പവിത്ര: ഭാഗം 4

പവിത്ര: ഭാഗം 4

എഴുത്തുകാരി: തപസ്യ ദേവ്‌


ആദ്യമായി പറഞ്ഞു പോയ വാക്കുകളെ ഓർത്ത് പവിത്ര പശ്ചാത്തപിച്ചു. വിഷ്ണുവിനോട്‌ അങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ല എന്ന് പവിത്രക്ക് തോന്നി.

പ്രശാന്തും ചിപ്പിയും കറക്കം ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തിയിരുന്നു വൈകിട്ട് ആയപ്പോഴേക്കും.
ഒരു കൈ സഹായത്തിനു പോലും അടുക്കളയിലേക്ക് തിരിഞ്ഞു നോക്കാറില്ല ചിപ്പി.മാത്രമല്ല അമ്മയോടോ പവിത്രയോടൊ സംസാരിക്കാൻ പോലും അവൾ മിനക്കെടാറില്ല.
രാത്രിയിൽ ഊണ് മേശക്ക് മുൻപിൽ ആണ് എല്ലാവരും ഒരുമിക്കുന്നത്.

അങ്ങനെ അത്താഴം കഴിച്ചോണ്ട് ഇരിക്കുമ്പോൾ അമ്മാവനും അമ്മായിയും വന്നു വിരുന്നിനു വിളിച്ചിട്ട് പോയ കാര്യം പത്മം പ്രശാന്തിനോടും ചിപ്പിയോടുമായി പറഞ്ഞു.

അവർ പറയുന്നതിൽ ഒന്നും ശ്രദ്ധ കൊടുക്കാതെ എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരിക്കുന്ന ചിപ്പിയോട് പത്മം ചോദിച്ചു.

” എന്താ മോളെ എന്തുപറ്റി ആഹാരം ഒന്നും ഇഷ്ടപ്പെട്ടില്ലേ… ”

” പിന്നെ വളരെ ഇഷ്ടപ്പെട്ടു… എന്നും കുറെ അവിയലും രസവും ചമ്മന്തിയും…മടുത്തു.

നിങ്ങൾക്ക് വല്ല ചിക്കനോ ബീഫോ ഉണ്ടാക്കി കൂടെ… എന്റെ മമ്മ എനിക്ക് എന്നും
ഇതൊക്കെയാണ് ഉണ്ടാക്കി തന്നു കൊണ്ടിരുന്നത്. ”

ചിപ്പിയുടെ മുഖത്തെയും വാക്കുകളിലെയും പുച്ഛം പവിത്രയെ ദേഷ്യം പിടിപ്പിച്ചു കൊണ്ടിരുന്നു.

” ഇവിടെ എന്തേലും വിശേഷം ഒക്കെ ഉണ്ടേലെ ചിക്കൻ വാങ്ങിക്കുള്ളു മോളെ.. ”

ദേഷ്യത്തോടെ കസേര വലിച്ചു നീക്കി ചിപ്പി എണീറ്റ് പോയി. പുറകെ പ്രശാന്തും കഴിപ്പ് മതിയാക്കി എണീറ്റു.

” നീ എവിടെ പോകുന്നു ”
പവിത്രയുടെ ചോദ്യം കേട്ടതും അവൻ അവിടെ തന്നെ നിന്നു പോയി.

” എനിക്ക് മതി. ”

” മര്യാദക്ക് നിന്റെ പ്ലേറ്റിൽ ഉള്ളതും നിന്റെ ഭാര്യയുടെ പ്ലേറ്റിൽ ഉള്ളതും കഴിച്ചിട്ട് അതു കഴുകിയും വെച്ചിട്ട് നീ പോയാൽ മതി ”

” ചേച്ചി എനിക്ക് വേണ്ടാഞ്ഞിട്ടാ… വിശപ്പ് ഇല്ല ”

