തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 58കാരന്റെ മരണവിവരം കുടുംബം അറിഞ്ഞത് മരണശേഷം. കഴക്കൂട്ടം പള്ളിനട സ്വദേശി ജോൺസന്റെ മരണത്തിലാണ് ആശുപത്രി അധികൃതർക്കെതിരെ കുടുംബം ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ഒക്ടോബർ 17നാണ് ജോൺസൺ അപകടത്തിൽപ്പെട്ടത്. കോട്ടയത്തേക്കു പോകാനായി കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോകുന്നതിനിടെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപം അതിവേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോൺസനെ നാട്ടുകാർ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.
ജോൺസന്റെ കൈവശം ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ഭാര്യയുടെയും മകന്റെയും ഫോൺ നമ്പറുകൾ എന്നിവ ഉണ്ടായിരുന്നിട്ടും ബന്ധുക്കളെ വിവരം അറിയിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ 12 ദിവസത്തോളം കുടുംബം വിവരമറിയാതെ കഴിയേണ്ടിവന്നു.
അതേസമയം, ജോൺസനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോത്തൻകോട് പൊലീസിൽ പരാതി നൽകിയിരുന്നു. ഒക്ടോബർ 27നാണ് ജോൺസൺ മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയശേഷം ജീവനക്കാർ രേഖകൾ പരിശോധിച്ചപ്പോഴാണ് വിലാസവും ഫോൺ നമ്പറുകളും കണ്ടെത്തിയത്. തുടർന്ന് ശ്രീകാര്യം പൊലീസിലൂടെയാണ് ബന്ധുക്കളെ വിവരമറിയിച്ചത്.
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് സംഭവത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
അതേസമയം, ജോൺസൺ മരിച്ചതിന് ശേഷമാണ് വിവരം ലഭിച്ചതെന്നാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സംബന്ധിച്ച ആരോപണങ്ങൾ പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്.