ബൃന്ദാവനസാരംഗ: ഭാഗം 8

ബൃന്ദാവനസാരംഗ: ഭാഗം 8

എഴുത്തുകാരി: അമൃത അജയൻ


ദീപക്കിന്റെ വിവാഹം മുടങ്ങിയത് വേദയെ വല്ലാതെ വേദനിപ്പിച്ചു .. അറിഞ്ഞോ അറിയാതെയോ താനതിന് ഒരു കാരണക്കാരിയായി തീർന്നതാണ് അവളെ ഏറെ ദുഃഖിപ്പിച്ചത് …

മനസൊന്നു ശാന്തമാക്കുവാൻ അവൾ സന്ധ്യക്ക് ക്ഷേത്രത്തിലേക്ക് പോയി … ദേവി സന്നിധിയിൽ തന്റെ വ്യഥകളിറക്കി വയ്ക്കുക പതിവാണ് .. ദീപാരാധന കഴിഞ്ഞിട്ടാണ് അവൾ ക്ഷേത്രത്തിൽ നിന്നിറങ്ങിയത് … കൽപ്പടവുകൾക്ക് താഴെ അഴിച്ചു വച്ചിരുന്ന ചെരുപ്പണിഞ്ഞ് അവൾ തിരികെ നടന്നു …

അൽപ്പം നടന്നപ്പോൾ തന്നെ കണ്ടു ആൽമരച്ചുവട്ടിൽ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ഗൗതമൻ … ഒഴിഞ്ഞു മാറാൻ തരമില്ലെന്ന് അവൾക്കുറപ്പായി … എങ്കിലും അങ്ങോട്ടു നോക്കാതെ അവൾ നടന്നു ..

അവളയാളെ കടന്നതിന് ശേഷമാണ് ഗൗതമൻ പിന്നിൽ നിന്ന് വിളിച്ചത് ….

” വേദാ ….” അവളുടെ നെഞ്ചൊന്നു കാളി …

തിരിഞ്ഞു നോക്കാതിരിക്കാൻ അവൾക്കായില്ല …

അപ്പോഴേക്കും ഗൗതമനും നടന്നടുത്തിരുന്നു ….

അവൾ മുഖം കുനിച്ചു …

” വരൂ …. നടക്കാം …….” അയാൾ സൗമ്യനായി വിളിച്ചു …

അവളെതിർത്തില്ല … ഒന്നും പറയാതെ അയാൾക്കൊപ്പം അവളും നടന്നു … സന്ധ്യ മേഞ്ഞ വഴിമരങ്ങളിൽ പക്ഷികൾ ചേക്കേറിയിരുന്നു ..

വെയിൽ പാകിയ ചൂടറ്റ് മണൽത്തരികൾ തണുപ്പ് പുതച്ചു മയങ്ങാൻ തുടങ്ങി .. കൂടണഞ്ഞ പ്രാവുകൾ മെല്ലെക്കുറുകി .. അവർക്കിനി സംഗമസന്ധ്യായാമങ്ങളാണ് ..

താഴെ രണ്ടിണക്കുരുവികൾ പ്രണയം മൗനത്തിന് വിട്ട് കൊടുത്ത് നടന്നു .. .

വീടെത്താറായപ്പോൾ അവൾ നിന്നു .. ഗൗതമനും ….

” വീടെത്തി ….” അവൾ ശബ്ദം താഴ്ത്തി പറഞ്ഞു …

” പോട്ടെ ….” അയാൾ ചോദിച്ചു …

അവളൊന്നും പറഞ്ഞില്ല …

അയാൾ അവളെ സാകൂതം നോക്കി .. പിന്നെ നടന്നകന്നു ….

