നിനക്കായ്‌ : PART 11

നിനക്കായ്‌ : PART 11

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

” ആദ്യമായിട്ടാണ് എന്റെ പെങ്ങളെക്കൊണ്ട് എനിക്കൊരു ഉപകാരമുണ്ടാവുന്നത്. ”

കടൽ തീരത്ത് നിന്നും കാർ റോഡിലേക്ക് കയറുമ്പോൾ ചിരിയോടെ അജിത്ത് പറഞ്ഞു.

” അതെന്താണപ്പാ ഇപ്പൊ അത്ര വലിയൊരുപകാരം ? ”

അവന്റെ മുഖത്തേക്ക് നോക്കി അനു ചോദിച്ചു.

” അഭിയെ അവൾക്ക് മുന്നിൽ എങ്ങനെ പരിചയപ്പെടുത്തുമെന്ന കൺഫ്യൂഷനിൽ നിക്കുവായിരുന്നു ഞാൻ . അപ്പോഴേക്കും നീ വന്ന് അവൾക്ക് കറക്ട് മറുപടി കൊടുത്തു . അതാ ഞാൻ പറഞ്ഞത് . ”

അജിത്ത് പറഞ്ഞു.

” ഇപ്പൊഴെങ്കിലും എന്നെയൊന്ന് അംഗീകരിച്ചല്ലോ എനിക്കത് മതി ”

പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.

” അപ്പോ ഏട്ടന്റെ ഉള്ളിലൊരു പ്രതികാരം ഉണ്ടായിരുന്നു അല്ലേ ? ”

അനുവിന്റെ ചോദ്യത്തിന് അജിത്ത് വെറുതേ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

” ഈ അവസ്ഥയിൽ നിക്കുന്ന അവളോട് ഞാനിനി എന്ത് പ്രതികാരം ചെയ്യാനാഡീ. ഒന്ന് സത്യമാണ് ഒരിക്കൽ എന്റെ ജീവിതം തകർത്ത് പുതിയ ജീവിതത്തിലേക്ക് പോയവളാണ് അവൾ. ഇന്ന് ആ അവൾക്ക് മുന്നിൽ അഭിയെ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ എന്തെന്നില്ലാത്ത അഭിമാനവും പിന്നെ ഒരു ചെറിയ അഹങ്കാരവും എന്നിലുണ്ടായിരുന്നു . ”

വിദൂരതയിലേക്ക് നോക്കി ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവൻ പതിയെ പറഞ്ഞു.

” അല്ല ഇതെന്താ അഭിചേച്ചി ഈ ലോകത്തൊന്നുമല്ലെ. എന്താ ഒന്നും മിണ്ടാത്തത് ? ”

പിന്നിൽ നിന്നും അഭിരാമിയുടെ തോളിൽ പിടിച്ച് കുലുക്കിക്കൊണ്ട് അനു ചോദിച്ചു. പുറത്തേക്ക് മിഴിനട്ടിരുന്ന അവൾ പെട്ടന്ന് ഒന്ന് ഞെട്ടിയത് പോലെ തോന്നി.

” എന്താടീ ? ”

പെട്ടന്ന് അജിത്തും ചോദിച്ചു.

” ഏയ് ഒന്നുല്ല. ഞാൻ വെറുതെ ഓരോന്നാലോചിച്ചിരുന്നതാ. ”

ഒരു വരണ്ട പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് അവൾ വീണ്ടും പുറത്തേക്ക് മിഴികളയച്ചു. വീട്ടിലെത്തിയിട്ടും അഭിരാമിയിലെ മൗനം അജിത്ത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

” നിനക്കിതെന്ത്‌ പറ്റിയെഡീ ? ”

രാത്രി മുകളിലേക്ക് കയറിവന്ന അഭിരാമിയുടെ കയ്യിൽ പിടിച്ച് തന്നോട് ചേർത്തുകൊണ്ട് അജിത്ത് ചോദിച്ചു.

” എനിക്കെന്ത് പറ്റാൻ ഒന്നുമില്ല. വിട് എനിക്ക് ചെറിയൊരു തലവേദനയുണ്ട് ഒന്ന് കിടക്കണം. ”

അവന്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു.