” എനിക്ക് അതറിയേണ്ട കാര്യമില്ല പ്രശാന്തേ… ഇവിടെ വെറുതെ കളയാൻ ആഹാരം ഇല്ല. ഒരു നേരത്തെ ആഹാരത്തിന്റെ വില നമ്മൾ നല്ല പോലെ മനസിലാക്കിയ കാലം ഒന്നും നീ മറന്നിട്ടില്ല എന്ന് ഞാൻ കരുതുന്നു ”

പവിത്ര പറഞ്ഞ കാര്യത്തിൽ നിന്നും മാറില്ല എന്ന് അറിയാവുന്നതു കൊണ്ട് അവൻ പതിയെ ഇരുന്നു കഴിക്കാൻ തുടങ്ങി.
അമ്മയും പവിത്രയും കഴിച്ചു കഴിഞ്ഞു പാത്രവും കഴുകി വന്നപ്പോഴും അവൻ കഴിക്കുന്നതേയുള്ളൂ.

” അവന് വേണ്ടായിരിക്കും പവിത്രേ… നീ അവനോട് മുറിയിൽ പൊയ്ക്കോളാൻ പറ മോളെ ”

” തല്ക്കാലം അമ്മ പോയി കിടക്കാൻ നോക്ക് ബാക്കി കാര്യം ഞാൻ നോക്കിക്കോളാം.. ചെല്ല് ”

പവിത്ര പത്മത്തെ മുറിയിലേക്ക് പറഞ്ഞു വിട്ടു. ഒരു ഗ്ലാസ്‌ വെള്ളം പ്രശാന്തിന്റെ അടുക്കലേക്ക് നീക്കി വെച്ചു കൊടുത്തു.

ആ വെള്ളം ധൃതിയിൽ കുടിക്കുമ്പോൾ അവന്റെ നെറുകയിൽ കയറി. പവിത്ര അവന്റെ തലയിൽ ചെറുതായി തട്ടി കൊടുത്തു.

” നാളെ മുതൽ എന്തെങ്കിലും കഴിക്കണം എന്നുണ്ടെങ്കിൽ ഭാര്യയോട് അടുക്കളയിൽ കയറി ഞങ്ങളെ സഹായിക്കാൻ പറയണം.നിനക്കും ഭാര്യക്കും വെച്ചുണ്ടാക്കി തരാൻ ഞങ്ങൾ നിന്റെയൊക്കെ വേലക്കാർ അല്ല.
അവൾക്ക് കഴിക്കാൻ ആഗ്രഹമുള്ള സാധനങ്ങൾ വാങ്ങിച്ചു കൊടുക്കേണ്ട ഉത്തരവാദിത്തം എനിക്കോ അമ്മയ്ക്കോ അല്ല.. നിനക്കാണ്.
പിന്നെ ഈ വീട്ടിലെ സാഹചര്യങ്ങളെ കുറിച് അവൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടതും നിന്റെ കടമയാണ്. ”

പ്രശാന്ത് ഒന്നും മിണ്ടാതെ പ്ലേറ്റിലേക്ക് നോക്കിയിരുന്നു.

” ഞാൻ പറഞ്ഞത് അനിയന് മനസ്സിലായോ ”

” മ്മ് ”

” രാവിലെ ഇറങ്ങി പോകുക തോന്നുമ്പോൾ കേറി വരിക… ഇത് സത്രം ഒന്നുമല്ല.. മര്യാദ വേണം പ്രശാന്തേ കുറച്ചൊക്കെ. ”

” ചേച്ചിയും ഒട്ടും മോശം ഒന്നുമല്ലല്ലോ ഞാനും അറിയുന്നുണ്ട് ചിലതൊക്കെ ”
എന്തോ കള്ളത്തരം കണ്ടുപിടിച്ച പോലെ അവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.

