പവിത്ര: ഭാഗം 5

പവിത്ര: ഭാഗം 5

എഴുത്തുകാരി: തപസ്യ ദേവ്‌


വീട്ടിലേക്ക് തിരികെ വരുമ്പോൾ പവിത്രയെ കാത്തു ചില അതിഥികൾ അവിടെ ഉണ്ടായിരുന്നു.
അവളെ കാത്ത് അല്ല… അവളെയും കാണാൻ.. !
അങ്ങനെ പിണക്കങ്ങളൊക്കെ മറന്നു മകളെയും മരുമകനെയും ചിപ്പിയുടെ വീട്ടുകാർ അംഗീകരിച്ചിരിക്കുന്നു.

ചിപ്പിയുടെ അച്ഛനും അമ്മയും ആയിരുന്നു വന്നിരിക്കുന്നത്.

” ആന്റി, അങ്കിൾ ഇതാണെന്റെ ചേച്ചി പവിത്ര..
പവിത്രേച്ചി ഇത് ചിപ്പിയുടെ പേരന്റ്സ്.. ശശിധരൻ അങ്കിളും രാജി ആന്റിയും.. ”

കണ്ണഞ്ചിപ്പിക്കുന്ന കളറിലെ പട്ടുസാരിയും ആവശ്യത്തിൽ കൂടുതൽ ആഭരണങ്ങൾ ധരിച്ചും കാലിന് മുകളിൽ കാലെടുത്തു വെച്ചു തന്നെ ചുഴിഞ്ഞു നോക്കുന്ന പണക്കാരി കൊച്ചമ്മയെ കണ്ടപ്പോഴേ പവിത്രയ്ക്ക് മനസ്സിലായി ചിപ്പിയുടെ ഈ അഹങ്കാരം ഏത് വഴി വന്നതാണെന്ന്.
പല്ല് മുഴുവൻ വെളിയിൽ കാണിച്ചു വെളുക്കെ ചിരിച്ചോണ്ട് നിൽക്കുന്ന ശശി അങ്കിളിനെ കണ്ടപ്പോൾ അവൾക്ക് പാവം തോന്നി.

” ഓ ഇതാണോ മോള് പറഞ്ഞ പവിത്ര ”

” അതെ മമ്മ ”
ചിപ്പിയും അമ്മയും കണ്ണുകൾ കൊണ്ട് തമ്മിൽ എന്തോ സംസാരിക്കുന്നത് പോലെ അവൾക്ക് തോന്നി. അതുകഴിഞ്ഞുള്ള അവരുടെ നോട്ടം കണ്ടിട്ട് കണ്ണു കുത്തിപൊട്ടിക്കാൻ തോന്നി പവിത്രക്ക്.

 

പവിത്ര: ഭാഗം 5
മെട്രോജേണൽ Dare 2.0 ഗെയിമുകൾ പുറത്തിറക്കി. കളിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. നോവൽ വായിക്കുന്ന എല്ലാവരും ഈ ഗെയിമുകളിൽ ചിലതെങ്കിലും കളിച്ചുനോക്കണേ… ഷെയർ ചെയ്യണേ…

പത്മം അവർക്ക് കുടിക്കാനായി ചായയും പലഹാരങ്ങളുമായി എത്തി.അമ്മയുടെ ഒപ്പം ചിപ്പിയും ഇരിക്കുന്നതല്ലാതെ അത് വാങ്ങി അമ്മയ്ക്കും അച്ഛനും കൊടുക്കാൻ തയാറായില്ല.
പത്മം നീട്ടിയ ചായ കപ്പ് നിരസിച്ചു കൊണ്ട് രാജി പറഞ്ഞു.

” ഞാൻ ചായയും കാപ്പിയും ഒന്നും കുടിക്കാറില്ല… ”

” എങ്കിൽ ഈ പലഹാരങ്ങളിൽ എന്തെങ്കിലും ഒന്ന് കഴിക്കൂ ”

” നോ താങ്ക്സ്… ഇത്തരം സാഹചര്യങ്ങളിൽ കഴിയുന്ന വീട്ടിൽ നിന്നും ഞാൻ ഒന്നും കഴിക്കാറില്ല ”

എടുത്തടിച്ച പോലെയുള്ള അവരുടെ മറുപടിയിൽ പത്മം വല്ലാതെയായി. പ്രശാന്തും അങ്ങനൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല.
പവിത്ര ആകെ പുകഞ്ഞു നിൽക്കുന്നത് അവൻ ഒളികണ്ണാലെ കണ്ടു.

