തൃണമൂൽ വിട്ട യൂസഫ് പഠാന് ഗുജറാത്തിൽ 20.5 കോടിയുടെ പ്ലോട്ട് സ്വന്തം; വിവാദ ഭൂമി കൈമാറാൻ സർക്കാരിന്റെ അനുമതി

യൂസഫ്

അഹമ്മദാബാദ്: വഡോദരയിലെ തർക്കത്തിലുള്ള 978 ചതുരശ്ര മീറ്റർ ഭൂമി മുൻ ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പഠാന് അനുവദിക്കാൻ ഗുജറാത്ത് സർക്കാർ നിർദേശം നൽകി. അന്താരാഷ്ട്ര കായികതാരങ്ങൾക്കുള്ള നയപ്രകാരമാണ് തീരുമാനമെന്ന് വഡോദര മുനിസിപ്പൽ കോർപ്പറേഷൻ (വിഎംസി) ഉദ്യോഗസ്ഥർ പറഞ്ഞു. നിർദേശം വിഎംസി സ്റ്റാൻഡിങ് കമ്മിറ്റിയുടെയും ജനറൽ ബോർഡിന്‍റെയും പരിഗണനയ്ക്കു വയ്ക്കും; അലോട്ട്മെന്‍റിന്‍റെ വിശദാംശങ്ങൾ അന്തിമമായിട്ടില്ല.

ഉത്തരവ് പ്രകാരം 500 ചതുരശ്ര മീറ്റർ പാർപ്പിട ആവശ്യത്തിന് സൗജന്യമായി ലഭിക്കും. ബാക്കി 478 ചതുരശ്ര മീറ്റർ വിലയിരുത്തിയ വിപണിമൂല്യത്തിന്‍റെ 55 ശതമാനത്തിനും. ഏകദേശം 20.50 കോടി രൂപയാണ് പ്ലോട്ടിന്‍റെ വിപണിമൂല്യം. ഈ ഭൂമി പഠാനു നൽകാൻ റവന്യൂ വകുപ്പിനോട് നിർദേശിച്ച സർക്കാർ, ഈ തീരുമാനം ഇനി മാതൃകയായി ഉദ്ധരിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

2012 മുതൽ തന്‍റെ തണ്ടൽജയിലെ വീടിനോടു ചേർന്ന ഭൂമിക്കായി പഠാൻ ശ്രമിക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി 99 വർഷത്തെ പാട്ടത്തിന് അപേക്ഷിച്ചു. ചതുരശ്ര മീറ്ററിന് 57,270 രൂപയ്ക്ക് ഭൂമി നൽകാമെന്ന് വിഎംസി അംഗീകരിച്ചെങ്കിലും, പൊതുലേലം നടത്താത്തതിനാൽ 2014 ജൂണിൽ സംസ്ഥാന സർക്കാർ ഈ തീരുമാനം തള്ളി. ഭൂമി കൈവശം വച്ച പഠാൻ ചുറ്റുമതിൽ പണിതു. 2024 ജൂണിൽ കൈയേറ്റം ഒഴിയാൻ വിഎംസി ഉത്തരവിട്ടതോടെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. 2025 ഓഗസ്റ്റിൽ ഹർജി തള്ളിയ കോടതി, അന്തിമ അലോട്ട്മെന്‍റ് ഉത്തരവോ പണമടയ്ക്കലോ നടന്നിട്ടില്ലാത്തതിനാൽ ഭൂമിയിൽ പഠാന് നിയമപരമായ അവകാശമില്ലെന്നു വ്യക്തമാക്കി.

2026-ൽ അപ്പീൽ നൽകിയ പഠാന്, ജൂണിൽ ഡിവിഷൻ ബെഞ്ച് സംസ്ഥാന നയപ്രകാരം അവകാശവാദം ഉന്നയിക്കാൻ നാലാഴ്ച അനുവദിച്ചു; വൈകിയാൽ കൈവശം തുടരുന്നതിനുള്ള നഷ്ടപരിഹാരം വർധിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 13-ലെ സർക്കാർ ഉത്തരവ് ഓഗസ്റ്റ് 29-ന് വിഎംസിയിലെത്തി; രണ്ടു ദിവസത്തിനകം, ഓഗസ്റ്റ് 31-ന്, അപ്പീൽ പഠാൻ പിൻവലിച്ചു.

2024-ൽ പശ്ചിമ ബംഗാളിലെ ബഹറാംപുരിൽ തൃണമൂൽ ടിക്കറ്റിൽ ലോക്സഭയിലെത്തിയ പഠാൻ, ഈ ജൂണിൽ മമത ബാനർജിക്കെതിരെ കലാപമുയർത്തിയ 20 തൃണമൂൽ എംപിമാരിൽ ഒരാളാണ്. ഇവർ ലോക്സഭാ സ്പീക്കറെ കണ്ട്, നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ (എൻസിപിഐ) ലയിച്ചതായി അവകാശപ്പെട്ടിരുന്നു. ഈ പാർട്ടിയാകട്ടെ, എൻഡിഎയെ നിരുപാധികം പിന്തുണയ്ക്കുകയും ചെയ്യുന്നു.

Tags

Share this story