മസ്കിനെയും ധനാധിപത്യത്തെയും തടയൂ; റിപ്പബ്ലിക്കൻ പാർട്ടിക്ക് കോടികൾ ഒഴുക്കുന്ന ഇലോൺ മസ്കിനെതിരെ രൂക്ഷവിമർശനവുമായി ബെർണി സാണ്ടേഴ്സ്

ഇലോൺ മസ്‌ക്

വാഷിംഗ്ടൺ: വരുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ (US Midterm Elections) റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കായി ഇലോൺ മസ്ക് 366 ദശലക്ഷം ഡോളർ (ഏകദേശം 3,000 കോടിയിലധികം ഇന്ത്യൻ രൂപ) ചിലവഴിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി യു.എസ് സെനറ്റർ ബെർണി സാണ്ടേഴ്സ്. "മസ്കിനെ തടയൂ, ധനാധിപത്യം (Oligarchy) അവസാനിപ്പിക്കൂ" എന്ന് സാണ്ടേഴ്സ് തുറന്നടിച്ചു.

​എക്സിൽ (X) പങ്കുവെച്ച കുറിപ്പിലൂടെയാണ് ബെർണി സാണ്ടേഴ്സ് തൻ്റെ അമർഷം രേഖപ്പെടുത്തിയത്.

​സാണ്ടേഴ്സിന്റെ വാക്കുകൾ

ഡൊണാൾഡ് ട്രംപിനെ തിരഞ്ഞെടുക്കാൻ ഇലോൺ മസ്ക് 290 ദശലക്ഷം ഡോളർ ചിലവഴിച്ചു. അതിന്റെ ഫലമായി ട്രംപ് അധികാരത്തിലെത്തിയതോടെ മസ്കിന്റെ സമ്പത്ത് 696 ബില്യൺ ഡോളർ വർദ്ധിക്കുകയും അദ്ദേഹം ലോകത്തിലെ ആദ്യത്തെ ട്രില്യണെയറായി മാറുകയുമുണ്ടായി. എന്നാൽ അതിലും അവൻ തൃപ്തനല്ല. ഇപ്പോൾ യു.എസ് കോൺഗ്രസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ആധിപത്യം നിലനിർത്താൻ 366 ദശലക്ഷം ഡോളർ കൂടി മസ്ക് ഒഴുക്കുകയാണ്. മസ്കിനെ തടയൂ, ധനാധിപത്യം അവസാനിപ്പിക്കൂ!"

​കോടീശ്വരന്മാർ പണം ഉപയോഗിച്ച് അമേരിക്കൻ രാഷ്ട്രീയത്തെയും ഭരണസംവിധാനങ്ങളെയും വിലയ്ക്കുവാങ്ങാൻ ശ്രമിക്കുന്നതിനെതിരെ കടുത്ത മുന്നറിയിപ്പാണ് സാണ്ടേഴ്സ് നൽകുന്നത്. ജനാധിപത്യ പ്രക്രിയയെ വൻകിട മുതലാളിമാർ നിയന്ത്രിക്കുന്നത് രാജ്യത്തിന് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags

Share this story