നന്ദ്യാർവട്ടം: Part 12

നന്ദ്യാർവട്ടം: Part 12

നോവൽ


നന്ദ്യാർവട്ടം: Part 12

എഴുത്തുകാരി: അമൃത അജയൻ  (അമ്മൂട്ടി)

അവളുടെ ചുണ്ടുകൾ ചലിച്ചു തുടങ്ങി ..

” മ്മ .. മ്മ ….”

അവ്യക്തമായി അവൾ വിളിച്ചു .. പക്ഷെ രാത്രിയുടെ മൗനത്തിൽ അതാരും കേട്ടില്ല ..

അവളുടെ ബെഡിന് താഴെയുള്ള ചെറിയ ബെഡിൽ സരസ്വതി ഉറക്കത്തിലായിരുന്നു ..

അമലാ കാന്തിയുടെ തൊണ്ടക്കുഴിയിൽ ശബ്ദം മരവിച്ച് നിന്നു …

അവളുടെ ബോധ മനസിലൂടെ പലതും കടന്നു വന്നു ..

തന്റെ മുന്നിലേക്ക് പാഞ്ഞു വരുന്ന ഒരു ടെംബോ … അതായിരുന്നു അപ്പോഴും അവളുടെ കൺമുന്നിൽ തെളിഞ്ഞു നിന്നത് …

ആരോ ചുമക്കുന്ന ഒച്ച കേട്ടാണ് സരസ്വതി കണ്ണു തുറന്നത് ..

അമലാ കാന്തിയിൽ നിന്ന് ഞരങ്ങും പോലെ ഒരു ശബ്ദം ..

അവർ ചാടിയെഴുന്നേറ്റു .. വാർഡിലെ ലൈറ്റ് തപ്പിപിടിച്ചിട്ടു ..

അവരോടി വന്ന് മകളെ നോക്കി .. അവൾ കണ്ണ് തുറന്നിരിക്കുന്നു ..

” മ്മ … മ്മ …..”

ദിവസങ്ങൾക്ക് ശേഷം അവളുടെ നാവ് ചലിക്കുന്നു …

സന്തോഷം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു …

അവൾ ഓടി നർസസ് സ്റ്റേഷനിലേക്ക് ചെന്നു ..

നെസി സിസ്റ്റർ നർസസ് ചാർട്ട് എഴുതുകയായിരുന്നു ..

” സിസ്റ്റർ …. എന്റെ മോള് സംസാരിക്കുന്നു … ” സരസ്വതി ആനന്ദകണ്ണീരോടെ പറഞ്ഞു ..

സിസ്റ്റർ അൽപ നേരം അവരെ തന്നെ നോക്കി ..,

” ഉറപ്പാണോ ….”

” അതേ സിസ്റ്റർ .. എന്റെ മുഖത്ത് നോക്കി വിളിച്ചു ..

നെസി സിസ്റ്റർ കേസ് ഷീറ്റ് മാറ്റി വച്ച് , എഴുന്നേറ്റു വന്നു …

ശരിയാണ് …!

കണ്ണ് തുറന്ന് കിടന്ന് എന്തോ പറയാൻ ശ്രമിക്കുന്ന അമലാ കാന്തി ..

സിസ്റ്റർ അവളുടെ പൾസ് പിടിച്ച് നോക്കി ..

പിന്നെ തിരിച്ച് ഡ്യൂട്ടി റൂമിലേക്ക് ചെന്നു ഡോക്ടറുടെ നമ്പറെടുത്ത് വിളിച്ചു ..

Dr . ഫസൽ നാസറായിരുന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ..

വിവരം ഡോക്ടറെ അറിയിച്ചിട്ട് , നെസി സിസ്റ്റർ ബിപി അപ്പാരറ്റസുമായി അമലാ കാന്തിയുടെ ബെഡിലേക്ക് നടന്നു ..

അഞ്ച് മിനിറ്റിനുള്ളിൽ ഫസൽ വാർഡിലെത്തി ..

ഡോക്ടർ അമലാ കാന്തിയെ പരിശോധിച്ചു ..