ഒന്നും പറഞ്ഞില്ലെങ്കിലും അയാൾ പോയപ്പോൾ തന്നിൽ നിന്ന് എന്തൊക്കെയോ എടുത്തു കൊണ്ടാണ് പോയതെന്ന് അവൾക്കു തോന്നി .. അതുവരെ തോന്നിയിട്ടില്ലാത്ത ഒരൊറ്റപ്പെടൽ അവളെ പൊതിഞ്ഞു .. അയാളെന്തെങ്കിലും പറഞ്ഞു കേൾക്കാൻ താനും കൊതിച്ചിരുന്നോ …

അരുത് … പാടില്ല … അവൾ സ്വയം ശാസിച്ചു …

ഉമ്മറത്തേക്ക് കയറിയതിനോടൊപ്പം ഇരുൾ കവർന്നെടുത്തു കൊണ്ടിരുന്ന വഴിയിലേക്ക് അവൾ കണ്ണു പായിച്ചു … ദൂരെ ഒരു ചന്ദ്രക്കല പോലെ അയാൾ മാഞ്ഞു പോവുകയായിരുന്നു …

എന്തിനെന്നറിയാത്ത ഒരു തുള്ളി കണ്ണുനീർ അപ്പോഴും അവളുടെ കവിൾത്തടങ്ങളെ നനച്ചു …

* * * * * * * * * * * * * * * *

ഋതുപരിവർത്തനങ്ങൾ പിന്നെയുമുണ്ടായി .. വേനലിൽ മരങ്ങൾ ഇലപൊഴിച്ചു കിതപ്പോടെ നിന്നു .. അതിനിടയിൽ പല മാറ്റങ്ങളുമുണ്ടായി …

ആരോഗ്യനില മോശമായിരുന്നിട്ടും മാളു ഒരാൺകുഞ്ഞിന് ജന്മം നൽകി . .. അതോടെ അവളുടെ നില കൂടുതൽ ഗുരുതരമായി .. ചികിത്സ തുടങ്ങി .. ഒരു സർജറി കഴിഞ്ഞു .. മരണമുഖത്ത് നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടുവെങ്കിലും അവൾ കിടപ്പിലാണ് ..

ദീപു മറ്റൊരിടത്തേക്ക് ട്രാൻസ്ഫർ വാങ്ങിപ്പോയി .. മാസത്തിലാണ് അവൻ നാട്ടിൽ വരാറുള്ളത് .. വരുമ്പോൾ വേദയെയും മാളുവിനെയും കാണാൻ വരും …

ഇപ്പോൾ ഗൗതമനെ കണ്ടാൽ വേദ ഒഴിഞ്ഞു മാറി നടക്കാറില്ല .. സംസാരിക്കും .. ചില ദിവസങ്ങളിൽ വീട്ടിലേക്കുള്ള വഴി അവർ ഒരുമിച്ച് നടന്നു തീർക്കും .. അന്ന് ഗൗതമന്റെ മുറിയിൽ ഡയറിയിൽ കണ്ടതിനെ കുറിച്ചൊഴിച്ച് മറ്റെല്ലാം അവർ സംസാരിക്കും .. അതിനെ കുറിച്ചു മാത്രം അവളൊന്നും ചോദിച്ചില്ല .. അയാളും ഒന്നും പറഞ്ഞില്ല …

അത് വേനലവധിക്കാലമാണ് ..സ്കൂളില്ലാത്തത് കൊണ്ട് വേദ മിക്കവാറും മാളുവിനെ കാണാൻ വരാറുണ്ട് . ..

ഉച്ച തിരിഞ്ഞപ്പോൾ അവൾ മാളുവിന്റെ വീട്ടിലെത്തി …

ഡൈനിംഗ് ടേബിളിൽ രാഹുലിന് ചോറ് വിളമ്പിക്കൊടുത്തുകൊണ്ട് വിപഞ്ചിക നിൽപ്പുണ്ട് . .. അതൊക്കെയും പതിവ് കാഴ്ചകളാണ് ..

” വേദേച്ചി കഴിച്ചോ .. ” അവൾ ചേദിച്ചു ..

” ഉവ്വ്…. മോനെന്തിയേ … ”

” ഉറക്കമാണ് … ഉണരാറായിട്ടിണ്ടാവും ….. ” വിച്ചു പറഞ്ഞു ….

വേദ നേരെ വിപഞ്ചികയുടെ മുറിയിലേക്ക് ചെന്നു .. മോനെ അവളുടെ മുറിയിലാണ് കിടത്താറ് .. ..

തൊട്ടിലിന്റെ അരികിലിരുന്ന് വേദ അവന്റെ കുരുന്നു മുഖത്തേക്ക് നോക്കി .. വിരൽ കുടിച്ചു കൊണ്ടുറങ്ങുകയാണ് അവൻ ..