” ഇങ്ങ് തന്നേക്ക് ചേച്ചി ഞാൻ കഴിച്ചോളാം ”

ശശിധരൻ പത്മം നീട്ടിയ ചായ ബലമായി വാങ്ങിക്കുകയും നിരത്തി വെച്ച പലഹാരങ്ങളിൽ നിന്നും ഒരു ഉണ്ണിയപ്പം എടുക്കുകയും ചെയ്തു.

” ഹാ എന്താ ടേസ്റ്റ്… ചേച്ചി ഉണ്ടാക്കിയതാണോ… ” ഉണ്ണിയപ്പം വായിലിട്ട് ആസ്വദിച്ചു കഴിച്ചു കൊണ്ട് ചോദിച്ചു.

” അതെ ഇവിടെ അടുത്ത് ഒരു വീട്ടിലേക്ക് ഉണ്ടാക്കി കൊടുത്തതിന്റെ ബാക്കിയാ ”

” നന്നായിട്ടുണ്ട് ഇതൊക്കെ കഴിച്ച കാലം മറന്നു.. ചിപ്പി മോൾക്ക് ഭാഗ്യം ഉണ്ട് ഇത്രയും ടേസ്റ്റിയായ പലഹാരങ്ങൾ ഉണ്ടാക്കുന്ന ഒരു അമ്മായിയമ്മയെ.. അല്ല അമ്മയെ കിട്ടിയല്ലോ… ”
അയാൾ പത്മത്തെ പുകഴ്ത്തി പറഞ്ഞു കൊണ്ടിരുന്നു.

” നിങ്ങൾക്ക് ഷുഗറും കൊളസ്ട്രോളും ഉള്ളതല്ലേ മനുഷ്യാ ”
അയാളുടെ പ്രവർത്തിയിലുള്ള നീരസം പ്രകടിപ്പിച്ചു കൊണ്ട് തന്നെ രാജി ചോദിച്ചു.

” ഓ വല്ലപ്പോഴുമല്ലേ… അത് സാരമില്ല എന്റെ രാജമ്മേ… ”

” ശശി… ”

ആ വിളിയുടെ അർത്ഥം മനസിലായത് പോലെ അയാൾ തലയാട്ടി.

” സോറി രാജി… എനിക്ക് എപ്പഴും നിന്റെ പഴയ പേരാ വായിൽ വരുന്നത്… ”

പവിത്രയുടെ മുഖത്തെ പുച്ഛം കാണുംതോറും രാജിയുടെ മുഖവും ഇരുണ്ടു.

” ഇന്നാ ചിപ്പി മോള് ചായ കുടിച്ചില്ലല്ലോ ”
പത്മം ചിപ്പിക്ക് ചായ കൊടുക്കുകയും രാജി അത് തട്ടി മാറ്റിയതും ആ ചായ അത്രയും അവരുടെ പട്ടുസാരിയിലേക്ക് വീണു.

ചൂട് ചായ ദേഹത്തു വീണതിന്റെ അസ്വാസ്ഥ്യയിൽ അവർ ചാടി എണീറ്റു.

” ഛെ നിങ്ങൾ എന്താ ഈ കാണിച്ചത്… എന്റെ മമ്മയുടെ സാരി നശിപ്പിച്ചല്ലോ… അതിന്റെ കോസ്റ്റ് എത്ര കാണുമെന്ന് നിങ്ങൾക്ക് അറിയാമോ…. ഇങ്ങനെയുള്ള ഒന്ന് വാങ്ങി കൊടുക്കാൻ നിങ്ങളെ കൊണ്ട് പറ്റുമോ.. നിങ്ങളെ പോലെയുള്ള ദാരിദ്ര്യവാസികൾക്ക് ചിന്തിക്കാൻ പോലും പറ്റില്ല അത് പിന്നെയല്ലേ വാങ്ങിക്കാൻ പറ്റുക. ”

ചിപ്പിയുടെ ആക്രോശങ്ങൾ കേട്ട് പത്മത്തിന്റെ മിഴികൾ നിറഞ്ഞു. ഇത്രയും ദിവസം മകളെ പോലെ കണ്ടു വെച്ചു വിളമ്പി കൊടുത്തവളാണ് അമ്മയെ പോലെ കാണണ്ട തന്നെ നിങ്ങൾ എന്ന് സംബോധന ചെയ്ത് കൊണ്ട് ഇത്രയും പറഞ്ഞത്.