” എന്ത് അറിയുന്നുണ്ടെന്ന് ”

” ആ വിഷ്ണുനോട് കൊഞ്ചി കുഴയുന്നതൊക്കെ ഞാൻ അറിഞ്ഞു.
രാഹുൽ എന്നോട് ഇത് വിളിച്ചു പറഞ്ഞപ്പോൾ എന്റെ തൊലിയുരിഞ്ഞു പോയി. പണ്ട് പ്രേമിച്ചതാണെന്ന് പറഞ്ഞു കല്യാണം കഴിഞ്ഞ ഒരുത്തനോട് വഴിയിൽ നിന്ന് സല്ലപിക്കാൻ ചേച്ചിക്ക് നാണമില്ലേ ”

പറഞ്ഞു തീരുന്നതിനു മുൻപ് പ്രശാന്തിന്റെ കവിളിൽ അടി വീണു കഴിഞ്ഞിരുന്നു. പവിത്രയുടെ ഭാവം കണ്ടു അവന് ചെറുതായി പേടി തോന്നി.

” പവിത്രക്ക് സല്ലപിക്കാനും കെട്ടാനും ഒന്നും ആളെ കിട്ടാഞ്ഞിട്ടല്ല ഇങ്ങനെ നിന്നു പോയത്. ഈ പറഞ്ഞ വിഷ്ണുവിനോട്‌ കൊഞ്ചി കുഴയാൻ ഒരുപാട് അവസരങ്ങൾ പവിത്രയുടെ നല്ല പ്രായത്തിൽ ഉണ്ടായിട്ടുണ്ട് അന്ന് അത് പ്രയോജനപ്പെടുത്തിയിരുന്നേൽ അവന്റെ ഭാര്യയായി ഞാൻ അവന്റെ വീട്ടിൽ കണ്ടേനെ ഇന്ന്. അങ്ങനായിരുന്നേൽ എന്റെ ആങ്ങളക്ക് ഇതുപോലെ ചേച്ചി കൊണ്ടു തരുന്ന ആഹാരം കഴിക്കാനുള്ള യോഗം ഇല്ലാതെ പോയേനെ ”

ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു പവിത്രയപ്പോൾ.

” പിന്നെ എന്റെ പുന്നാര ആങ്ങള നല്ല കുട്ടിയാണല്ലോ ഒരു ചീത്തപ്പേരും കേൾപ്പിച്ചിട്ടില്ലല്ലോ…
നീയും സൗമ്യയും തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നില്ലെടാ ”

പ്രശാന്ത് ഞെട്ടലോടെ അവളെ നോക്കി.

” എന്തിനാടാ ആഗ്രഹങ്ങൾ കൊടുത്ത് ആ പാവം പെണ്ണിനെ ചതിച്ചത്…
ഇത്രയൊക്കെ ചെയ്തിട്ട് നീ എന്നെ നന്നാക്കാൻ വരുന്നോ….
സൗമ്യയെക്കാൾ എന്ത് മേന്മയാണ് നീ ചിപ്പിയിൽ കണ്ടത് ”

” ചിപ്പിക്ക് പണമുണ്ട്…. സൗമ്യയെ പോലെ പാവപ്പെട്ടവൾ അല്ല അവൾ.സൗമ്യക്ക് എപ്പോഴും ജോലി ജോലി എന്ന ചിന്ത മാത്രേയുള്ളു. എന്തുകൊണ്ടും സൗമ്യയെക്കാൾ മികച്ചത് ചിപ്പിയാണ് അതുകൊണ്ട് തന്നാ ഞാൻ അവളെ കെട്ടിയത് ”

” ഛെ നിന്നേ പോലൊരുത്തൻ എന്റെ അനിയൻ ആയി പിറന്നല്ലോ….
സമ്പത്ത് നോക്കി പെണ്ണിനെ തിരഞ്ഞെടുക്കുന്നു. നന്നായെടാ നീ അവളെ കെട്ടാഞ്ഞത്. അവളെ കെട്ടാനുള്ള ഒരു യോഗ്യതയും നിനക്ക് ഇല്ല.. ”

പവിത്രയുടെ വാക്കുകളെ അവൻ പുച്ഛത്തോടെ ചിരിച്ചു തള്ളി..