കുറേ സമയം അവനെ നോക്കിയിരുന്നിട്ട് അവൾ എഴുന്നേറ്റു മാളുവിന്റെ റൂമിലേക്ക് നടന്നു …

മരുന്നുകളുടെയും മറ്റും രൂക്ഷഗന്ധം അതിനുള്ളിൽ നിറഞ്ഞു നിന്നു …

കിടക്കയിൽ പറ്റിച്ചേർന്ന് ഒരു മെലിഞ്ഞ രൂപം അവളെ നോക്കിക്കിടന്ന് പുഞ്ചിരിച്ചു ..

” അവനുണർന്നില്ല അല്ലേ … ” അവൾ ചോദിച്ചു …

” ഇല്ല …..” അവൾ മാളുവിന്റെ അരികിൽ ചെന്നിരുന്നു …

” ഉണർന്നാൽ അപ്പോ കരച്ചില് കേൾക്കാം ….” അവൾ പറഞ്ഞു ..

” നീ കഴിച്ചോ …” വേദ അവളുടെ നെറ്റിയിൽ തലോടി ..

” ഉവ്വ്… ”

വേദ അവളെ തന്നെ നോക്കിയിരുന്നു .. എത്ര പ്രസരിപ്പോടെ ഓടിച്ചാടി നടന്നവളാണ് …

ഇപ്പോൾ ആ ചുണ്ടുകൾ വരണ്ടിരിക്കുന്നു .. കവിളെല്ലുകൾ ചാടി കണ്ണുകൾ കുഴിയിൽ വീണു… സർജറിക്കുവേണ്ടി മൊട്ടയടിച്ച മുടിയിപ്പോൾ കിളിർത്തു തുടങ്ങിയിരുന്നു .. ചുള്ളിക്കമ്പു പോലെ മെലിഞ്ഞ കൈകൾ .. ഭംഗി നഷ്ടപ്പെട്ട വിരലുകൾ .. വേദക്ക് തന്റെ ഹൃദയം നുറുങ്ങിപ്പോകുന്നത് പോലെ തോന്നി …

” മരുന്നൊക്കെ കഴിച്ചോ മാളു … ” അവൾ ചോദിച്ചു ..

” ങും …..”

” കഴിഞ്ഞയാഴ്ച ദീപു വന്നപ്പോ കിച്ചൂന് ടോയ്സ് ഒക്കെ കൊണ്ടുവന്നു .. ” മങ്ങിയ ചിരിയോടെ മാളു പറഞ്ഞു …

” അതിനു ശേഷം മൂന്നു വട്ടം ഞാനിവിടെ വന്നു … ഇതും കൂട്ടി ഒരൻപത് വട്ടമെങ്കിലും നീയിത് തന്നെ പറഞ്ഞു കാണും…. ” വേദ ചിരിച്ചു …

ഒരു വാടിയ ചിരി മാളുവിന്റെ ചുണ്ടിലും വിരിഞ്ഞു …

അവൾ വേദയുടെ കൈപിടിച്ച് തന്റെ മെലിഞ്ഞ കൈ അതിലേക്ക് ചേർത്ത് വച്ച് കണ്ണടച്ചു കിടന്നു …

കുറേ സമയം അവളങ്ങനെ കിടന്നു .. മുറ്റത്ത് രാഹുലിന്റെ കാറിളകി പോകുന്ന ശബ്ദം കേട്ടപ്പോഴാണ് അവൾ കണ്ണു തുറന്നത് …

ജനാലയിലേക്ക് അവൾ മിഴി നട്ടു .. ആ മിഴികളിൽ ഒരു സങ്കടം നിറഞ്ഞു നിന്നു …

അപ്പുറത്ത് കുഞ്ഞുണർന്ന് കരയുന്നത് കേട്ടപ്പോൾ വേദയെഴുന്നേറ്റ് ചെന്നു .. അപ്പോഴേക്കും വിപഞ്ചിക മോനെയെടുത്തു കൊണ്ട് ഇറങ്ങി വന്നിരുന്നു ..

അവൾ കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി .. വേദ തിരികെ വന്ന് മാളുവിന്റെയരികിലിരുന്നു ..

