ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പിറക്കുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്രിസ്മസ് റിലീസായി 2026 ഡിസംബർ 24-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ റിലീസ് തീയതി വ്യക്തമാക്കുന്ന പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
സബ് ഇൻസ്പെക്ടർ ടി.എസ്. ലൗലജൻ എന്ന സാധാരണക്കാരനായ പോലീസുകാരന്റെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. യൂണിഫോമിൽ ഒരു കയ്യിൽ ബാഗും മറുകയ്യിൽ ഹെൽമറ്റുമായി ഡ്യൂട്ടിക്ക് എത്തുന്ന ലൗലജന്റെ ലുക്കാണ് പുതിയ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലൗലജന്റെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും അരങ്ങേറുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങളെ കോർത്തിണക്കിയ ഒരു പോലീസ് പ്രൊസീജിയറൽ ഡ്രാമയായാണ് തരുൺ മൂർത്തി ചിത്രം ഒരുക്കിയിരിക്കുന്നത്.
സൂപ്പർഹിറ്റ് ചിത്രമായ ‘തുടരും’ സിനിമയ്ക്ക് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരിടവേളയ്ക്ക് ശേഷം മീരാ ജാസ്മിൻ മോഹൻലാലിന്റെ നായികയായി എത്തുന്നു. ലാലു അലക്സ്, മുകേഷ്, ജഗദീഷ്, മനോജ് കെ. ജയൻ, ഇർഷാദ് അലി, പ്രമോദ് വെളിയനാട് തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ‘ഇഷ്‌ക്’, ‘ആലപ്പുഴ ജിംഖാന’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അവസാനമായി ക്യാമറ ചലിപ്പിച്ച ചിത്രം കൂടിയാണ് ‘അതിമനോഹരം’. ജേക്സ് ബിജോയ് സംഗീതവും ഷഫീഖ് വി.ബി എഡിറ്റിംഗും നിർവ്വഹിക്കുന്നു. സെൻട്രൽ പിക്‌ചേഴ്‌സ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.