” അമലാകാന്തി ….. ” ഫസൽ അവളുടെ പേരെടുത്ത് അൽപം ഉച്ചത്തിൽ വിളിച്ചു ..

” ങാ … .. ” ക്ഷീണിച്ചതെങ്കിലും അവൾ വിളി കേട്ടു …

റെസ്പോൺസുണ്ട് …

ഫസലിന്റെ മുഖം തെളിഞ്ഞു ..

* * * * * * * * * * * *

വിനയ് ഉണർന്നു നോക്കുമ്പോൾ സമയം ആറരയായിരുന്നു ..

തൊട്ടരികിൽ ആദി കിടന്ന് ഉറങ്ങുന്നുണ്ട് ..

അഭിരാമി എഴുന്നേറ്റ് പോയിരുന്നു ..

ഇന്നലെ ആമിയും ആദിയും എപ്പോഴാണ് കിടന്നതെന്ന് അവനറിഞ്ഞതേയില്ല ..

വിനയ് ആദിയുടെ നേരെ തിരിഞ്ഞു ..

അവന്റെ മുഖത്ത് ചുംബിച്ചു … നിഷ്കളങ്കമായി ഉറങ്ങുകയാണ് അവൻ ..

വിനയ് മകന്റെ നെറ്റിയിൽ മെല്ലെ തലോടി …

ശേഷം , ടീപ്പോയിലേക്ക് കൈയെത്തിച്ച് ഫോണെടുത്തു …

നെറ്റ് ഓൺ ചെയ്തതും നോട്ടിഫിക്കേഷൻസ് തുരുതുരാ വന്നു ..

അവൻ വാട്സപ്പ് ഓപ്പൺ ചെയ്തു …

ഫസലിന്റെ വക ഒരു സന്തോഷ വാർത്തയായിരുന്നു ആ പ്രഭാതത്തിൽ അവനെ വരവേറ്റത് …

അവൻ വേഗമെഴുന്നേറ്റു …

അഭിരാമി ചായയുമായി വരുമ്പോൾ വിനയ് കുളി കഴിഞ്ഞ് മുടി ചീകുകയായിരുന്നു ..

” ആഹാ … ഇന്ന് നേരത്തെ കുളിച്ചോ ….”

” ശബരി വന്നോ …….?” അതിന് മറുപടി പറയാതെ അവളുടെ കൈയിൽ നിന്ന് തിടുക്കപ്പെട്ടു ചായ വാങ്ങിക്കൊണ്ട് അവൻ ചോദിച്ചു …

” ഇല്ല …….. ”

” ബ്രേക്ഫാസ്റ്റായോ … ” അവൻ ചോദിച്ചു ..

” ആയിക്കൊണ്ടിരിക്കുവാ …”

” എനിക്കിപ്പോ ഹോസ്പിറ്റലിലേക്ക് പോകണം .. എമർജൻസിയാണ് … ”

” വിനയേട്ടൻ വാ … ഞാൻ ബേക് ഫാസ്റ്റ് എടുത്തു വയ്ക്കാം … ”

പോകാൻ നേരം അവൾ തിരിഞ്ഞ് ആദിയെ നോക്കി .. അവൻ നല്ല ഉറക്കത്തിലാണ് …

അവൾ രണ്ട് പില്ലോയെടുത്ത് അവന്റെ അരികിലായി വച്ചു ..

പിന്നെ തിടുക്കപ്പെട്ട് താഴേക്ക് പോയി ..

വിനയ് ഡ്രെസ് ചെയ്ത് വരുമ്പോഴേക്കും , മുരിഞ്ഞ അപ്പവും കിഴങ്ങ് കറിയും ഡൈനിംഗ് ടേബിളിൽ റെഡിയായിരുന്നു ..

” എന്താ വിനയേട്ടാ എമർജൻസി … ”

” എന്റെയൊരു പേഷ്യന്റുണ്ട് .. കോമയിലായിരുന്നു .. ഇന്നലെ രാത്രി അവൾ റെസ്പോണ്ട് ചെയ്തു … ”

അവൾ മൂളി കേട്ടു …

” താനിന്നലെ എന്താ പറയാനുണ്ടെന്ന് പറഞ്ഞെ …? ”

” കുറച്ചധികം പറയാനുണ്ട് വിനയേട്ടാ .. വിനയേട്ടനിപ്പോ പോകണ്ടെ …..”

