ഉക്രെയ്നിൽ വൈദ്യുതി തടസം സൃഷ്ടിക്കാൻ റഷ്യ ശ്രമിക്കുന്നു; ഊർജ മേഖലയ്ക്കുനേരെയുള്ള ആക്രമണത്തിൽ കുറ്റപ്പെടുത്തി സെലൻസ്കി
കീവ്: ശൈത്യകാലം ആരംഭിക്കാനിരിക്കെ ഉക്രെയ്നിൽ പൂർണ്ണമായ വൈദ്യുത തടസ്സം (Blackout) സൃഷ്ടിക്കാൻ റഷ്യ ബോധപൂർവം ശ്രമിക്കുകയാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ആരോപിച്ചു. രാജ്യത്തിന്റെ ഊർജ മേഖലയെയും വൈദ്യുതി നിലയങ്ങളെയും ലക്ഷ്യമിട്ട് റഷ്യ വൻതോതിൽ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് സെലൻസ്കിയുടെ വിമർശനം.
കഴിഞ്ഞ ദിവസങ്ങളിൽ 15-ലധികം പ്രധാന ഊർജ കേന്ദ്രങ്ങൾക്കും സബ്സ്റ്റേഷനുകൾക്കും നേരെ റഷ്യൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സെലൻസ്കി വ്യക്തമാക്കി. ലക്ഷക്കണക്കിന് ആളുകളെ തണുപ്പുകാലത്ത് വൈദ്യുതിയും ചൂടും ഇല്ലാതെ ഇരുട്ടിലാക്കാനാണ് മോസ്കോ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തെ തുടർന്ന് പല നഗരങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. തകരാറിലായ വൈദ്യുതി വിതരണ ശൃംഖലകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഉക്രെയ്ൻ അധികൃതർ അറിയിച്ചു. റഷ്യയുടെ ഈ നീക്കത്തെ ചെറുക്കാൻ വ്യോമപ്രതിരോധ സംവിധാനങ്ങളും അന്താരാഷ്ട്ര സഹായവും ശക്തമാക്കണമെന്ന് സെലൻസ്കി സഖ്യരാജ്യങ്ങളോട് അഭ്യർത്ഥിച്ചു.