” നീ മുൻപൊരു കാര്യം പറഞ്ഞില്ലെ .. വിച്ചുവിന്റെയും ദീപുവിന്റെയും കാര്യം .. നമുക്കിനി അതൊന്നാലോചിച്ചാലോ .. ? ” വേദ ചോദിച്ചു …

എന്തുകൊണ്ടോ അവളുടെ മുഖത്ത് പഴയ ആവേശമില്ലായിരുന്നു ..

” നമുക്കാലോചിക്കാം … ” ഒടുവിൽ എപ്പോഴോ അവൾ നിസംഗയായി പറഞ്ഞു ..

” വേദാ …. ഇന്ന് നീ എന്റെയടുത്ത് നിൽക്കുമോ ……. ” പെട്ടന്ന് അവൾ വേദയുടെ കൈപിടിച്ച് ചോദിച്ചു …

” എന്തേ … ഇങ്ങനെ തോന്നാൻ ….”

” അറിയില്ല … ഒരു മോഹം … പണ്ട് എത്രയോ രാത്രികൾ നമ്മൾ ഒരേ മുറിയിൽ കെട്ടിപ്പിടിച്ചുറങ്ങിയിട്ടുണ്ട് .. നിന്നെക്കൊണ്ട് നിർത്താതെ ഞാൻ പാടിക്കുമായിരുന്നു അന്നത്തെ ഹിറ്റ് പാട്ടുകളൊക്കെ ..ഓർമയുണ്ടോ നിനക്കത് ..?”

” പിന്നില്ലാതെ …. അതൊക്കെ മറക്കാൻ കഴിയോ …. ” കാലം കവർന്നെടുത്ത ആ കൗമാരകാലത്തിന്റെ ഓർമകൾ വേദയുടെ ചുണ്ടിലും ഒരു ചിരി പടർത്തി .. ഒരിക്കലും ക്ലാവ് പിടിക്കാത്ത കുറേ നല്ല ഓർമകൾ …

” അത് പോലെ … ഇന്ന് നമുക്ക് പാട്ടൊക്കെ പാടി കിടന്നുറങ്ങണം … ” അവൾ പറഞ്ഞു …

വേദ അവളുടെ മെലിഞ്ഞ കൈ ചേർത്തു പിടിച്ചു …

* * * * * * * * * * * * * * * *

രാത്രി വിപഞ്ചിക എല്ലാവർക്കും ഫുഡെടുത്തു വച്ചു .. മാളുവിനുള്ളത് മുറിയിലേക്ക് കൊണ്ടുപോകാനെടുത്തതും വേദ തടഞ്ഞു ..

” വേണ്ട വിച്ചു … അവളെ ഇവിടെ കൊണ്ട് വന്ന് കൊടുക്കാം .. ”

” ചേച്ചിക്ക് അകത്താ കൊടുക്കുന്നേ .. ” വിച്ചു പറഞ്ഞു ..

” അവൾക്ക് തീരെ നടക്കായ്കയൊന്നുമില്ലല്ലോ .. ഒന്നു പിടിച്ചാൽ അവളിവിടെ വരെ നടന്നു വരില്ലെ … ഞാൻ കൂട്ടിക്കൊണ്ടു വരാം … നീയത് ടേബിളിൽ കൊണ്ട് വയ്ക്കു …. ”

വിപഞ്ചിക അനുസരിച്ചു ..

വേദ മാളുവിനെ അകത്ത് നിന്ന് കൂട്ടിക്കൊണ്ടു വരുമ്പോൾ രാഹുൽ കൈകഴുകി വന്നിരിപ്പുണ്ടായിരുന്നു ..

വേദയവളെ അവന്റെയടുത്ത് തന്നെ കൊണ്ടിരുത്തി …

ഒരു പാട് നാളുകളായിരുന്നു അവളവന്റെയൊപ്പമിരുന്ന് ഭക്ഷണം കഴിച്ചിട്ട് .. അവളുടെ കണ്ണിൽ വെള്ളമൂറി …

രാഹുലും അവളെത്തന്നെ നോക്കി.. മാളു നെറ്റിയിൽ പൊട്ടു തൊട്ടിരുന്നു .. വേദ തൊടിയിച്ചു കൊടുത്തതാണത് ..

അവൾ രാഹുലിനെ നോക്കി തളർന്ന ചിരി ചിരിച്ചു ..