” ങും ….. ശബരി വന്നാൽ അവന് ബ്രേക്ക് ഫാസ്റ്റ് കൊടുക്കണം ….”

അവളുടെ നെഞ്ചൊന്ന് കാളി ….

ഈശ്വരാ വിനയേട്ടൻ പോയ ശേഷം അയാൾ കയറി വരുമോ ….

” എന്താടോ ആലോചിക്കുന്നേ ……” വിനയ് ചോദിച്ചു ..

” അല്ല വിനയേട്ടാ … നിങ്ങൾക്ക് കോർട്ടേർസില്ലെ …..”

വിനയ് ചിരിച്ചു … അവന് കാര്യം മനസിലായി ..

” അവന് കോർട്ടേർസ് താത്പര്യമില്ലായിരിക്കും … ”

അഭിരാമിക്ക് ജാള്യത തോന്നി ..

” ഞാൻ വെറുതെ ചോദിച്ചതാ …” അവൾ പറഞ്ഞു ..

അവൻ ഒരു മന്ദസ്മിതത്തോടെ തലയാട്ടി ..

വിനയ് കഴിച്ചു മതിയാക്കി എഴുന്നേറ്റു …

അവളോട് യാത്ര പറഞ്ഞ് പോകാനിറങ്ങി … അവളും കൂടെ ചെന്നു ..

അവൻ കാറിറക്കി , മുറ്റത്തിട്ട് തിരിച്ചു ..

അവൾ ചെന്ന് ഗേറ്റ് തുറന്നു കൊടുത്തു ..

ഒരിക്കൽ കൂടി , കണ്ണുകൾ കൊണ്ട് അവളോട് യാത്ര പറഞ്ഞശേഷം അവൻ ഓടിച്ച് പോയി ..

അവൾ ഗേറ്റടച്ചു തിരികെ വന്നു .. ഡോർ ലോക്ക് ചെയ്തിട്ടു മുകളിലേക്ക് പോയി ..

ആദി അപ്പോഴും നല്ല ഉറക്കമായിരുന്നു ..

ഇന്നലെ രാത്രി ഉറങ്ങാൻ വൈകിയത് കൊണ്ടാവും .. അല്ലെങ്കിൽ അഞ്ച് മണിയാകുമ്പഴേ അവൻ ഉണർന്ന് എഴുന്നേറ്റിരിക്കും …

അവൾ ബെഡിലേക്ക് കയറി അവന്റെ അരികിലിരുന്നു … കുനിഞ്ഞ് ആ നെറ്റിയിൽ ഉമ്മ കൊടുത്തു ..

ഈ വീട്ടിലിങ്ങനെ തീയിൽ ചവിട്ടി നിൽക്കുമ്പോഴും അവന്റെ മുഖത്ത് നോക്കുമ്പോൾ ഒരാശ്വാസമാണ് .. എല്ലാ ഭയങ്ങളും വിട്ടൊഴിഞ്ഞ് പോകും പോലെ …

ആരൊക്കെ തന്നെ തള്ളിപ്പറഞ്ഞാലും അവൻ ചിലപ്പോ തനിക്ക് വേണ്ടി കരഞ്ഞേക്കും …

അറിയാതെ അവളുടെ കണ്ണൊന്നു നിറഞ്ഞു ..

ഇന്നും വിനയേട്ടനോട് ഒന്നും പറയാൻ കഴിഞ്ഞില്ല … വൈകിട്ടെങ്കിലും പറയണം …. അവൾ മനസിലോർത്തു …

അൽപസമയം കൂടി അവളങ്ങനെ അവനെ നോക്കിയിരുന്നു …

പിന്നെ ബെഡിൽ നിന്നിറങ്ങി , സൈഡിലിരുന്ന ബാസ്‌ക്കറ്റ് എടുത്തു ..