നിറഞ്ഞ മിഴികൾ ആരും കാണാതെ തുടച്ചു നേരെ നോക്കിയത് പവിത്രയുടെ മുഖത്തേക്കാണ്. അവൾ ചിപ്പിയുടെ നേരെ തിരിയുന്നത് കണ്ടു കണ്ണുകൾ കൊണ്ട് ഒന്നും വേണ്ടാ എന്ന് ആ അമ്മ പറഞ്ഞു.

പിന്നെയും രാജിയും ചിപ്പിയും പത്മത്തെ ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു.

ഞാൻ തുടക്കമെന്ന് പറഞ്ഞു രാജിയുടെ സാരിയിൽ തൊട്ട പത്മത്തെ ചിപ്പി പിടിച്ചു തള്ളി മാറ്റി.

” അങ്ങോട്ട് മാറി നിൽക്ക് തള്ളേ.. ”

അമ്മയെ പിടിച്ചു മാറ്റി നിർതിയിട്ട് പ്രശാന്തിനെ ചിപ്പിയുടെ അടുത്തേക്ക് പവിത്ര നീക്കി നിർത്തി.
അഞ്ചു വിരലുകളും പതിയുന്ന പോലെ അവന്റെ കവിളിൽ കൈ നീട്ടി ഒരു അടി കൊടുത്തു അവൾ. ആ അടി കൊണ്ടപ്പോൾ പ്രശാന്തിന്റെ മുഖം ഒരു സൈഡിലേക്ക് കോടിയ പോലെ ചിപ്പിയുടെയും അവളുടെ അമ്മയുടെയും മുഖവും ഒരു സൈഡിലേക്ക് കോടി പോയി.

കണ്ടു നിന്ന ശശിധരനും പത്മത്തിനും തോന്നി അവർക്ക് മൂന്നുപേർക്കും അടി കിട്ടിയെന്ന്.

അടി കിട്ടിയ കവിളും പൊത്തി പ്രശാന്ത് വിളറിയ മുഖത്തോടെ പവിത്രയെ മിഴിച്ചു നോക്കി. ചിപ്പിയും രാജിയും അതെ അവസ്ഥയിൽ തന്നെ ആയിരുന്നു.
ഇവളെന്തിനാ ഇവനെ തല്ലിയത് എന്നാണ് അവർ ആലോചിച്ചത്.

” നിന്നെ എന്തിനാ തല്ലിയത് എന്നായിരിക്കും ഇപ്പൊ എന്റെ അനിയൻ ആലോചിക്കുന്നത് അല്ലേ…
സ്വന്തം അമ്മയെ ഇത്രയും അവഹേളിച്ചിട്ടും കയ്യും കെട്ടി നോക്കി നിന്ന നീ നട്ടെല്ലുള്ള ഒരാൺകുട്ടി തന്നെയാണോടാ.
ഈ പുന്നാര മോളെ എനിക്ക് വേണേൽ തല്ലാമായിരുന്നു. പക്ഷേ ഞാൻ ചെയ്യില്ല… കാരണം അവളെ ശിക്ഷിക്കേണ്ടവൻ നീ ആയിരുന്നു. അങ്ങനെ ചെയ്യാത്തത് കൊണ്ടാണ് നിനക്ക് ഞാൻ ഈ സമ്മാനം തന്നത് ”

കണ്ണുരുട്ടി തന്നെ ദഹിപ്പിക്കുന്ന നോട്ടം നോക്കി നിൽക്കുന്ന അമ്മയുടെയും മോളുടെയും നേരെ പവിത്ര നോക്കി.