” ജോലി ചെയ്ത് ജീവിക്കാമെങ്കിൽ മാത്രം നാളെ മുതൽ ഇവിടെ നിന്നാൽ മതി പ്രശാന്തേ… നിന്നെയും ഭാര്യയെയും തീറ്റി പോറ്റാൻ ഞാൻ തയാറല്ല. എന്റെ വാക്കിന് മാറ്റം ഒന്നും വരില്ലെന്ന് നിനക്ക് അറിയാല്ലോ അതുകൊണ്ട് നല്ല പോലെ ആലോചിച്ച ഭാര്യയും ഭർത്താവും ഒരു തീരുമാനം എടുക്ക് ”

” ആ പിന്നെ പാത്രങ്ങൾ കഴുകി വെയ്ക്കാൻ മറക്കണ്ട… ”

പവിത്ര മുറിയിലേക്ക് പോകുന്നത് നോക്കി അവൻ നിന്നു. ഇതൊക്കെ മറഞ്ഞു നിന്ന് കാണുകയും കേൾക്കുകയും ചെയ്ത ചിപ്പിക്ക് പവിത്രയോട് വല്ലാത്ത പക തോന്നി.

പിറ്റേന്ന് സൗമ്യ പവിത്രയെ വിളിക്കാൻ വരുമ്പോൾ കണ്ടതു പുറം തിരിഞ്ഞിരുന്നു ചിപ്പിയുടെ കാൽ വിരലിൽ നെയിൽ പോളിഷ് ഇട്ടു കൊടുക്കുന്ന പ്രശാന്തിനെയാണ്.

” വൃത്തിയായിട്ടു ഇട് പ്രശാന്ത്… ”
എന്ന് പറഞ്ഞു ഇടയ്ക്ക് അവന്റെ തലയ്ക്കു ഓരോ കൊട്ടും കൊടുക്കുന്നുണ്ട്.

” ഇതുകഴിഞ്ഞിട്ട് ആ തുണിയും കൂടെ കഴുകണം ”

അതുകേട്ടോണ്ട് ആണ് പവിത്ര ഇറങ്ങി വന്നത്. ഈ കാഴ്ചയും കണ്ടു ചിരി കടിച്ചമർത്തി നിൽക്കുന്ന സൗമ്യയെയും അവൾ കണ്ടു.

” ആ സൗമ്യേ നീ ഇന്ന് നേരത്തെ വന്നോ ”

പ്രശാന്തിനെ കേൾക്കെ അവൾ വിളിച്ചു ചോദിച്ചു. അതുകേട്ടതും ഞെട്ടലിൽ അവൻ തിരിഞ്ഞു നോക്കി. ആ കൂട്ടത്തിൽ ചിപ്പിയുടെ വിരലിൽ നെയിൽ പോളിഷ് പടരുകയും ചെയ്തു.

” ഛെ എന്ത് പരിപാടിയാ നീ ഈ കാണിച്ചത്.. ”
ചിപ്പി അവന്റെ തല പിടിച്ചു മുന്നോട്ട് തള്ളിയിട്ടു പിണങ്ങി അകത്തേക്ക് പോയി.

സൗമ്യ ഈ കാഴ്ച്ച കണ്ടതിന്റെ ചമ്മലിൽ ഇരുന്ന പ്രശാന്തിന് വീണ്ടും അടുത്ത ഒരു അപമാനമായി ആ പ്രവർത്തി. കൂടുതൽ അവൻ ഇരുന്ന് ചമ്മുന്നത് കാണാൻ നിൽക്കാതെ പവിത്രയും സൗമ്യയും പോകാൻ ഇറങ്ങി.

” ഇതാണല്ലേ അപ്പോ അവസ്ഥ ”
സൗമ്യ ചിരിയോടെ ചോദിച്ചു.

” മ്മ് എന്തൊക്കെ ഇനി കാണാൻ കിടക്കുന്നു ”

പവിത്ര സ്വയം പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു.

