭിജീത് ദീപ്കെയും എവിടെ എന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു. ഈ മുന്നേറ്റത്തെ തകര്ക്കാനുള്ള ഏത് ശ്രമവും അതിനെ കൂടുതല് ശക്തമാക്കുകയേയുള്ളൂവെന്നും അദ്ദേഹം കുറിച്ചു.
ദേശീയ പതാക കൈയിലേന്തി എന്ന കാരണത്താല് അഭിജീത് ദിപ്കെയെ തടങ്കലിലാക്കിയിരിക്കുന്നുവെന്ന് മമത ബാനര്ജിയും കുറിച്ചു. സ്വതന്ത്ര ഇന്ത്യയില്, നമ്മുടെ യുവജനങ്ങള് തങ്ങളുടെ ജനാധിപത്യ അവകാശങ്ങള് സമാധാനപരമായി വിനിയോഗിച്ചതിന് തടങ്കലിലാക്കപ്പെടുന്നുവന്നും അവര് ചൂണ്ടിക്കാട്ടി.