” ഒരുപാട് അങ്ങ് കണ്ണുരുട്ടാതെ ചിലപ്പോൾ തള്ളി കണ്ണ് ഇങ്ങ് താഴെ വീഴും.

മോളെ ചിപ്പി
നിന്റെ അമ്മ എന്തായിരുന്നു ആദ്യം പറഞ്ഞത്… ആ ഇത്തരം സാഹചര്യങ്ങളിൽ കഴിയുന്ന വീട്ടിൽ നിന്നും ഒന്നും കഴിക്കാറില്ലെന്ന്.
ചിപ്പി മോള് കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ വീട്ടിൽ നിന്നാണ് ആഹാരം കഴിക്കുന്നതെന്ന കാര്യം എന്താ മറന്നു പോയോ….
എന്താടി നിന്റെ അമ്മയോട് അത് പറഞ്ഞു കൊടുക്കാൻ നീ മറന്നു പോയോ..
നിന്റെ ഭർത്താവും ഈ കണ്ട പ്രായം വരെയും ഇപ്പോഴും ഇവിടുന്ന് തന്നാ കഴിക്കുന്നത്..
അതുകൊണ്ട് ഇമ്മാതിരി ഡയലോഗ് നിന്റെ അമ്മ പറയുമ്പോൾ അവരെ തിരുത്തി കൊടുക്കണ്ട ഉത്തരവാദിത്തം പ്രശാന്തിന്റെ ഭാര്യ എന്ന നിലയിൽ നിനക്കുണ്ട്.

ഇനി രണ്ടാമത്തെ കാര്യം… നിന്റെ അമ്മയുടെ വില പിടിപ്പുള്ള സാരി…
ആ സാരിയുടെ വില അറിയേണ്ട കാര്യം എന്റെ അമ്മയ്ക്ക് ഇല്ല. അത്തരം സാരി വാങ്ങിക്കേണ്ട കാര്യവും എന്റെ അമ്മയ്ക്ക് ഇല്ല. അമ്മയ്ക്ക് വേണ്ടത് നാണം മറക്കുന്ന വൃത്തിയുള്ള ഒരു വസ്ത്രമാണ് അത് വാങ്ങി കൊടുക്കാൻ ഞാൻ ഉണ്ട്.
പിന്നെ ചായ വീണ് സാരി എങ്ങനാ നശിച്ചതെന്ന് നമ്മൾ എല്ലാരും കണ്ടോണ്ട് ഇരുന്നതാ. അതുകൊണ്ട് കൂടുതൽ വർത്താനം ഒന്നും വേണ്ടാ അതും എന്റെ അമ്മയോട്.
മുൻപേ വിളിച്ച പോലെ തള്ളേ എന്നുള്ള സംബോധന അതൊക്കെ നിന്റെ അമ്മ നിനക്ക് പഠിപ്പിച്ചു തന്ന സംസ്കാരം ആണെങ്കിൽ അത് നിന്റെ വീട്ടിൽ നിന്റെ അമ്മയോട് മാത്രം പ്രയോഗിച്ചാൽ മതി കേട്ടല്ലോ ”

ചിപ്പിയുടെ മുഖത്തിന്‌ നേരെ വിരൽ ചൂണ്ടി താക്കീത് പോലെ പവിത്ര പറഞ്ഞു നിർത്തി. കുട്ടികൾ വിളിക്കുന്ന ഹിറ്റ്ലർ ദീദി തന്നെയാണ് ശെരിക്കും തങ്ങൾക്ക് മുന്നിൽ നിൽക്കുന്നതെന്ന് പ്രശാന്തിനും പത്മത്തിനും തോന്നി. അത്രക്ക് ആജ്ഞാശക്തി ഉണ്ടായിരുന്നു അവളുടെ വാക്കുകളിൽ.

ആദ്യത്തെ പകപ്പും തരിപ്പും മാറിയപ്പോൾ രാജി പകയോടെ പവിത്രയെ നോക്കി പല്ലുകടിച്ചു. ചിപ്പി അപമാനഭാരത്താൽ തല താഴ്ത്തി നിന്നു. പ്രശാന്ത് ഒന്നും ചെയ്യാനും പറയാനുമില്ലാതെ വെറുമൊരു കാഴ്ചക്കാരനായി നിന്നു.