” നീയിപ്പോ കിടക്കണ്ട. നിന്റെയീ മാറ്റത്തിന്റെ കാരണം പറഞ്ഞിട്ട് പോയാൽ മതി. ”

അവളെ ഒന്നുകൂടി തന്നോട് ചേർത്തുകൊണ്ട് അജിത്ത് പറഞ്ഞു.

” എനിക്കൊരു മാറ്റവുമില്ല . അജിത്തേട്ടന് തോന്നുന്നതാ. ”

അവൾ വീണ്ടും പറഞ്ഞു.

” എന്നിട്ടാണോഡീ നിന്റെ മോന്ത കടന്തല് കുത്തിയത് പോലെയിരിക്കുന്നത്. ”

അവളുടെ മുഖം പിടിച്ചുയർത്തിക്കോണ്ട് അവൻ വീണ്ടും ചോദിച്ചു..

” കീർത്തിയെ കണ്ടപ്പോൾ എനിക്കെന്തോ പോലെ ….. ”

വാക്കുകൾ പൂർത്തിയാക്കാതെ അവൾ അജിത്തിനെ നോക്കി.

” എടീ പൊട്ടീ നീയിപ്പോഴും അതാലോചിച്ചിരിക്കുവാണോ. ഞാൻ വീണ്ടും അവളിലേക്ക് പോകുമെന്ന് പേടിയുണ്ടോ നിനക്ക് ? ”

അവളുടെ താടി പിടിച്ചുയർത്തിക്കൊണ്ട് അജിത്ത് ചോദിച്ചു.

” അതല്ലജിത്തേട്ടാ അവളുടെ കണ്ണീര് കണ്ടപ്പോൾ എനിക്കെന്തോ ഒരു കുറ്റബോധം. ”

” എന്താ അഭീ നീയിങ്ങനെ ? ചിലപ്പോൾ തൊന്നും ഏറ്റവും ബുദ്ധിയുള്ള പെണ്ണാ എന്റെയീ അടക്കാക്കുരുവിയെന്ന്. മറ്റുചിലപ്പോൾ നിന്നോളം വലിയൊരു കഴുതക്കുട്ടി വേറെയില്ല. അവളുടെ കാര്യത്തിൽ നിനക്കെന്തിനാ കുറ്റബോധം. അവളുടെ ഈ അവസ്ഥയ്ക്ക് കാരണം അവള് തന്നെയാ. ഒരിക്കൽ ഞാൻ ചങ്ക് പറിച്ചുകൊടുത്ത് സ്നേഹിച്ചവളാ അവൾ. പക്ഷേ എന്നേക്കാൾ നല്ലൊരാളെ കണ്ടപ്പോൾ എന്നെ വലിച്ചെറിഞ്ഞു പോയവളാ അവൾ. അതിന്റ പേരിൽ വർഷങ്ങൾ ഞാനെന്റെ ജീവിതം നശിപ്പിച്ചു. എന്നെ വീണ്ടും പഴയ അജിത്താക്കിയത് നീയാണ് എന്റെ ഉണ്ടക്കണ്ണി. പിന്നെ അവളുടെ ഈ അവസ്ഥയിൽ വിഷമമില്ലെന്ന് പറഞ്ഞാൽ അത് നുണയാവും. അത് പക്ഷേ ഒരിക്കലും അവളോടുള്ള പഴയ ഇഷ്ടം കൊണ്ടല്ല. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട്‌ തോന്നുന്ന വെറും സഹതാപം കൊണ്ട് മാത്രം. ഇനിയാരൊക്കെ വന്നാലും എന്റെയീ പൊട്ടിപ്പെണ്ണിനെ ഞാനുപേക്ഷിക്കില്ല. ”

അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് അജിത്തത് പറയുമ്പോൾ നിറഞ്ഞ കണ്ണുകളൊപ്പി അഭിരാമി അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി. അവന്റെ കൈകൾ ഒന്നുകൂടി അവളെ വരിഞ്ഞ് മുറുക്കി.

“ഡീ ഇപ്പൊ നിനക്ക് ഉറക്കം വരുന്നില്ലേ ? ”

അവളെ നോക്കി ചിരിയോടെ അജിത്ത് ചോദിച്ചു.