അവൻ പ്ലേറ്റെടുത്ത് അവളുടെ മുന്നിലേക്ക് വച്ച് കൊടുത്തു ..

വിച്ചു എല്ലാവർക്കും ഭക്ഷണം വിളമ്പി ..

ഭക്ഷണം കഴിച്ചു കഴിഞ്ഞ് വേദതന്നെയവളെ റൂമിൽ കൊണ്ടു ചെന്നു കിടത്തി … പിന്നാലെ വിച്ചു വന്ന് അവൾക്കുള്ള മരുന്നുകൾ നൽകി ..

” മോനുറങ്ങിയില്ലേ വിച്ചു … ” വേദ ചോദിച്ചു ..

” ഉറക്കായി ചേച്ചി … ” അവൾ പറഞ്ഞു ..

” ചേച്ചിയെന്റെ റൂമിലല്ലേ കിടക്കുന്നേ ….” വിച്ചു ചോദിച്ചു ..

” ഞാനിവിടെ കിടക്കാം …… ”

” ഇവിടെയോ … ഇവിടിപ്പോ എങ്ങനെയാ … ” വിച്ചു ചുറ്റും നോക്കി ..

” നീയൊരു പായും തലയിണയും തന്നേക്ക് ….” വേദ പറഞ്ഞു ..

അവൾ തലയാട്ടിയിട്ട് പുറത്തിറങ്ങിപ്പോയി … ഒരു പുൽപ്പായും , തലയിണയും ബെഡ്ഷീറ്റും കൊണ്ട് വന്ന് കൊടുത്തിട്ട് അവൾ തിരികെ പോയി …

” രാഹുലേട്ടനോട് പറയട്ടെ ഞാനിവിടെയാ കിടക്കുന്നേന്ന് …” വേദ പറഞ്ഞു …

” ഏട്ടൻ ഗസ്റ്റ് റൂമിലാ കിടക്കുന്നേ .. ഇവിടെയല്ല ……” മാളു പറഞ്ഞു ..

വേദയവളെയൊന്നു നോക്കി .. അവളിൽ നിന്ന് ഒരു നെടുവീർപ്പുയർന്നു .. പിന്നെ അവൾക്കരികിലിരുന്നു ….

ആ നെറ്റിയിൽ മെല്ലെ തലോടി …

പിന്നെ അവൾക്കു വേണ്ടി മെല്ലെ മൂളിക്കൊടുത്തു … എപ്പോഴോ ആ കണ്ണുകളടഞ്ഞു ..

അവളുറങ്ങിക്കഴിഞ്ഞപ്പോൾ വേദയെഴുന്നേറ്റു പുൽപ്പായ നിലത്ത് വിരിച്ചു കിടന്നു ….

* * * * * * * * * * * * * *

അർദ്ധരാത്രിയിലെപ്പോഴോ മാളുവിന്റെ ശബ്ദം കേട്ടാണ് അവൾ കണ്ണു തുറന്നത് …

” വെള്ളം … വെള്ളം ….. ”

വേദ നിലത്തു നിന്നെഴുന്നേറ്റിരുന്നു .. അഴിഞ്ഞു വീണ മുടി വാരിക്കെട്ടി വച്ചു ..

മൊബൈൽ തെളിച്ച് അവൾ സ്വിച്ച് കണ്ടു പിടിച്ച് ലൈറ്റ് തെളിച്ചു .. മാളു ബെഡിൽ എഴുന്നേറ്റിരിപ്പുണ്ടായിരുന്നു … അവൾ മാളുവിന്റെ അരികിൽ വന്ന് നോക്കി .. അവൾ വല്ലാതെ കിതക്കുന്നു …

” എന്താടാ …. രാഹുലേട്ടനെ വിളിക്കണോ ..” അവൾ മാളുവിന്റെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു … ..