ഫ്യൂസ് പോയ പോലെ നിൽക്കുന്ന ഭാര്യയെയും മോളേയും കണ്ടിട്ട് ശശിധരൻ മാത്രം ആരും കാണാതെ ചിരിച്ചു രസിച്ചു.

” ഞങ്ങളെ അപമാനിച്ച വീട്ടിൽ ഇനി ഒരു നിമിഷം പോലും ഞാൻ നിൽക്കില്ല ”

” ആരും കയ്യും കാലും കെട്ടിയിട്ടിട്ടില്ലല്ലോ.. ഇറങ്ങി പൊയ്ക്കൂടേ വന്ന കാര്യം കഴിഞ്ഞിട്ട് ”
പവിത്ര വീണ്ടും അവർക്കിട്ട് ഒന്ന് താങ്ങി.

” ഞാനും വരുന്നു മമ്മ നിങ്ങൾക്കൊപ്പം… ഈ നശിച്ച വീട്ടിൽ ഇവളുടെ ചീപ്പ് ഷോയും കണ്ടു ജീവിക്കാൻ എന്നെ കൊണ്ട് പറ്റില്ല… ”

” ഓക്കേ മോളു.. നിനക്ക് എടുക്കാനുള്ളത് എന്താന്ന് വെച്ചാൽ എടുത്തോണ്ട് പോര്.. ഞാൻ വണ്ടിയിൽ ഇരിക്കാം ”

ചിപ്പി പവിത്രയെ ഒന്ന് ദഹിപ്പിക്കും വിധം നോക്കിയിട്ട് വെട്ടിത്തിരിഞ്ഞു മുറിയിലേക്ക് പോയി. പുറകേ പ്രശാന്തും.

” അമ്മേ രാജമ്മ ചേച്ചി ഇതുവഴി വന്നിരുന്നോ… പഴയ തുണി മേടിക്കാൻ വരുന്ന രാജമ്മ ചേച്ചി ”

ചാടി തുള്ളി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ രാജി ആ ചോദ്യം കേട്ട് സ്റ്റെപ്പിൽ സ്റ്റക്ക് ആയി നിന്നു. വിളറിയ മുഖത്തോടെ തിരിഞ്ഞു നോക്കിയ അവർക്ക് പരിഹാസത്തിൽ പൊതിഞ്ഞൊരു പുഞ്ചിരി പവിത്ര നൽകി.

അവർ കാറിൽ പോയി ഇരുന്നപ്പോൾ ശശിധരൻ പത്മത്തിന്റെ അരികിലേക്ക് ചെന്നു.

” എന്റെ ഭാര്യയും മോളും ചെയ്തതിനെല്ലാം മാപ്പ് ”
പിന്നെ അയാൾ പവിത്രയോടായി പറഞ്ഞു.

 

പവിത്ര: ഭാഗം 5
മെട്രോജേണൽ Dare 2.0 ഗെയിമുകൾ പുറത്തിറക്കി. കളിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. നോവൽ വായിക്കുന്ന എല്ലാവരും ഈ ഗെയിമുകളിൽ ചിലതെങ്കിലും കളിച്ചുനോക്കണേ… ഷെയർ ചെയ്യണേ…

” കലക്കി മോളെ നീ… അവളുടെ അഹങ്കാരത്തിന്റെ ഒരു കൊമ്പ് നീ ഒടിച്ചു. ”

അപ്പോഴേക്കും ചിപ്പിയും പ്രശാന്തും ബാഗുകളുമായി ഇറങ്ങി വന്നു.

” മോനെ നിങ്ങൾ പോകല്ലേടാ.. ഇങ്ങനെ നിസ്സാര കാര്യത്തിന് ഇറങ്ങി പോവണോ ചെയ്യണ്ടത്. ”

പത്മം വേദനയോടെ പ്രശാന്തിനെ പിടിച്ചു നിർത്തി ചോദിച്ചു.

” എന്റെ കൂടെ ജീവിക്കണമെന്നുണ്ടെങ്കിൽ പ്രശാന്ത് ഇപ്പോൾ എന്റെ കൂടെ വരണം ”
ചിപ്പി മുറ്റത്തേക്ക് ഇറങ്ങി നിന്നുകൊണ്ട് പറഞ്ഞു.