” ആഹ് ഇപ്പൊ എനിക്കുറക്കം വരണില്ല. ഇയാളുമിപ്പോ ഉറങ്ങണ്ട. ”

അവനിലേക്ക് ഒന്നുകൂടി ചേർന്നുകൊണ്ട് അഭിരാമി പറഞ്ഞു. അജിത്ത് വെറുതേയൊന്ന് ചിരിക്കുക മാത്രം ചെയ്തു.

” അല്ല അപ്പോ പഴയ കാമുകിയെ കണ്ടിട്ട് ഒന്നും തോന്നിയില്ലേ ? ”

ബൈക്കിൽ അജിത്തിനോട്‌ ചേർന്നിരുന്നുകൊണ്ട് അഭിരാമി ചോദിച്ചു.

” പിന്നേ തോന്നിയില്ലേന്നോ ഇപ്പൊ അവള് ഫ്രീ അല്ലേ ഒന്നൂടെ ട്രൈ ചെയ്താലോന്ന് തോന്നി. ഞാനാലോചിച്ചപ്പോൾ അത് കൊള്ളാം ”

” എന്ത്‌ കൊള്ളാമെന്ന് ? ”

ചിരിയടക്കിപ്പിടിച്ച് അജിത്ത് പറയുമ്പോൾ പല്ലുകൾ ഞെരിച്ചമർത്തിക്കൊണ്ട് അഭിരാമി ചോദിച്ചു.

” അല്ല ഈ ഒന്നെടുക്കുമ്പോൾ ഒന്ന് ഫ്രീന്ന് പറയുന്ന പോലെ അവളെ കെട്ടിയാൽ വല്യ കഷ്ടപ്പാടില്ലാതെ ഒരു കൊച്ച് ഫ്രീയുണ്ട് ”

മിററിലൂടെ അഭിരാമിയുടെ ദേഷ്യം കൊണ്ട് ചുവന്ന് തുടുത്ത മുഖത്തേക്ക് നോക്കിക്കൊണ്ട് അജിത്ത് പറഞ്ഞു.

” ഓഹ് അത്രക്ക് ദാരിദ്ര്യമാണല്ലേ ? ”

പെട്ടന്നുള്ള അഭിരാമിയുടെ ചോദ്യം കേട്ട് അജിത്തിന്റെ ചുണ്ടിലൊരു വളിച്ച ചിരി പരന്നു.

” എന്നാപ്പിന്നെ അങ്ങനെ തന്നെ നടക്കട്ടെ. എന്റെ ഗോകുൽ സാറിന് എന്നെ ഇപ്പോഴുമൊരു നോട്ടമുണ്ടെന്നാ എല്ലാരും പറയുന്നത് ”
അജിത്തിന്റെ ഭാവം മാറുന്നത് ശ്രദ്ധിച്ചുകൊണ്ട് അഭിരാമി പറഞ്ഞു.

” നിന്റെ ഗോകുൽ സാറോ അതേത് വകയിലാ ? ”

പെട്ടന്ന് വണ്ടി ബ്രേക്കിട്ടുകൊണ്ട് അജിത്ത് ചോദിച്ചു.

” ഇയാൾക്ക് കീർത്തിയെ ട്രൈ ചെയ്യാമെങ്കിൽ എനിക്ക് ഗോകുൽ സാറിനെ ട്രൈ ചെയ്തൂടെ ? ”

അവനെ നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു. അജിത്തിന്റെ മുഖം വലിഞ്ഞ് മുറുകിയിരുന്നു.

” ഇത് റോഡായത് കൊണ്ട് നീ രക്ഷപെട്ടു. വൈകുന്നേരം വീട്ടിലേക്ക് വാടി കുരുട്ടടക്കേ നിന്നെ ഞാൻ കാണിച്ചു തരാം. ”

പറഞ്ഞുകൊണ്ടവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ഒരു കള്ളച്ചിരിയോടെ അഭിരാമി അവനോട് ചേർന്നിരുന്നു. പതിനൊന്ന് മണിയോടെ ഹോസ്പിറ്റലിൽ നിന്നും അനഘയെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്നു.

” നീ വരുന്നില്ലേ അനൂ…? ”

വൈകുന്നേരം എല്ലാവരും പോകാനിറങ്ങുമ്പോഴും കുഞ്ഞിനെ കളിപ്പിച്ചു കൊണ്ടിരുന്ന അനുവിനെ നോക്കി ഗീത ചോദിച്ചു.