” എന്തായാലും ചേച്ചിയുടെ അന്നത്തെ അടി കൊണ്ടതിൽ പിന്നെ സജിയെ ഈ വഴിക്ക് എങ്ങും കാണാൻ ഇല്ല ”

” അവന് ഞാൻ നേരത്തെ ഓങ്ങി വെച്ചിരുന്നതാ അത്. സ്കൂളിൽ പഠിക്കുന്ന ഒരു കൊച്ച് പെൺകുട്ടിയോട് അവൻ വൃത്തികേട് പറഞ്ഞെന്ന് അറിഞ്ഞപ്പോൾ കരുതി വെച്ചതാ ”
പല്ല് കടിച്ചു കൊണ്ട് പവിത്ര പറഞ്ഞു.

” ഇനി ഒരാൾക്ക് കൂടി ഒരു ഡോസ് കൊടുക്കണം പവിത്രേച്ചി ”

” എന്തിനാ ഞാൻ കൊടുക്കുന്നത്… നിനക്ക് തന്നെ കൊടുത്തൂടെ ”

” എനിക്ക് പവിത്രേച്ചിയുടെ അത്ര ധൈര്യം ഇല്ല… ”

” ധൈര്യം…. അതൊക്കെ സ്വയം തോന്നേണ്ട കാര്യങ്ങൾ ആണ്…
നിനക്ക് ഇഷ്ടമില്ലാത്തത് തെറ്റ് എന്ന് തോന്നുന്നത് അതിനെ എതിർക്കാൻ പഠിക്കണം ആദ്യം. അങ്ങനെ എതിർക്കാൻ പറ്റിയില്ലെങ്കിൽ ചിലപ്പോൾ അത് നാളെ തിരുത്താൻ പറ്റാത്ത ഒരു വലിയ തെറ്റ് ആയി മാറിയെന്ന് വരാം ”

എന്തോ ഓർത്തിട്ടെന്ന പോലെ പവിത്ര പറഞ്ഞു കൊണ്ടിരുന്നു.

” ഈ ചേച്ചി ഇതെന്തൊക്കെയാ ഈ പറയുന്നത്.. എനിക്ക് ഒന്നും മനസിലാകുന്നില്ല ”

” ആ നിനക്ക് മനസ്സിലാകണ്ട. ഞാൻ പറഞ്ഞതൊക്കെ മനസിലാക്കി അത് പ്രാവർത്തികമാക്കാൻ പോയാലെ നിനക്കും ഒരു പേര് വീഴും.. അഹങ്കാരി ”

” മ്മ് കഥ പറഞ്ഞു പാലം എത്തിയത് അറിഞ്ഞതേയില്ല. ഓട്ടോ കേറി പോയിട്ട് പോകാം ചേച്ചി ”

അവരുടെ മുന്നിലെ ഓട്ടോ പാലം കേറി പോകാൻ വേണ്ടി അവർ കാത്തു നിന്നു. ഓട്ടോ അനങ്ങുന്നില്ല എന്ന് കണ്ടതും പവിത്ര ഓട്ടോക്കാരനോട് കാര്യം തിരക്കി.

” എന്റെ കൊച്ചേ ഒരുത്തൻ പാലത്തിന്റെ നടുക്ക് കേറി ബൈക്കും കൊണ്ട് നിൽക്കുവാ അവൻ പോകാതെ എങ്ങനെ കേറാനാ… ഹോണടിച്ചിട്ടും അനക്കം ഒന്നുമില്ല ”

പവിത്രയും സൗമ്യയും അപ്പോഴാണ് പാലത്തിലേക്ക് നോക്കിയത്. ശെരിയാണ് ബൈക്ക് ഒത്ത നടുക്ക് നിർത്തി ഇരിക്കയാണ്. പവിത്ര പാലം കേറുന്നത് കണ്ടു സൗമ്യയും കേറി.

ബൈക്കിൽ ഇരിക്കുന്ന ആള് മിററിൽ നോക്കി മുടിയൊതുക്കുന്നത് ആണ് അവർ കണ്ടോണ്ട് വന്നത്.