അതുകേട്ടതും അവൻ പത്മത്തിന്റെ കൈകൾ തട്ടി മാറ്റി.

” എന്റെ ഭാര്യയെയും അവളുടെ വീട്ടുകാരെയും നിങ്ങൾ നാണംകെടുത്തിയില്ലേ… എന്നെ തല്ലിയില്ലേ ഞാൻ ഇനി ഇവിടെ നിൽക്കില്ല ”
അവൻ പവിത്രയെ നോക്കി പറഞ്ഞിട്ട് മുന്നോട്ട് നടന്നു.

” പ്രശാന്തേ ഒരു മിനുറ്റ്…നീ കുടുംബമായി ജീവിക്കാൻ തുടങ്ങുവാണല്ലോ അപ്പോൾ നിനക്ക് ഒരു ജോലിയും അത്യാവശ്യമാണ്.
ഇത് കൈമൾ മാഷ് തന്നതാ… ഈ കാർഡുമായി നീ ചെന്നാൽ മതി നിന്റെ സർട്ടിഫിക്കറ്റുമായി. നിനക്ക് അർഹമായ ഒരു തസ്തികയിൽ ജോലി കിട്ടും ഉറപ്പാ ”

കൈമൾ സാർ കൊടുത്ത വിസിറ്റിംഗ് കാർഡ് അവന്റെ കയ്യിലേക്ക് അവൾ വെച്ച് കൊടുത്തു.
ആ കാർഡ് അവൻ തിരികെ അവളുടെ മുഖത്തേക്ക് എറിഞ്ഞിട്ട് പറഞ്ഞു.

” കോടികളുടെ ആസ്തിയുണ്ട് എന്റെ ഭാര്യക്ക്… ഞാൻ ജോലിക്ക് പോയിട്ട് വേണ്ടാ ഞങ്ങൾക്ക് ജീവിക്കാൻ. അതുകൊണ്ട് എനിക്ക് ഇതിന്റെ ആവശ്യം ഇല്ല. നിങ്ങൾ ഇവിടം അടക്കി ഭരിച്ചോ ഞാൻ ഒഴിഞ്ഞു തരുവാ ”

ചിപ്പിയും പ്രശാന്തും കാറിൽ കയറി കഴിഞ്ഞിട്ടും ശശിധരൻ കരയുന്ന പത്മത്തിനെയും ഒരു കുലുക്കവുമില്ലാതെ നിർവികാരതയോടെ കൈ കെട്ടി നിൽക്കുന്ന പവിത്രയെയും നോക്കി നിൽക്കുകയായിരുന്നു.

” എന്ത് കാഴ്ച കണ്ടു നിൽക്കുവാ നിങ്ങൾ അവിടെ… വന്നു വണ്ടിയെടുക്കടോ ”

രാജിയുടെ ആജ്ഞാപനം കേട്ടു അയാൾ പെട്ടെന്ന് വണ്ടിയിൽ കയറി. കണ്ണിൽ നിന്നും മറയും വരെ ആ കാർ പോകുന്നതും നോക്കി പത്മവും പവിത്രയും അവിടെ വന്നു.

” പുകഞ്ഞ കൊള്ളി പുറത്ത് ”
അമ്മയെ നോക്കി അത്രയും പറഞ്ഞിട്ട് പവിത്ര അകത്തേക്ക് കയറി പോയി. സാരിയുടെ കോന്തലിൽ മൂക്കും കണ്ണും തുടച്ചു കൊണ്ട് പത്മം അവിടെ ഇരുന്നു.

*********************

” എന്നാലും നീ അവരെ ഇത്രയും പറയണ്ടായിരുന്നു… അതുകൊണ്ടല്ലേ പ്രശാന്തും ചിപ്പിയും ഇറങ്ങി പോയത് . ”
രാവിലെ ജോലിക്ക് പോകാൻ ഇറങ്ങാൻ നേരം അമ്മ പറഞ്ഞ വാക്കുകൾ ആയിരുന്നു ബസിൽ ഇരിക്കുമ്പോഴും പവിത്ര ഓർത്തത്.