” അപ്പച്ചി പോട്ടേഡാ മുത്തേ …. ”

കുഞ്ഞിനെയെടുത്ത് നെറ്റിയിൽ ഉമ്മ വച്ചുകൊണ്ട് അനു പറഞ്ഞു.

” മതിയെഡീ ഉമ്മ വച്ചത്. കുഞ്ഞിന്റെ മുഖം മുഴുവൻ ഇപ്പൊത്തന്നെ തുപ്പലാ ”
ചിരിയോടെ അജിത്തത് പറയുമ്പോൾ എല്ലാവരും പൊട്ടിച്ചിരിച്ചു.

” ഞാനവൾടെ അപ്പച്ചിയാ എന്റെ ലേശം തുപ്പല് പറ്റിയാലും കുഴപ്പമൊന്നും ഇല്ല. അല്ലേടി തക്കുടൂവാവേ ”
കുഞ്ഞിനെ നെഞ്ചോട് ചേർത്ത് എല്ലാവരെയും നോക്കി അനു പറഞ്ഞു.

” നീയവൾടെ അപ്പച്ചി ആയത് മാത്രേ ഒരു കുറവായിട്ട് എനിക്ക് തോന്നുന്നുള്ളു ”

അവളെ നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് അജിത്ത് വീണ്ടും പറഞ്ഞു.

” ഈ രണ്ടെണ്ണം എപ്പോഴും ഇതുതന്നെ. കാള പോലെ വളർന്നു. എന്നിട്ടും ഇപ്പോഴും കൊച്ചുപിള്ളേരെപ്പോലാ തമ്മിലടി ”

വിമലയെ നോക്കി ചിരിച്ചുകൊണ്ട് ഗീത പറഞ്ഞു.

” അതേ ജേഷ്ടാ…. കൂടുതൽ ഷൈൻ ചെയ്യാൻ നിന്നാൽ ഞാൻ ചില വെളിപ്പെടുത്തലൊക്കെയങ്ങ് നടത്തും. അത് വേണോ ? ”

അജിത്തിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി അനു ചോദിച്ചു. പെട്ടന്ന് അജിത്തിന്റെ ചിരി മാഞ്ഞു.

” അയ്യോ വേണ്ട അപ്പച്ചിയൊന്ന് വരുമോ ? ”

പുറത്തേക്ക് നോക്കി അവളോടായി അജിത്ത് പറഞ്ഞു.

” മ്മ്മ് അതാണ്. അങ്ങനെ ബഹുമാനത്തോടെയൊക്കെ എന്നോട് പെരുമാറിയാൽ കൊള്ളാം. ”

പറഞ്ഞുകൊണ്ട് ചിരിയോടെ അജിത്തിനെ നോക്കിക്കൊണ്ട് അനു പുറത്തേക്ക് നടന്നു.

” ജോലിയൊക്കെ എങ്ങനുണ്ട് അഭിരാമി ? ”

കമ്പ്യൂട്ടറിന് മുന്നിലിരുന്ന് എന്തോ ചെയ്തുകൊണ്ട് ഇരുന്ന അഭിരാമിയ്ക്കരികിലേക്ക് വന്നുകൊണ്ട് ഗോകുൽ ചോദിച്ചു.

” കുഴപ്പമില്ല സാർ നന്നായി പോകുന്നു ”
പെട്ടന്ന് സീറ്റിൽ നിന്നുമെണീറ്റുകൊണ്ട് അഭിരാമി പറഞ്ഞു.

” താൻ എന്റെ ക്യാബിനിലേക്ക് ഒന്ന് വരണം. എനിക്കൽപം സംസാരിക്കാനുണ്ട് ”

പറഞ്ഞുകൊണ്ട് ഗോകുൽ തന്റെ ക്യാബിന് നേരെ നടന്നു.

” ഇയാൾക്കെന്നെ കാണുമ്പോ കാണുമ്പോ ഇതെന്തിന്റെ സൂക്കേടാ ? ”
അവൻ പോയതും അങ്ങോട്ട് വന്ന വീണയെ നോക്കി അഭിരാമി ചോദിച്ചു.