” വേണ്ട ….. വെള്ളം …. വെള്ളം മതി ……” അവൾ ശ്വാസം വിലങ്ങിയത് പോലെ പറഞ്ഞു …

വേദ തിരിഞ്ഞ് ടേബിളിൽ നിന്ന് ജഗ്ഗെടുത്ത് നോക്കി … അത് കാലിയായിരുന്നു …. അവൾ ജഗ്ഗുമെടുത്തു കൊണ്ട് ഡോർ തുറന്നു പുറത്തിറങ്ങി …

ഹാളിൽ ഇരുട്ടായിരുന്നു .. വിപഞ്ചികയുടെ മുറിയുടെ ഡോറിന് താഴ്ഭാഗത്തെ വിടവിൽ കൂടി അരണ്ട വെളിച്ചം കാണാമായിരുന്നു …

ഹാളിലെ സ്വിച്ച് എവിടെയാണെന്ന് അവൾക്ക് അറിയില്ലായിരുന്നു .. മൊബൈൽ വെളിച്ചം തെളിച്ച് അവൾ നടന്നു …

വിച്ചുവിന്റെ വാതിൽക്കൽ എത്തിയപ്പോൾ അവളൊന്നു നിന്നു .. അകത്ത് അവളുടെ പതിഞ്ഞ ശബ്ദം കേൾക്കാമായിരുന്നു ..

കുഞ്ഞ് ഉറങ്ങിയില്ലേ .. . ?

വേദ ചെവി വട്ടം പിടിച്ചു …

വിപഞ്ചികയുടെ ശബ്ദത്തിന് പിന്നാലെ ഒരു പുരുഷ സ്വരം … വേദ നടുങ്ങിപ്പോയി ….

ആരാണ് അത് ……

കാൽപ്പാദത്തിൽ നിന്ന് ഒരു വിറയൽ മുകളിലേക്ക് അരിച്ചു കയറി …

അവൾ ഭിത്തിയിലേക്ക് ചാരി …

അകത്തെ സംസാരം നേർത്തു .. ചിരിയൊച്ചകൾ .. ഉയർന്നു താഴുന്ന സീൽക്കാരങ്ങൾ … മാറിമറിയുന്ന ശ്വാസഗതികൾ ….

അലറി വിളിച്ചു കൊണ്ട് ആ ഇരുട്ടിലേക്ക് ഇറങ്ങിയോടാൻ തോന്നി വേദക്ക് .. അവൾ കൈകൊണ്ട് വായ പൊത്തിപ്പിടിച്ചു പൊന്തി വന്ന കരച്ചിൽ അടക്കിപ്പിടിക്കുവാൻ ..

അവൾക്കത് താങ്ങാനുള്ള ശേഷിയില്ലായിരുന്നു … എവിടെയോ തറഞ്ഞു പോയ കാലുകൾ വലിച്ചു വച്ച് അവൾ മുറിയിലേക്ക് നടന്നു ചെന്നു …

മാളു ….! ആ പാവം …….!

വേദയുടെ നെഞ്ചു പൊട്ടി ……

മുറിയിൽച്ചെന്ന് അവൾ മാളുവിനെ നോക്കി … ബെഡിൽ നിലത്തേക്ക് നോക്കി അവളിരിപ്പുണ്ടായിരുന്നു …

അപ്പോഴാണ് അവൾക്ക് വെള്ളമെടുക്കുവാനാണ് താൻ പോയതെന്ന് അവളോർത്തത് … തിരികെ കിച്ചണിലേക്ക് പോകാൻ തിരിഞ്ഞതും മാളു അവളെ വിളിച്ചു …

” വേദാ ….. നീയിങ്ങ് വാ …..” അവളുടെ തൊണ്ടയിടറിയിരുന്നു …

ഒന്നും മനസിലാകാതെ വേദ അവൾക്കരികിലേക്ക് ചെന്നു …

കുനിഞ്ഞിരുന്ന മാളുവിൽ നിന്ന് തേങ്ങലുകൾ അടർന്നു വീണു… വിറപൂണ്ട കൈകളോടെ അവൾ മാളുവിന്റെ മുഖം പിടിച്ചുയർത്തി … ആ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു …

അവളുടെ മിഴികളിലേക്ക് നോക്കി നിൽക്കവെ വേദക്കെല്ലാം മനസിലായി …

അവൾ മാളുവിന്റെ അരികിലേക്കിരുന്നു …

” ഇത് കാണിക്കാൻ വേണ്ടിയാണല്ലേ നീയിന്ന് എന്നെയിവിടെ നിർത്തിയത് …..?” വേദയുടെ ശബ്ദം ഉറഞ്ഞു പോയിരുന്നു …