” ഏയ്‌ മിസ്റ്റർ തനിക്ക് സൗന്ദര്യം നോക്കണമെങ്കിൽ അങ്ങോട്ട്‌ ഇറങ്ങിയിട്ട് നോക്ക്.. അല്ലാതെ മറ്റുള്ളവരുടെ വഴി മുടക്കി കൊണ്ടല്ല കോപ്രായം കാണിക്കേണ്ടത്. ”

പുറകിലെ ഓട്ടോ ചൂണ്ടി കാണിച്ചു കൊണ്ട് പവിത്ര ആ ബൈക്ക് കാരനോട് പറഞ്ഞു. അയാൾ പെട്ടെന്ന് തിരിഞ്ഞു നോക്കി.

” അയ്യോ സോറി ”
അയാൾ പവിത്രയോട് പറഞ്ഞു. അത് കേൾക്കാൻ പോലും നിൽക്കാതെ അവൾ പാലം ഇറങ്ങി തുടങ്ങിയിരുന്നു.

ബൈക്കുകാരൻ പെട്ടെന്ന് തന്നെ താഴേക്ക് വണ്ടിയിറക്കി. പവിത്രയും സൗമ്യയും ബസ് കയറി പോകുന്നത് വരെ അയാൾ നോക്കി നിന്നു. പിന്നെ ചെറു ചിരിയോടെ ഹെൽമെറ്റ്‌ എടുത്ത് വെച്ചുകൊണ്ട് യാത്ര തുടർന്നു.

ടെക്സ്റ്റയിൽസിലെ തിരക്കുകളിലേക്ക് ഊളിയിടുമ്പോഴും പ്രശാന്തിന്റെ മാറ്റങ്ങളെ കുറിച്ചായിരുന്നു അവളുടെ മനസ്സിൽ മുഴുവൻ.

കുരുത്തക്കേടുകളും ജോലിയിലുള്ള ഉഴപ്പും ഒഴിച്ചാൽ അവൻ അനുസരണയുള്ള അനിയൻ തന്നെ ആയിരുന്നു. ഇന്നേ വരെ വഴക്ക് പറയുമ്പോൾ തിരിച്ചു ഒന്നും പറഞ്ഞിട്ടില്ലാത്ത പ്രശാന്ത് ഇന്നലെ വിഷ്ണുവിനെയും തന്നെയും ചേർത്ത് പറഞ്ഞതിന്റെ കലിയിൽ ആണ് തല്ലിയത്.
പോരാത്തതിന് ഒരു പെൺകുട്ടിക്ക് ആശ കൊടുത്ത് ചതിച്ചിരിക്കുന്നു സ്വത്ത്‌ നോക്കി മറ്റൊരുത്തിയെ കെട്ടിയിരിക്കുന്നു.
പ്രശാന്തിന്റെ മാറ്റങ്ങളെ തന്നിലെ ചേച്ചിക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.

അവന്റെ ഭാവിയെ കുറിച്ച് ആലോചിക്കുമ്പോൾ ഒരു പേടി തോന്നുന്നു. അതുകൊണ്ട് തന്നെ അവൾ നേരത്തെ കടയിൽ നിന്നിറങ്ങി. നേരെ പോയത് ലൈബ്രററിയിലേക്ക് ആണ്. അവിടെ പ്രതീക്ഷിച്ച പോലെ തന്നെ അവിടെ കൈമൾ സർ ഉണ്ടായിരുന്നു.

തനിക്ക് ജോലി വാങ്ങി തന്ന കൈമൾ സാറിന് പ്രശാന്തിനും ഒരു ജോലിയുടെ കാര്യം ശെരിയാക്കാൻ പറ്റുമെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു.

അതുശെരി വെക്കുന്ന പോലെ തന്നെ കാര്യങ്ങൾ ഒക്കെ തിരക്കിയതിന് ശേഷം ഒരു വിസിറ്റിംഗ് കാർഡ് അവളെ ഏൽപ്പിച്ചു അദ്ദേഹം.

തിരികെ വീട്ടിലേക്ക് വന്ന പവിത്രയെ കാത്ത് ചില അതിഥികൾ ഉണ്ടായിരുന്നു വീട്ടിൽ…തുടരും)

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story