ആർക്ക് വേണ്ടിയാണ് താൻ ഈ ജീവിതം ജീവിക്കുന്നത് എന്ന ചോദ്യം അവളെ അലട്ടി കൊണ്ടിരുന്നു.

ഉച്ച ഭക്ഷണം കഴിച്ചു വരുമ്പോൾ ആണ് ടെക്സ്റ്റയിൽസിലേക്ക് ചിപ്പിയുടെ അമ്മയെ പോലെ തോന്നുന്ന സ്ത്രീ കടയുടമ രാജീവൻ സാറിനോടൊപ്പം കയറി പോകുന്നത് പവിത്ര കണ്ടത്.
തിരിച്ചു അവർ പോകുമ്പോൾ വ്യക്തമായി അവൾ കണ്ടു തന്നെ നോക്കി പുച്ഛത്തോടെ ചിരിക്കുന്ന രാജി എന്ന രാജമ്മയെ.

സന്ധ്യക്ക്‌ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ അമ്മയോടൊപ്പം നാമം ചൊല്ലുന്ന ആളെ കണ്ടു പവിത്ര തെല്ലൊന്നമ്പരന്നു. രമ്യ…. !

പവിത്രയെ കണ്ടതും രമ്യ കൈ പൊക്കി കാണിച്ചു കൊണ്ട് എണീക്കാൻ തുടങ്ങിയതും പത്മം രൂക്ഷമായി അവളെ നോക്കി. രമ്യ തിരിച്ചു അതെ പടി ഇരുന്നു. പിന്നെ വരാം എന്ന് കൈ കൊണ്ട് കാണിച്ചിട്ട് നാമം ചൊല്ലൽ തുടർന്നു.

പവിത്ര സ്വന്തം മുറിയിലേക്ക് പോയി. ബാഗ് തോളിൽ നിന്നും ഊരി മേശമേൽ വെച്ചു. പിൻകഴുത്തിൽ ആരുടെയോ നിശ്വാസം അടിച്ചതും അവൾ ഞെട്ടി തിരിയാൻ ശ്രമിച്ചു. അതിനുമുൻപേ ഇടുപ്പിൽ ഒരു കരമമർന്നു.

” പവി ”
അവളുടെ ചെവിയിൽ പ്രണയാർദ്രമായ സ്വരം പതിഞ്ഞു.

” മാധവ് ”
പവിത്ര ആ പേര് പതിയെ ഉച്ചരിച്ചു.

” രാത്രിയിൽ കുളക്കടവിലേക്ക് വരണം… നമ്മുടെ മാത്രമായ ലോകത്തിലേക്ക്…
ഞാൻ കാത്തിരിക്കും. ”

അത്രയും പറഞ്ഞിട്ട് ആ പിടി വിട്ട് മാധവ് മുറിയുടെ പുറത്തേക്ക് ഇറങ്ങി.

കുറച്ചേറെ നേരത്തേക്ക് പവിത്ര അങ്ങനെ തന്നെ നിന്നു. രമ്യ വന്നു ഓരോ വിശേഷങ്ങൾ പറയുകയും ചോദിച്ചറിയുകയും ചെയ്തു കൊണ്ടിരുന്നു. അവൾ പറയുന്നത് എല്ലാം മൂളി കേൾക്കുകയും ചോദിക്കുന്നതിനു മറുപടി നൽകുകയും മാത്രം ചെയ്തുകൊണ്ടിരുന്നു പവിത്ര.

” നീ വല്ലാതെ മാറി പോയി പവിത്ര ”
രമ്യയുടെ സ്വരത്തിൽ നിരാശ നിറഞ്ഞിരുന്നു.

അത്താഴം കഴിക്കാൻ അമ്മ വിളിച്ചപ്പോൾ വിശപ്പില്ലെന്ന് പറഞ്ഞു പവിത്ര മുറിയിൽ തന്നെ കഴിച്ചു കൂട്ടി.
രാത്രിയിൽ എല്ലാവരും ഉറങ്ങിയെന്നു ഉറപ്പായപ്പോൾ പവിത്രയുടെ കാലടികൾ കുളക്കടവ് ലക്ഷ്യമാക്കി നടന്നു തുടങ്ങി…തുടരും)

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 4

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story