” അങ്ങേർക്ക് നിന്നോട് വല്ല കാതലും മൊട്ടിട്ട് കാണുമെടീ ”

പൊട്ടിച്ചിരിച്ചുകൊണ്ടുള്ള വീണയുടെ പറച്ചിൽ കേട്ടതും അഭിരാമിയുടെ കൈപ്പത്തി അവളുടെ നടും പുറത്ത് വീണു.

” എന്തൊരടിയാടി അടിച്ചത് നിനക്കൊരു നല്ല ഭാവിയുണ്ടാകട്ടേന്ന് കരുതി പറഞ്ഞതല്ലേ ഞാൻ. ”

മുതുക് തടവിക്കോണ്ട് വീണ പറഞ്ഞു.

” എങ്ങനെയാണാവോ ഈ നല്ല ഭാവി ഉണ്ടാകാൻ പോണത് ? ” അഭിരാമി.

” എടീ പോത്തേ കാര്യം അങ്ങേരൊരു കോഴിയാണെങ്കിലും പൂത്ത കാശുണ്ട്. അങ്ങേരെയെങ്ങാനും കെട്ടിയാൽ നിന്റെ ലൈഫ് സെറ്റായില്ലേ ? ”

അഭിരാമിയുടെ തോളിൽ കയ്യിട്ട് നെറ്റിയിൽ നെറ്റി മുട്ടിച്ച് വച്ചുകൊണ്ട് വീണ പറഞ്ഞു.

” ഒന്ന് പോടീ ഊളെ അപ്പോ എന്റജിത്തേട്ടനോ ? ”

അവളെ തള്ളി മാറ്റിക്കൊണ്ട് അഭിരാമി പറഞ്ഞു.

” ഓഹ് ഇതിനിടയ്ക്ക് അങ്ങനൊരു ട്വിസ്റ്റ്‌ ഉണ്ടല്ലോ. ഇതുങ്ങളെല്ലാം ഈ തീപ്പെട്ടിക്കൊള്ളീടെ പിന്നാലെയാണല്ലോ ദൈവമേ. എന്ത് കണ്ടിട്ടാണോ എന്തോ. ഈ കോഴി എന്നെയെങ്ങാനും കൊത്തിയിരുന്നേൽ ഞാനിപ്പോ എപ്പോഴേ അങ്ങേരടെ വീട്ടിലിരുന്നേനെ. യോഗമില്ലാ …. ”

അവളുടെ പറച്ചിൽ കേട്ട് അഭിരാമിയും ചിരിച്ചുപോയി.

” എന്തായാലും ഞാൻ പോയി കോഴിടെ ഒലിപ്പീര് കേട്ടിട്ട് വരാം ”

അവളുടെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് അഭിരാമി ഗോകുലിന്റെ ക്യാബിന് നേരെ നടന്നു.

” മേ ഐ കമിൻ സാർ ”

ഗ്ലാസ്‌ ഡോർ പാതി തുറന്ന് അകത്തേക്ക് തല നീട്ടി അഭിരാമി ചോദിച്ചു.

” വരൂ അഭീ ..?”

നിറഞ്ഞ പുഞ്ചിരിയോടെ ഗോകുൽ വിളിച്ചു.

” ഇരിക്കഭീ ”

” എന്താ സാർ പറയാനുണ്ടെന്ന് പറഞ്ഞത് ? ”

അവനഭിമുഖമായി കസേരയിലേക്ക് ഇരിക്കുമ്പോൾ അവൾ ചോദിച്ചു.

” അതുപിന്നെ അഭീ അതെങ്ങനെ തന്നെ പറഞ്ഞ് മനസ്സിലാക്കുമെന്നോ താനതിനെ എങ്ങനെയെടുക്കുമെന്നോ എനിക്കറിയില്ല. ഞാൻ ഒരുപാട് ആലോചിച്ചു. ഇനിയെങ്കിലും അത് തന്നോട് പറയണമെന്ന് തോന്നി. അതാണ് തന്നെയിങ്ങോട്ട്‌ വിളിച്ചത്. ”

കേട്ടിരിക്കും തോറും അഭിരാമിയിൽ അസ്വസ്ഥത വളർന്നുകൊണ്ടിരുന്നു.
എങ്കിലും മുഖത്ത് ഭാവവ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിച്ചുകൊണ്ട് അവളിരുന്നു.

