തൃശൂർ: ബിഷ്ണോയ് ഗാങ് അംഗമെന്ന് സംശയിക്കുന്നയാൾ പാലക്കാട് പിടിയിൽ. തമിഴ്നാട് സ്വദേശിയായ ഗുരുമൂർത്തിയെയാണ് (27) തൃശൂർ സിറ്റി പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. മുംബൈയിലെ സിനിമാ താരങ്ങളുടെ ചിത്രമെടുത്ത് ഇയാൾ ബിഷ്ണോയ് ഗാങ് അംഗങ്ങൾക്ക് അയച്ചു കൊടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ടെലിഗ്രാമിലൂടെ ഇയാൾ നിരന്തരമായി ബിഷ്ണോയ് ഗാങ്ങുമായി ബന്ധം പുലർത്തിയിരുന്നു. എന്നാൽ നേരിട്ട് എന്തെങ്കിലും അക്രമത്തിൽ പങ്കാളിയായതായി വിവരം ലഭിച്ചിട്ടില്ല.
മഹാരാഷ്ട്രയിലെ ഭാരത് ഖാണ്ഡിവെല്ലി വെസ്റ്റിലാണ് ഇയാൾ താമസിച്ചിരുന്നത്. പിന്നീട് പാലക്കാട് വിവിധയിടങ്ങളിലായി ജോലി ചെയ്തു. ബിഷ്ണോയ് ഗാങ്ങിൽ ഉൾപ്പെടുന്ന ഒരാൾ കേരളത്തിൽ ഒളിച്ചു പാർക്കുന്നുവെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗുരുമൂർത്തി മുംബൈയിൽ ഫോട്ടോഗ്രാഫർ ആയി ജോലി ചെയ്തു വരുകയായിരുന്നു.
താരങ്ങൾ യാത്ര ചെയ്യുന്നതിന്‍റെയും മറ്റും ചിത്രങ്ങൾ നൽകുന്നതിനു പകരമായി ഇയാൾക്ക് പണവും ലഭിച്ചിരുന്നു. ഗുരുമൂർത്തിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത്. ഇയാളെ ഉഡുമൽപേട്ടിൽ എത്തിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ നീക്കം. ഇയാളുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടും പരിശോധിക്കും. ഗൂഢാലോചന, ഭീകരപ്രവർത്തനങ്ങൾക്ക് സഹായം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കു മേൽ ചുമത്തിയിരിക്കുന്നത്.