അതിൽ ആദിയുടെ കുറച്ച് മുഴിഞ്ഞ ഡ്രസായിരുന്നു .. അതും അവളുടെയും വിനയ് യുടെയും വാഷ് ചെയ്യാനുള്ള ഡ്രസുകളും എടുത്തു …

വാഷിംഗ് മെഷീനിൽ കൊണ്ടിട്ടതും താഴെ കോളിംഗ് ബെൽ മുഴങ്ങി ..

രാവിലെ ഇതാരാ …. അമ്മയാണോ … !

അപ്പോഴാണ് അവൾ ശബരിയുടെ കാര്യം ഓർത്തത് …

ഈശ്വരാ അയാളാണെങ്കിൽ ..

അവൾ അടിമുടി വിറച്ചു …

അവൾ മെല്ലെ നടന്നു … സാവധാനം പടികളിറങ്ങി താഴെ വന്നു …

ഡോറിനരികിൽ വന്ന് പീപ്പ് ഹോളിലൂടെ നോക്കി …

അവൻ തന്നെയാണ് … ശബരി ..!

ഡോർ തുറക്കാൻ അവളൊന്നറച്ചു …

പിന്നെ രണ്ടും കൽപ്പിച്ച് തുറന്നു …

അവൻ അവളെയൊന്ന് നോക്കി …

അവളും ….

എവിടെയോ അലഞ്ഞ് തിരിഞ്ഞിട്ട് വന്നതു പോലെയുണ്ടായിരുന്നു അവൻ ….

തലമുടി പാറി പറന്ന് … കണ്ണ് ചുവന്ന് …

അവൾ വാതിലിൽ നിന്ന് ഒഴിഞ്ഞ് നിന്നു …

അവൻ അവളോട് ഒന്നും മിണ്ടാതെ അകത്തേക്ക് കയറി …

ഗസ്റ്റ് റൂമിലേക്ക് കയറാൻ നേരം തിരിഞ്ഞു നിന്ന് ചോദിച്ചു ..

” വിനയ് പോയോ …. കാർ കണ്ടില്ല … ” ആ ശബ്ദം സൗമ്യമായിരുന്നു ..

” അൽപം മുൻപ് പോയി .. ”

” ടീയുണ്ടെങ്കിൽ തരുമോ .. ടേബിളിൽ വച്ചാൽ മതി .. ഞാനെടുത്തു കുടിച്ചോളാം … ” പറഞ്ഞിട്ട് അവൻ റൂമിലേക്ക് കയറിപ്പോയി …

തന്നോടുള്ള അവന്റെ ശാന്ത സമീപനം അവളെ അത്ഭുതപ്പെടുത്തി …

സാധാരണ ഒന്നും പറഞ്ഞില്ലെങ്കിൽ കൂടി അവന്റെ കണ്ണുകളിൽ തന്നോടുള്ള പകയുണ്ടാവും …

വിനയേട്ടനോട് അയാൾക്ക് നല്ല അടുപ്പമാണ് .. ഇനി അതാകുമോ …… ?

തന്നോടുള്ള പക ഇത്ര പെട്ടന്ന് മാഞ്ഞു പോകുമോ ..?

അതോ കൊടുംങ്കാറ്റിനു മുൻപുള്ള ശാന്തതയോ …

അവൾക്കൊരു എത്തും പിടിയും കിട്ടിയില്ല ..

മുൻവശത്തെ ഡോർ അടക്കാതെ , അവൾ കിച്ചണിൽ പോയി …

ഇതിൽ കുറച്ച് വിഷം കലക്കി കൊടുക്കണം നാശം … ടീ കപ്പിലേക്ക് പകരുമ്പോൾ അവൾ മനസിലോർത്തു ..

ആ ജോളി ചേച്ചി നാട്ട്കാർക്ക് മുഴുവൻ ആട്ടിൻ സൂപ്പ് കലക്കി കൊടുത്തപ്പോ ഈ കാലമാടനും കൂടി കുറച്ച് കൊടുത്തു കൂടായിരുന്നോ ..

അവൾ ടീ കൊണ്ട് പോയി ടേബിളിൽ വച്ചിട്ട് തിരിച്ച് കിച്ചണിലേക്ക് തന്നെ വന്നു …

പിന്നെ അവൾ വന്ന് നോക്കുമ്പോൾ കണ്ടത് അവൻ മുൻവശത്തെ സോഫയിലിരുന്ന് പത്രം മറിച്ച് നോക്കി ടീ കുടിക്കുന്നതാണ് …

അവൾക്ക് ദേഷ്യം തോന്നി ..