” അതെന്താണെന്ന് വച്ചാൽ അഭീ ഐ ….. ”

” മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ ……
മിന്നി മിന്നി മിന്നി മിന്നി കത്തുമ്പോൾ…. ”

അവന്റെ വാക്കുകൾ മുഴുവനാകും മുന്നേ അഭിരാമിയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.

” സാർ അജിത്തേട്ടൻ വന്നിട്ടുണ്ട് എന്നെ കൊണ്ടുപോകാൻ. ഞാനെന്നാൽ… ”

മടിയിലിരുന്ന ഫോൺ കയ്യിലെടുത്തുകൊണ്ട് അവനെ നോക്കി അഭിരാമി ചോദിച്ചു.

” ഇറ്റ്സ് ഓക്കേ അഭിരാമി താൻ പൊക്കോളൂ ”

ഉള്ളിലെരിയുന്ന അമർഷം മറച്ച് പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൻ പറഞ്ഞു.

” താങ്ക്യു സാർ ”

പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് അവൾ വേഗം എണീറ്റ് പുറത്തേക്ക് നടന്നു.

” ആഹ് അജിത്തേട്ടാ ഞാൻ ദാ വരുന്നു ”

റൂമിന് പുറത്തേക്ക് ഇറങ്ങുമ്പോൾ ഫോൺ കാതോട് ചേർത്തുകൊണ്ട് അഭിരാമിയത് പറയുമ്പോൾ ഗോകുലിന്റെ മുഖം വലിഞ്ഞുമുറുകി.

” എപ്പോ നോക്കിയാലും അജിത്ത് അജിത്ത് അജിത്ത്. കേട്ട് കേട്ട് തലക്ക് ഭ്രാന്ത്‌ പിടിക്കുന്നു. ”

ഒരു സിഗരറ്റിന് തീ കൊളുത്തിക്കോണ്ട് ദേഷ്യം കടിച്ചമർത്തിക്കൊണ്ട് ഗോകുൽ പറഞ്ഞു.
ചുണ്ടിലെ എരിയുന്ന സിഗരറ്റ് ആഞ്ഞ് വലിച്ചുകൊണ്ട് ജനാലയിലൂടെ അവൻ പുറത്തേക്ക് നോക്കി.

” സോറി കുറച്ച് ലേറ്റായിപ്പോയി ”

പറഞ്ഞുകൊണ്ട് നിറഞ്ഞ പുഞ്ചിരിയോടെ അഭിരാമി ഓടി വന്ന് അജിത്തിന് പിന്നിലായി ബൈക്കിൽ കയറി. അവനോട് ചേർന്നിരുന്ന് പോകുന്ന അഭിരാമിയെ നോക്കിയിരുന്ന ഗോകുലിന്റെ കണ്ണുകൾ ജ്വലിച്ചു. കൈകൾ ഭിത്തിയിലമർന്നു.

” നിന്നെ ഞാൻ മോഹിച്ചിട്ടുണ്ടെങ്കിൽ നീ എനിക്കുള്ളത് തന്നെയാണഭീ…
മറ്റൊരുത്തനും നീ സ്വന്തമാവില്ല. ആവാനീ ഗോകുൽ സമ്മതിക്കില്ല. ”

എരിയുന്ന സിഗരറ്റ് ആഞ്ഞ് വലിച്ച് ഒരു ഭ്രാന്തനെപ്പോലെ അവൻ പുലമ്പിക്കോണ്ടിരുന്നു.

തുടരും – ഇനി ഒന്നിടവിട്ട ദിവസങ്ങളിലാവുട്ടോ പോസ്റ്റുക… ചില തിരക്കുകളുണ്ട്…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിനക്കായ്‌ : ഭാഗം 1

നിനക്കായ്‌ : ഭാഗം 2

നിനക്കായ്‌ : ഭാഗം 3

നിനക്കായ്‌ : ഭാഗം 4

നിനക്കായ്‌ : ഭാഗം 5

നിനക്കായ്‌ : ഭാഗം 6

നിനക്കായ്‌ : ഭാഗം 7

നിനക്കായ്‌ : ഭാഗം 8

നിനക്കായ്‌ : ഭാഗം 9

നിനക്കായ്‌ : ഭാഗം 10

Share this story