റഷ്യയിൽ നിന്ന് ഡീസൽ വാങ്ങാൻ ട്രംപിന്റെ കരാർ; രൂക്ഷവിമർശനവുമായി സെലെൻസ്കി: 'ഇത് യുദ്ധത്തിനുള്ള നിക്ഷേപം'
റഷ്യയിൽ നിന്ന് ഡീസൽ ഇറക്കുമതി ചെയ്യാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. റഷ്യയിൽ നിന്നുള്ള ഡീസൽ കരാർ റഷ്യൻ യുദ്ധത്തിനുള്ള നിക്ഷേപമാണെന്നും, യുദ്ധം അവസാനിപ്പിക്കുന്നതിന് പകരം നീട്ടിപ്പൊട്ടിക്കാൻ മാത്രമേ ഇത് സഹായിക്കൂ എന്നും സെലെൻസ്കി കുറ്റപ്പെടുത്തി.
അമേരിക്കയിലെയും ആഗോള വിപണിയിലെയും ഇന്ധനവില വർധനവ് തടയുന്നതിനാണ് റഷ്യയിൽ നിന്ന് ഡീസൽ വാങ്ങാൻ തീരുമാനിച്ചതെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് കരാർ പ്രഖ്യാപിച്ചത്. ഇതേതുടർന്ന്, ഏപ്രിൽ 7 വരെ റഷ്യൻ ഡീസൽ ഇറക്കുമതി ചെയ്യുന്നതിന് യു.എസ് ട്രഷറി വകുപ്പ് അനുമതി നൽകുകയും ചെയ്തു.
എന്നാൽ, റഷ്യയ്ക്ക് മേലുള്ള ഉപരോധങ്ങളിൽ ഇളവ് നൽകുന്നത് അവരുടെ കൈകൾക്ക് കൂടുതൽ ശക്തി പകരുകയേ ഉള്ളൂ എന്ന് സെലെൻസ്കി പ്രതികരിച്ചു. "പുടിന് നൽകുന്ന സമ്മാനങ്ങൾ സമാധാനം കൊണ്ടുവരില്ല. പെട്രോളിയം ഉൽപ്പന്നങ്ങൾ വിൽക്കാൻ റഷ്യയെ അനുവദിക്കുന്നത് യുദ്ധത്തിനുള്ള സാമ്പത്തിക സഹായമാണ്," സെലെൻസ്കി കൂട്ടിച്ചേർത്തു.
പങ്കാളികൾ തമ്മിൽ പെരുമാറേണ്ട രീതി ഇതല്ലെന്നും യുക്രെയ്ൻ സംഘത്തെ വെറുമൊരു മറയായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്രംപിന്റെ പുതിയ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