ഈ വിനയേട്ടന് ഇയാളെ ഇവിടെ നിർത്തേണ്ട വല്ല കാര്യവുമുണ്ടോ ….

അവൻ ടീ കുടിച്ച് കഴിഞ്ഞ് കപ്പുമായി എഴുന്നേറ്റ് വന്നു …

” അവിടെ വച്ചാൽ മതി .. ഞാനെടുത്തോളാം … ”

അവൻ കപ്പ് ടേബിളിൽ വച്ചിട്ട് തിരിച്ച് റൂമിലേക്ക് പോയി …

അവൾ ചെന്ന് അത് എടുത്ത് കൊണ്ട് വന്നു വാഷ്ബേസിനിലേക്ക് എറിഞ്ഞു …

അപ്പോഴേക്കും മുകളിൽ കരച്ചിൽ കേട്ടു ..

ആദി ഉണർന്നെന്ന് അവൾക്ക് മനസിലായി …

അവൾ പുഞ്ചിരിച്ചു കൊണ്ട് , സ്റ്റെപ്പുകൾ ഓടിക്കയറി മുകളിൽ ചെന്നു …

അവൾ നോക്കുമ്പോൾ , ബെഡിൽ എഴുന്നേറ്റിരുന്ന് രണ്ടു കൈയും നീട്ടി , ചുണ്ടു പിളർത്തി ചിണുങ്ങിക്കൊണ്ട് ആദിയിരിപ്പുണ്ട് …

അവൾ ഓടിച്ചെന്ന് അവനെ വാരിയെടുത്തു ..

” മമ്മേടെ പൊന്നു മണി ഉണർന്നോടാ….. ” അവളവനെ നെഞ്ചിൽ ചേർത്തു …

അവൻ ചിണുങ്ങൽ നിർത്തി .. എന്നാലും ചുണ്ട് അങ്ങനെ തന്നെ പിളർത്തി വച്ച് അവളെ നോക്കി ..

” എന്റാട കണ്ണാ …. എന്റാട നോക്കുന്നേ … ” അവളവന്റെ നെഞ്ചിൽ മുഖമിട്ടുരസി ..

അവന് ഇക്കിളിയായപ്പോൾ അവൻ ചിരിച്ചു ….

ആ കുഞ്ഞിച്ചുണ്ടിൽ ഇച്ചിരി അമ്മിഞ്ഞപ്പാൽ ചുരന്നു കൊടുക്കാൻ കഴിയാത്തതിൽ അവൾക്ക് ദുഃഖം തോന്നി ..

അവളവന്റെ നിക്കറൂരി ബാത്ത് റൂമിൽ കൊണ്ട് പോയി നിർത്തി ..

അൽപ നേരം നോക്കി നിന്നിട്ട് അവൻ മൂത്രമൊഴിച്ചു …

തിരിച്ചു മോനെയുമെടുത്തു കൊണ്ട് തിരിഞ്ഞതും അവൾ നടുങ്ങി വിറച്ച് പോയി …(തുടരും)

നന്ദ്യാർവട്ടം: ഭാഗം 1 
നന്ദ്യാർവട്ടം: ഭാഗം 2
നന്ദ്യാർവട്ടം: ഭാഗം 3
നന്ദ്യാർവട്ടം: ഭാഗം 4
നന്ദ്യാർവട്ടം: ഭാഗം 5
നന്ദ്യാർവട്ടം: ഭാഗം 6
നന്ദ്യാർവട്ടം: ഭാഗം 7
നന്ദ്യാർവട്ടം: ഭാഗം 8
നന്ദ്യാർവട്ടം: ഭാഗം 9
നന്ദ്യാർവട്ടം: ഭാഗം 10
നന്ദ്യാർവട്ടം: ഭാഗം 11
ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

CLICK

ഓപ്പൺ ആകുമ്പോൾ ഫെയ്‌സ്ബുക്ക് സെലക്ട് ചെയ്യണം.

Share this story