ഭീകരർക്ക് സുരക്ഷിത താവളങ്ങൾ അനുവദിക്കില്ല; ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഒന്നിച്ചു പോരാടണം: എസ്.സി.ഒ ഉച്ചകോടിയിൽ രാജ്നാഥ് സിംഗ്
ദുഷാൻബെ / ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ വേണമെന്നും ഭീകരർക്ക് ഒളിച്ചോടാനും അഭയം നൽകാനും ഒരു താവളവും ഉണ്ടാകരുതെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. തജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) സർക്കാരമേധാവികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദത്തിനെതിരെ പോരാടുന്നതിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഭീകരർക്ക് സാമ്പത്തിക സഹായവും പിന്തുണയും താവളവും നൽകുന്നവർക്കെതിരെ ശക്തമായ കൂട്ടായ നടപടി ആവശ്യമാണ്. ഭീകരവാദത്തിന്റെ പൂർണ്ണമായ ആവാസവ്യവസ്ഥ തന്നെ ഇല്ലാതാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ സമാധാനത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിലും, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഏത് വെല്ലുവിളിയെയും നേരിടാൻ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാൻ പ്രതിനിധികൾ അടക്കം പങ്കെടുത്ത ഉച്ചകോടിയിലാണ് കേന്ദ്ര മന്ത്രി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