അടുത്ത നിമിഷം ഒരു പൊട്ടിക്കരച്ചിലോടെ വേദ മാളുവിനെ തന്റെ നെഞ്ചിലേക്ക് ചേർത്തണച്ചു … തന്റെ മെലിഞ്ഞ കൈകൾ കൊണ്ട് വേദയെ ഇറുകെ പിടിച്ച് അവളും ആർത്തലച്ചു പെയ്തു …

” നീ ….. നീയിതെങ്ങനെ സഹിച്ചു മോളെ …..” വേദ ഹൃദയം പൊട്ടി ചോദിച്ചു …

അവളിൽ നിന്ന് തേങ്ങലുകൾ മാത്രമുയർന്നു…..

കുറേ കരഞ്ഞതിന് ശേഷം വേദയവളുടെ മുഖം പിടിച്ചുയർത്തി ….

മാളു …. തന്റെ പ്രിയപ്പെട്ട മാളവിക ….!

ശരീരത്തിനെക്കാൾ ഒരുപാട് വലിപ്പമുള്ള നൈറ്റിക്കുള്ളിൽ അവശേഷിക്കുന്ന അസ്ഥികൂടം പോലൊരു ശരീരം … അത് തന്റെ മാളുവല്ലെന്ന് ആ നിമിഷം അവൾക്ക് തോന്നിപ്പോയി … അവളുടെ മുടി കിളിർത്തു തുടങ്ങിയ തലയിൽ വേദ തന്റെ കൈവച്ചു .. കരിവാളിച്ചു കുഴിയിൽ വീണ കണ്ണുകളും ഉന്തിയ കവിളെല്ലും മുതുകിലെ കൂനുമെല്ലാം അവളെ ഒരു വൃദ്ധയാക്കിയത് പോലെ .. ഉച്ചക്കു കണ്ടതിനെക്കാൾ പ്രായമേറിയത് പോലെ .. അതിനെക്കാൾ നിസഹായയാണ് അവളിപ്പോൾ …

മാളുവിനെ തന്റെ നെഞ്ചിലേക്കണച്ചു പിടിച്ച് ആ ഉന്തിനിന്ന മുതുകിൽ മെല്ലെ തലോടി ..

കോലം കെട്ട് നിരാലംബയായ ഒരു പെണ്ണിന്റെ ശരീരമായിരുന്നു നിനക്കാവശ്യമെങ്കിൽ കാലമേ എന്റെയാർക്കും വേണ്ടാത്ത ശരീരം ഇവിടെയുണ്ടായിരുന്നല്ലോ .. നിനക്കെന്ത് വികൃതികൾ വേണമെങ്കിലും തീർത്ത് രസിക്കാമായിരുന്നല്ലോ .. എന്തിനീ പാവത്തിനെ …….? വേദ നിശബ്ദം തേങ്ങി …

ആ രാത്രി ഭീകരമായിരുന്നു …. ഒരിടത്ത്‌ വിലക്കപ്പെട്ട കനിയിൽ നാഗം സ്പർശിക്കുമ്പോൾ മറ്റൊരിടത്ത് കാലം കാർന്നു തിന്ന രണ്ട് ജന്മങ്ങൾ തീച്ചൂള കണക്കെ എരിഞ്ഞമർന്നു ..

” ഇത് … ഇതൊക്കെ എന്ന് തുടങ്ങി .. അറിഞ്ഞിട്ടും നീയെന്തിന് ഒളിച്ചു വച്ചു … എന്നോടു പോലും പറയാതെ …? ”

നിമിഷങ്ങൾ കടന്നു പോയിട്ടും വേദയുടെ നെഞ്ചിൽ മുഖമണച്ചിരുന്ന മാളവികയിൽ നിന്ന് ഉത്തരമൊന്നും വന്നില്ല…തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ബൃന്ദാവനസാരംഗ: ഭാഗം 1 

ബൃന്ദാവനസാരംഗ: ഭാഗം 2

ബൃന്ദാവനസാരംഗ: ഭാഗം 3

ബൃന്ദാവനസാരംഗ: ഭാഗം 4

ബൃന്ദാവനസാരംഗ: ഭാഗം 5

ബൃന്ദാവനസാരംഗ: ഭാഗം 6

ബൃന്ദാവനസാരംഗ: ഭാഗം 7

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story